ലിവർപൂൾ: ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സലാ ക്ലബ്ബ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ബെഞ്ചിലിരുന്ന സലാഹ്, പരിശീലകൻ ആർനെ സ്ലോട്ടിനെതിരെയും ക്ലബ്ബിനെതിരെയും രൂക്ഷ വിമർശനമുയർത്തി. ടീമിന്റെ മോശം പ്രകടനത്തിനിടെ തന്നെ "ബലിയാടാക്കിയെന്നും", "പുറത്താക്കാൻ ശ്രമം നടക്കുന്നതായും" താരം ആരോപിച്ചു. 3-3 സമനിലയിൽ പിരിഞ്ഞ ലീഡ്‌സുമായുള്ള മത്സരത്തിൽ പോലും സ്ലോട്ട് തന്നെ കളത്തിലിറക്കാത്തതാണ് സലാഹിനെ ചൊടിപ്പിച്ചത്.

എല്ലൻ റോഡിലെ മിക്സഡ് സോണിൽ മാധ്യമങ്ങളോട് സംസാരിക്കവെ സലാഹ് തന്റെ നിരാശ തുറന്നുപറഞ്ഞു. "ഞാൻ വളരെയധികം നിരാശനാണ്. വർഷങ്ങളായി ഈ ക്ലബ്ബിനായി, പ്രത്യേകിച്ച് കഴിഞ്ഞ സീസണിൽ, ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഞാൻ ബെഞ്ചിലിരിക്കുകയാണ്, എന്തിനാണെന്ന് എനിക്കറിയില്ല. ക്ലബ്ബ് എന്നെ ബലിയാടാക്കിയ പോലെയാണ് തോന്നുന്നത്," സലാഹ് പറഞ്ഞു. "എല്ലാ കുറ്റവും എന്റെ തലയിൽ വെച്ചുകെട്ടാൻ ആരോ ആഗ്രഹിക്കുന്നതായി തോന്നുന്നു."

"സമ്മറിൽ എനിക്ക് ഒരുപാട് വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു, എന്നാൽ ഇപ്പോൾ മൂന്ന് കളികളിൽ ഞാൻ ബെഞ്ചിലാണ്, അതിനാൽ അവർ വാഗ്ദാനങ്ങൾ പാലിച്ചുവെന്ന് എനിക്ക് പറയാൻ കഴിയില്ല. പരിശീലകനുമായി എനിക്ക് നല്ല ബന്ധമുണ്ടായിരുന്നുവെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്, എന്നാൽ പെട്ടെന്ന് ഞങ്ങൾക്ക് ഒരു ബന്ധവുമില്ലാതായി. എന്തിനാണെന്ന് എനിക്കറിയില്ല, പക്ഷെ എന്നെ ക്ലബ്ബിൽ ആർക്കും ആവശ്യമില്ലെന്ന് എനിക്ക് തോന്നുന്നു." താൻ ക്ലബ്ബിനെ എല്ലായ്പ്പോഴും പിന്തുണയ്ക്കുമെന്നും തന്റെ കുട്ടികളും അങ്ങനെ ചെയ്യുമെന്നും ക്ലബ്ബിനെ താൻ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും സലാഹ് കൂട്ടിച്ചേർത്തു.

ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ മാത്രമാണ് സലാഹിന് നേടാനായത്. വെസ്റ്റ് ഹാമിനെതിരെ കഴിഞ്ഞ വാരാന്ത്യത്തിൽ നേടിയ 2-0 വിജയത്തിൽ വരെ താരം ആദ്യ മിനിറ്റുകൾ മുതൽ കളിച്ചിരുന്നു. അടുത്ത വാരാന്ത്യത്തിൽ നടക്കുന്ന ബ്രൈറ്റണിനെതിരായ ഹോം മത്സരത്തിനുശേഷം ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിനായി സലാഹ് ടീമിനൊപ്പം ചേരും. ബ്രൈറ്റൺ മത്സരം ലിവർപൂൾ ജേഴ്സിയിലെ തന്റെ അവസാന മത്സരമായേക്കാമെന്നും സലാഹ് സൂചിപ്പിച്ചു. "ഇന്നലെ ഞാൻ എന്റെ മാതാപിതാക്കളെ വിളിച്ചു, ബ്രൈറ്റൺ മത്സരത്തിന് വരാൻ പറഞ്ഞു. ഞാൻ കളിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് മത്സരം ആസ്വദിക്കണം," താരം പറഞ്ഞു.