ടോക്കിയോ: ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യക്ക് നിരാശ. ജാവലിൻ ത്രോ ഫൈനലിൽ ഇന്ത്യൻ താരം നീരജ് ചോപ്ര പുറത്ത്. അഞ്ചാം ശ്രമവും പരാജയപ്പെട്ട താരം എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ ശ്രമത്തിൽ 84.03 മീറ്ററും രണ്ടാം ശ്രമത്തിൽ 83.65 മീറ്ററും എറിഞ്ഞ നീരജിന്റെ മൂന്നാം ശ്രമം ഫൗളായിരുന്നു. നാലാം അവസരത്തിൽ 82.86 മീറ്റർ ദൂരം മാത്രമാണ് നീരജിന് സ്വന്തമാക്കാൻ കഴിഞ്ഞത്. പാക്കിസ്ഥാൻ താരം അർഷാദ് നദീമും പുറത്തായി. 2024 പാരിസ് ഒളിമ്പിക്സിൽ സ്വർണം നേടിയ അർഷദ് നദീം പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഇന്ത്യയുടെ മറ്റൊരു താരം സച്ചിൻ യാദവ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. താരത്തിന് മികച്ച സമയം കണ്ടെത്തിയെങ്കിലും മെഡൽ നേടാനായില്ല. ആദ്യ ശ്രമത്തിൽ 86.27 മീറ്റർ ദൂരം ജാവലിൻ പായിച്ച സച്ചിൻ നിലവിൽ നാലാം സ്ഥാനത്താണ്. രണ്ടാം ശ്രമം ഫൗളായിരുന്നെങ്കിലും, മൂന്നാം ശ്രമത്തിൽ 85.71 മീറ്ററും നാലാം ശ്രമത്തിൽ 84.90 മീറ്ററും സച്ചിൻ നേടി. യോഗ്യതാ റൗണ്ടിലെ മികച്ച പത്താമത്തെ ദൂരമായ 83.67 മീറ്റർ നേടിയാണ് സച്ചിൻ ഫൈനലിലെത്തിയത്.

ട്രിനിഡാഡ് ടുബാഗോ താരം കെഷോൺ വാൽകോട്ട് ആദ്യ ശ്രമത്തിൽ 87.83 മീറ്റർ ദൂരം നേടി ഒന്നാം സ്ഥാനത്ത് തുടരുന്നു. 87.38 മീറ്റർ എറിഞ്ഞ് ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് രണ്ടാം സ്ഥാനത്തും, ജർമനിയുടെ ജൂലിയൻ വെബർ 87.21 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ആദ്യ ശ്രമം പിന്നിട്ടപ്പോൾ നീരജ് മൂന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും പിന്നീട് താഴേക്ക് പോകുകയായിരുന്നു.

പാക്കിസ്ഥാൻ താരം അർഷദ് നദീം 82.73 മീറ്റർ ദൂരം എറിഞ്ഞ് പത്താം സ്ഥാനത്താണ്. അദ്ദേഹത്തിന്റെ മൂന്നാം ശ്രമവും ഫൗളായിരുന്നു. ഇന്നലെ നടന്ന യോഗ്യതാ മത്സരത്തിൽ, നിലവിലെ ചാമ്പ്യനായ നീരജ് ചോപ്ര ഒരൊറ്റ ത്രോയിൽ 84.85 മീറ്റർ എറിഞ്ഞ് ഫൈനലിലേക്ക് മുന്നേറിയിരുന്നു. 37 പേർ പങ്കെടുത്ത യോഗ്യതാ റൗണ്ടിൽ ആറാമത്തെ മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലിലെത്തിയത്. ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള ദൂരം 84.50 മീറ്ററായിരുന്നു.