ആറ്റിക്ക: യുവേഫ ചാമ്പ്യൻസ് ലീഗിലെ ആവേശപ്പോരിൽ ഒളിമ്പിയാക്കോസിനെ തകർത്ത് റയൽ മാഡ്രിഡ്. ഒളിമ്പിയാക്കോസിന്റെ തട്ടകമായ ജോർജിയോസ് കാരൈസ്‌കാക്കിസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 4-3 എന്ന സ്കോറിനാണ് റയൽ മാഡ്രിഡ് ആതിഥേയരെ മറികടന്നത്. ഈ വിജയം റയലിന് ഏറെ ആശ്വാസം നൽകുന്നതായി. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ റയലിനായി നാല് ഗോളുകൽ നേടി.

മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ ചിക്വിഞ്ഞോയിലൂടെ ഒളിമ്പിയാക്കോസാണ് ആദ്യം വലകുലുക്കിയത്. മനോഹരമായ ഒരു നീക്കത്തിനൊടുവിൽ ചിക്വിഞ്ഞോയുടെ ലോംഗ് റേഞ്ച് ഷോട്ട് റയൽ ഗോൾകീപ്പർ ആന്ദ്രി ലുനിനെ മറികടന്ന് വലയിൽ കയറി. എന്നാൽ ഈ ലീഡിന് അധികം ആയുസ്സുണ്ടായിരുന്നില്ല. 22-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് ഒളിമ്പിയാക്കോസ് ഗോൾകീപ്പർ കോൺസ്റ്റാന്റിനോസ് സോലാക്കിസിനെ മറികടന്ന് എംബാപ്പെ റയലിന് സമനില നേടിക്കൊടുത്തു.

24-ാം മിനിറ്റിൽ ആർദ ഗുലർ വലതുവിങ്ങിൽ നിന്നും നൽകിയ അളന്നുകുറിച്ച ക്രോസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് എംബാപ്പെ റയലിന് ലീഡ് നൽകി. പിന്നീട് കേവലം അഞ്ച് മിനിറ്റിനുള്ളിൽ താരം ഹാട്രിക്ക് പൂർത്തിയാക്കി. 29-ാം മിനിറ്റിൽ എഡ്വാർഡോ കാമവിംഗയുടെ പാസ് സ്വീകരിച്ച്, ലഭിച്ച അവസരം ക്ലിനിക്കൽ ഫിനിഷിലൂടെ വലയിലെത്തിച്ച താരം ചാമ്പ്യൻസ് ലീഗിലെ തന്റെ രണ്ടാമത്തെ അതിവേഗ ഹാട്രിക്ക് പൂർത്തിയാക്കി. 6 മിനിറ്റും 42 സെക്കൻഡും മാത്രം എടുത്താണ് എംബാപ്പെ ഈ നേട്ടം കൈവരിച്ചത്.

ആദ്യ പകുതി 3-1ന് റയലിന് അനുകൂലമായി അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ, 52-ാം മിനിറ്റിൽ മെഹ്ദി താരെമിയിലൂടെ ഒളിമ്പിയാക്കോസ് ഒരു ഗോൾ തിരിച്ചടിച്ചു. ഇതോടെ മത്സരം 3-2 എന്ന സ്കോറിലേക്ക് ചുരുങ്ങി, ഗ്രീക്ക് ടീം തിരിച്ചുവരുന്നതിന്റെ സൂചന നൽകി. എന്നാൽ, ഒളിമ്പിയാക്കോസിന്റെ ആവേശത്തിന് വീണ്ടും തടയിട്ടത് കിലിയൻ എംബാപ്പെ തന്നെയായിരുന്നു. മത്സരത്തിന്റെ 60-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ നൽകിയ മനോഹരമായ കട്ട്ബാക്ക് മുതലെടുത്ത് എംബാപ്പെ തന്റെ നാലാമത്തെ ഗോളും നേടി ലീഡ് വീണ്ടും രണ്ടായി ഉയർത്തി. സ്കോർ 4-2.

81-ാം മിനിറ്റിൽ അയൂബ് എൽ കാബി ഒരു ഹെഡ്ഡറിലൂടെ ഒളിമ്പിയാക്കോസിനായി വീണ്ടും ഗോൾ നേടിയതോടെ മത്സരം അവസാന നിമിഷങ്ങളിൽ കൂടുതൽ ആവേശത്തിലായി. സമനില നേടാൻ ആതിഥേയർ തീവ്രമായി ശ്രമിച്ചെങ്കിലും ശക്തമായ പ്രതിരോധത്തിലൂടെ റയൽ മാഡ്രിഡ് 4-3ന്റെ വിജയം ഉറപ്പിച്ചു. ഗ്രീക്ക് മണ്ണിൽ റയൽ മാഡ്രിഡിന്റെ ആദ്യ വിജയമാണിത്. റയൽ മാഡ്രിഡിനായി ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നാല് ഗോളുകൾ നേടുന്ന ആദ്യ താരം കൂടിയാണ് കിലിയൻ എംബാപ്പെ. ഈ വിജയത്തോടെ റയൽ മാഡ്രിഡ് ലീഗ് ഘട്ടത്തിലെ പോയിന്റ് നിലയിൽ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.