ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ നിർണ്ണായക മത്സരത്തിൽ ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ആഴ്സണൽ. ചാമ്പ്യൻസ് ലീഗ് സീസണിലെ ആഴ്സണലിന്റെ അഞ്ചാം വിജയമാണിത്. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് ആതിഥേയർ നടത്തിയത്. ഈ വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ആഴ്സണലിന് സാധിച്ചു.

ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും രണ്ടാം പകുതിയിൽ ആഴ്സണലിന്റെ മികച്ച പ്രകടനമാണ് വിജയം എളുപ്പമാക്കിയത്. പരിക്ക് മാറി തിരിച്ചെത്തിയ നൊണി മഡുവേക്കെ, ഗബ്രിയേൽ മാർട്ടിനെല്ലി എന്നീ പകരക്കാരുടെ ഗോളുകളാണ് ആഴ്സനലിന്റെ വിജയം സമ്പൂർണ്ണമാക്കിയത്. ആഴ്സണൽ പ്രതിരോധനിര താരം ജൂറിയൻ ടിംബറാണ് മത്സരത്തിൽ ആദ്യ ഗോൾ നേടിയത്. കളി തുടങ്ങി 22-ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽ നിന്നായിരുന്നു ഗോൾ. ബുക്കയോ സാക്ക എടുത്ത കോർണർ കിക്ക് ബയേൺ ഗോൾകീപ്പർ മാനുവൽ നോയറെ മറികടന്ന് ടിംബർ വലയിലെത്തിക്കുകയായിരുന്നു.

എന്നാൽ, ആഴ്സണലിന്റെ ആഹ്ലാദം അധികസമയം നീണ്ടുനിന്നില്ല. 17-കാരനായ ബയേൺ യുവതാരം ലെനാർട്ട് കാൾ മികച്ചൊരു ഫിനിഷിംഗിലൂടെ ബയേണിനായി സമനില ഗോൾ നേടി. ഇതോടെ, ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ആഴ്സണൽ വഴങ്ങുന്ന ആദ്യ ഗോൾ എന്ന പ്രത്യേകതയും ഈ ഗോളിനുണ്ടായി. ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തിയ മുൻ ടോട്ടൻഹാം താരം ഹാരി കെയ്‌ന് ആഴ്സണൽ പ്രതിരോധത്തെ കീറിമുറിക്കാൻ സാധിക്കാതെ പോയത് ബയേണിന് തിരിച്ചടിയായി. ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ആഴ്സണൽ ആക്രമണത്തിന്റെ മൂർച്ച കൂട്ടി. കോച്ച് മൈക്കൽ ആർട്ടെറ്റയുടെ തന്ത്രപരമായ നീക്കങ്ങൾ ഫലം കണ്ടു. രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ താരങ്ങൾ ടീമിന്റെ വിജയം ഉറപ്പിച്ചു. 69-ാം മിനിറ്റിൽ റിക്കാർഡോ കലാഫിയോറിയുടെ ക്രോസിൽ നിന്ന് നൊണി മഡുവേക്കെ ആഴ്സണലിനായി ലീഡ് തിരിച്ചുപിടിച്ചു. പരിക്ക് കാരണം രണ്ട് മാസത്തോളം പുറത്തായിരുന്ന മഡുവേക്കെ ആഴ്സണൽ ജേഴ്സിയിൽ നേടുന്ന ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.

തൊട്ടുപിന്നാലെ, 77-ാം മിനിറ്റിൽ ആഴ്സണൽ തങ്ങളുടെ മൂന്നാം ഗോൾ നേടി. ബയേൺ ഗോൾകീപ്പർ മാനുവൽ നോയർക്ക് സംഭവിച്ച പിഴവാണ് ഗോളിൽ കലാശിച്ചത്. ഗോളി നോയർ പന്ത് ക്ലിയർ ചെയ്യുന്നതിൽ വരുത്തിയ വലിയ പിഴവ് മുതലെടുത്ത ഗബ്രിയേൽ മാർട്ടിനെല്ലി അനായാസം പന്ത് വലയിലെത്തിച്ചു. ഈ ഗോളോടെ ആഴ്സണലിന്റെ വിജയം പൂർണ്ണമായി.

പോയിന്റ് പട്ടികയിൽ ആറ് പോയിന്റ് വ്യത്യാസത്തിൽ പ്രീമിയർ ലീഗിലും ബുണ്ടസ്‌ലീഗയിലും ഒന്നാമതുള്ള രണ്ട് ടീമുകൾ തമ്മിലുള്ള ഈ മത്സരം ഇരു ക്ലബ്ബുകൾക്കും പ്രധാനമായിരുന്നു. ഈ വിജയം ആഴ്സണലിന് ഒരു വലിയ മാനസികമായ ഊർജ്ജമാണ് നൽകിയിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിലെ ഈ മികച്ച ഫോം പ്രീമിയർ ലീഗിലെ വരാനിരിക്കുന്ന നിർണ്ണായക മത്സരങ്ങളിലും ടീമിന് ആത്മവിശ്വാസം നൽകും. ഒരു ദശാബ്ദത്തിന് ശേഷം ബയേൺ മ്യൂണിക്കിനെ ചാമ്പ്യൻസ് ലീഗിൽ തോൽപ്പിക്കാൻ ആഴ്സണലിന് സാധിച്ചു എന്നതും ശ്രദ്ധേയമാണ്.

സ്‌കോർ: ആഴ്സണൽ: 3 (ടിംബർ 22', മഡുവേക്കെ 69', മാർട്ടിനെല്ലി 77') ബയേൺ മ്യൂണിക്ക്: 1 (കാൾ 32')