കൊളംബിയ: ദക്ഷിണ അമേരിക്കയിൽ നടന്ന ഒരു പ്രാദേശിക ഫുട്ബോൾ മത്സരത്തിനിടെ വനിതാ റഫറിയുടെ മുഖത്തടിച്ച് കളിക്കാരൻ. കൊളംബിയൻ ടീമുകളായ റയൽ അലിയാൻസ കാറ്റക്വറയും ഡിപോർട്ടീവോ ക്വിക്കും തമ്മിലുള്ള മത്സരത്തിനിടെയാണ് നാടകീയ സംഭവം അരങ്ങേറിയത്. റെഡ് കാർഡ് ലഭിച്ചതിലുള്ള ദേഷ്യമാണ് കളിക്കാരനെ പ്രകോപിപ്പിച്ചത്.

മത്സരത്തിന്റെ 66-ാം മിനിറ്റിലാണ് സംഭവം നടന്നത്. റയൽ അലിയാൻസ കാറ്റക്വറയുടെ കളിക്കാരനായ ജാവിയർ ബൊളിവക്ക് റഫറി വനേസ സെബാലോസ് ചുവപ്പ് കാർഡ് കാണിച്ചു. ഇതോടെ രോഷാകുലനായ ബൊളിവ ഗ്രൗണ്ടിലേക്ക് ഇറങ്ങിച്ചെന്ന് റഫറിയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് അവരുടെ മുഖത്തടിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

അടിയേറ്റതിനെത്തുടർന്ന് റഫറി വനേസ സെബാലോസും പ്രതികരിക്കുന്നതും ബൊളിവയെ ആക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. കളിക്കാരന്റെ ഈ പ്രവൃത്തിക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ഇത് ലോകമെമ്പാടുമുള്ള സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പലരും അഭിപ്രായപ്പെട്ടു.

സംഭവത്തിൽ കളിക്കാരൻ ജാവിയർ ബൊളിവ് പിന്നീട് മാപ്പ് പറഞ്ഞു. റഫറിയെ മനഃപൂർവം അടിക്കാൻ ശ്രമിച്ചില്ലെന്നും, കാർഡ് ലഭിച്ച ദേഷ്യത്തിൽ റഫറിയുടെ കയ്യിൽ നിന്ന് വിസിൽ വലിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വിശദീകരിച്ചു. എന്നാൽ തന്റെ പ്രവർത്തി അനുചിതവും അനാദരവുമാണെന്നും അദ്ദേഹം സമ്മതിച്ചു.