- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്‍ നദിയുടെ ഓളപ്പരപ്പിലൂടെ താരങ്ങളെത്തി; പാരീസ് ഒളിമ്പിക്സിന് തുടക്കം; ആവേശമായി ലേഡി ഗാഗയുടെ സംഗീത പ്രകടനം; നാളെ ഇന്ത്യക്ക് 8 ഇനങ്ങളില്‍ മത്സരം
പാരീസ്: സെന്‍ നദിയുടെ ഓളപ്പരപ്പിലൂടെ നൂറോളം ബോട്ടുകളിലായി 10,500 കായിക താരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റോടെ പാരീസ് ഒളിമ്പിക്സിന്റെ 33 ാം പതിപ്പിന് ഔദ്യോഗിക തുടക്കം. ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ചയൊരുക്കിയാണ് ഒളിംപിക് ദീപശിഖയെ സെന്‍ നദിയില്‍ സ്വീകരിച്ചത്. ഗ്രീസ് സംഘത്തിന്റെ ബോട്ടായിരുന്നു ആദ്യമെത്തിയത്. തൊട്ടുപിന്നാലെ അഭയാര്‍ഥികളുടെ സംഘമെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നൂറിലേറെ പ്രതിനിധികള്‍ ചടങ്ങില്‍ അണിനിരന്നു.
ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് മാറ്റേകി അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ സംഗീത പ്രകടനവും നടന്നു. വിവിധ രാജ്യങ്ങളുടെ സംഘങ്ങള്‍ സെന്‍ നദിയിലൂടെ പ്രവേശിക്കുന്നതിനിടെയായിരുന്നു ലേഡി ഗാഗ പ്രത്യേകം തയാറാക്കിയ സെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. സെന്‍ നദിയുടെ തീരത്ത് നര്‍ത്തകര്‍ക്കൊപ്പമായിരുന്നു ലേഡി ഗാഗയുടെ പ്രകടനം. ഉദ്ഘാടനച്ചടങ്ങിനെ സംഗീത സാന്ദ്രമാക്കി 80 ഓളം വരുന്ന കലാകാരന്‍മാര്‍ ഫ്രാന്‍സിലെ പ്രശസ്തമായ ദ് കാന്‍ കാന്‍ കബരെറ്റ് സംഗീതം അവതരിപ്പിച്ചു.
ആതന്‍സില്‍ ഏപ്രില്‍ 16-ന് കൊളുത്തിയ ദീപം ഗെയിംസ് വേദിയില്‍ കൊളുത്തുന്നതോടെ ഒളിമ്പിക്സിന് ഔദ്യോഗിക തുടക്കമായത്. 33 വര്‍ഷത്തെ ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ തന്നെ സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടനം നടക്കുന്ന ആദ്യത്തെ പതിപ്പിനാണ് ഇത്തവണ പാരീസ് സാക്ഷ്യം വഹിക്കുന്നത്.
ഈഫല്‍ ടവറിനു മുന്നില്‍, സെന്‍ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാര്‍ഡന്‍ വരെയായിരുന്നു മാര്‍ച്ച് പാസ്റ്റ്. പിന്നാലെയായിരുന്നു മൂന്നുമണിക്കൂറോളം നീളുന്ന ഉദ്ഘാടനച്ചടങ്ങിന് തുടക്കമായത്. പാരീസിന്റെയും ഫ്രാന്‍സിന്റെയും കലാ-സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന കലാപരിപാടികളാണ് ചടങ്ങിന്റെ ഉള്ളടക്കം.
ടേബിള്‍ ടെന്നിസ് താരം എ.ശരത് കമലും ബാഡ്മിന്റന്‍ താരം പി.വി.സിന്ധുവുമാണ് മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തുന്നത്.കഴിഞ്ഞ തവണ നിര്‍ത്തിയിടത്ത് നിന്നു തുടങ്ങാനുറച്ച് തന്നെയാണ് ഇന്ത്യ ഇത്തവണ ലോക കായികമാമാങ്കത്തിനായി പാരീസിലേക്ക് എത്തുന്നത്.70 പുരുഷ അത്‌ലീറ്റുകളും 47 വനിതകളും ഉള്‍പ്പെടുന്ന 117 അംഗ സംഘമാണു പാരിസില്‍ ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. അത്‌ലറ്റിക്സിനെത്തുന്ന 29 പേരടങ്ങുന്ന സംഘമാണ് ഇന്ത്യയുടെ ഏറ്റവും വലിയ സംഘം.ഷൂട്ടിങ്ങും (21) ഹോക്കിയും (19) തൊട്ടുപിന്നിലുണ്ട്. ഇന്ത്യന്‍ സംഘത്തിലാകെ 7 മലയാളികളാണുളളത്.
ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു. ഓരോ അത്ലീറ്റും ഇന്ത്യയുടെ അഭിമാനമാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.12 കായിക ഇനങ്ങളിലെ താരങ്ങളാണ് ഇന്ത്യയ്ക്കായി മാര്‍ച്ച് പാസ്റ്റിലടക്കം അണിനിരന്നത്.ആകെ 117 താരങ്ങളാണ് ഇന്ത്യയ്ക്കായി പാരിസ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. നാളെ മത്സരങ്ങളുള്ള താരങ്ങളാണ് ഇന്നത്തെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കുന്നത്.
നാളെ എട്ട് ഇനങ്ങളിലാണ് ഇന്ത്യന്‍ സംഘം മത്സരിക്കാനിറങ്ങുന്നത്. ടെന്നിസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളായ രോഹന്‍ ബൊപ്പണ, എന്‍ ശ്രീറാം ബാലാജി സഖ്യം നാളെ ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. ഉച്ചയ്ക്ക് 3.30നാണ് മത്സരം തുടങ്ങുക. രാത്രി ഒമ്പത് മണിക്ക് ഇന്ത്യന്‍ ഹോക്കി ടീം ന്യൂസിലന്‍ഡിനെ നേരിടും. കഴിഞ്ഞ ഒളിംപിക്‌സിലെ വെങ്കലമെഡല്‍ സുവര്‍ണ നേട്ടത്തിലെത്തിക്കുകയാണ് പാരിസില്‍ ഹോക്കി സംഘത്തിന്റെ ലക്ഷ്യം.
ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ നാളെ ആദ്യ മത്സരത്തിനിറങ്ങും. ഡബിള്‍സിലെ മെഡല്‍പ്രതീക്ഷയായ സ്വാതിക്‌സായിരാജ് റങ്കിറെഡി-ചിരാഗ് ഷെട്ടി സഖ്യമാണ് കളത്തിലിറങ്ങുന്നത്. വനിതകളുടെ ഷൂട്ടിങ്ങില്‍ മെഡല്‍ പ്രതീക്ഷയായ മനു ഭകാറും നാളെ മത്സരത്തിനിറങ്ങുന്നുണ്ട്.
ഒളിമ്പിക്സിന്റെ ഭാഗമായി പാരിസ് നഗരത്തിലെ സുരക്ഷാ സന്നാഹങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 45,000 പൊലീസ് ഉദ്യോഗസ്ഥരും ആയിരക്കണക്കിന് സൈനിക ഉദ്യോഗസ്ഥരുമാണ് ഒളിംപിക്സിനു സുരക്ഷയൊരുക്കുന്നത്.ഒരു നൂറ്റാണ്ടിനു ശേഷമാണ് ഒളിംപിക്സിന് പാരിസ് നഗരം ആതിഥേയത്വം വഹിക്കുന്നത്.ഇതിന്റെ ആവേശത്തിലാണു നഗരം മുഴുവന്‍. ഇതിന് മുന്‍പ് 1900ലും 1924ലും പാരിസ് നഗരം ഒളിംപിക്സിനു വേദിയൊരുക്കി.സുരക്ഷയുടെ പേരിലുള്ള നിയന്ത്രണങ്ങള്‍ നഗരവാസികളെ ബുദ്ധിമുട്ടുക്കുന്നുണ്ടെങ്കിലും ഒളിംപിക്സ് എന്ന വികാരത്തെ ആവേശത്തോടെ വരവേല്‍ക്കാനുറച്ചു തന്നെയാണ് ഒരുക്കം.