മുംബൈ: ടാറ്റാ ഐ.പി.എല്‍ 2026-ന്റെ ആവേശം രാജ്യത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബി.സി.സി.ഐ ഫാന്‍ പാര്‍ക്കുകളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 30 നഗരങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ ഫാന്‍ പാര്‍ക്കുകള്‍ ഒരുങ്ങുന്നത്. കേരളത്തില്‍ നിന്നുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായി ഇത്തവണ കോട്ടയം ജില്ലയിലെ പുതുപ്പള്ളിയും പട്ടികയില്‍ ഇടംപിടിച്ചു. ഏപ്രില്‍ 18, 19 തീയതികളില്‍ പുതുപ്പള്ളിയിലെ ആരാധകര്‍ക്ക് സ്റ്റേഡിയത്തിന് സമാനമായ അന്തരീക്ഷത്തില്‍ മത്സരങ്ങള്‍ തത്സമയം ആസ്വദിക്കാന്‍ ബി.സി.സി.ഐ അവസരമൊരുക്കും.

പുതുപ്പള്ളിയെക്കൂടാതെ ആന്ധ്രാപ്രദേശിലെ മംഗളഗിരി, ഹിമാചല്‍ പ്രദേശിലെ ചമ്പ, മാണ്ഡി, അസമിലെ ഗോലാഘട്ട്, സില്‍ച്ചാര്‍, മണിപ്പൂരിലെ ഇംഫാല്‍ എന്നീ നഗരങ്ങളും ഇതാദ്യമായാണ് ഫാന്‍ പാര്‍ക്കുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. സ്റ്റേഡിയത്തിനുള്ളിലെ അതേ ആവേശം ആരാധകരിലേക്ക് നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.സി.സി.ഐ വിപുലമായ പദ്ധതി നടപ്പിലാക്കുന്നത്. ഏപ്രില്‍ 18 മുതല്‍ മെയ് 24 വരെ നീണ്ടുനില്‍ക്കുന്ന കായിക വിരുന്നിന്റെ ഭാഗമായാണ് വേദികള്‍ സജ്ജീകരിക്കുന്നത്.

കൂറ്റന്‍ സ്‌ക്രീനുകളിലെ തത്സമയ സംപ്രേക്ഷണത്തിന് പുറമെ സംഗീതം, വിനോദ പരിപാടികള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണശാലകള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക പ്ലേ സോണുകള്‍ എന്നിവയും ഫാന്‍ പാര്‍ക്കുകളില്‍ സജ്ജീകരിക്കും. കൂടാതെ വിര്‍ച്വല്‍ ബാറ്റിംഗ് സോണുകള്‍, ബൗളിംഗ് നെറ്റുകള്‍, ഗെയിം ഷോകള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങള്‍ ഓരോ വേദികളിലും ആരാധകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.