കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) അനിശ്ചിതത്വത്തിലായതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രമുഖ താരമായ നോഹ സദോയി ക്ലബ്ബ് വിട്ടു. ലോൺ അടിസ്ഥാനത്തിലാണ് നോഹ ഒരു ഇൻഡൊനീഷ്യൻ ക്ലബ്ബിലേക്ക് മാറുന്നത്. നായകനും ടീമിലെ പ്രധാന കളിക്കാരനുമായിരുന്ന അഡ്രിയാൻ ലൂണയും, പുതുതായി ക്ലബ്ബിലെത്തിച്ച തിയാഗോ ആൽവസും ബ്ലാസ്റ്റേഴ്സ് വിട്ടതിന് പിന്നാലെയാണ് നോഹയുടെ ഈ മാറ്റം.

നോഹ സദോയിയും കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാർ 2026 മേയ് 31 വരെയാണെങ്കിലും, പരസ്പര ധാരണയോടെയാണ് ലോൺ കരാറിൽ ഏർപ്പെട്ടത്. വരുന്ന സീസണിൽ താരം ഇൻഡൊനീഷ്യൻ ക്ലബ്ബിനായി കളിക്കും. നോഹ ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരികെയെത്തുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. നേരത്തേ, ബ്ലാസ്റ്റേഴ്സ് തിയാഗോ ആൽവസുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് അഡ്രിയാൻ ലൂണ ക്ലബ്ബ് വിട്ടത്.

ഐഎസ്എല്ലിലെ ഈ അനിശ്ചിതാവസ്ഥ വിവിധ ക്ലബ്ബുകളിൽ നിന്ന് പ്രമുഖ താരങ്ങളെയും പരിശീലകരെയും കൊഴിഞ്ഞുപോകാൻ പ്രേരിപ്പിക്കുന്നുണ്ട്. എഫ്സി ഗോവയുടെ സ്പാനിഷ് താരങ്ങളായ ബോറിയ ഹെരേര, ഹാവിയർ സിവേറിയോ എന്നിവരും ജംഷേദ്പുർ എഫ്സിയുടെ സ്പാനിഷ് താരം ഹാവിയർ ഹെർണാണ്ടസും ഇതിനകം ക്ലബ് വിട്ടു. ബെംഗളൂരു എഫ്സിയുടെ സ്പാനിഷ് മുന്നേറ്റനിരക്കാരൻ എഡ്ഗാർ മെൻഡസും ടീം വിട്ടവരിൽ ഉൾപ്പെടുന്നു. ബെംഗളൂരു എഫ്സി പരിശീലകൻ ജെറാർഡ് സരഗോസയും കരാർ അവസാനിപ്പിച്ച് മടങ്ങിയിരുന്നു.