- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖാലിദ് ജമീലിന് തിരിച്ചടി; ക്ലബ്ബുകൾ കളിക്കാരെ വിട്ടു നൽകാൻ വൈകുന്നു; സുനിൽ ഛേത്രി ഉൾപ്പെടെ പതിനാല് കളിക്കാർ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ക്യാമ്പിലെത്താൻ വൈകും
ബെംഗളൂരു: ബെംഗളൂരു എഫ്‌സി ക്യാപ്റ്റൻ സുനിൽ ഛേത്രി ഉൾപ്പെടെ പതിനാല് കളിക്കാർ അടുത്ത മാസം സിംഗപ്പൂരിനെതിരായ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പ് ക്യാമ്പിലെത്തില്ല. ബെംഗളൂരു എഫ്‌സി, ഈസ്റ്റ് ബംഗാൾ, പഞ്ചാബ് എഫ്‌സി ക്ലബ്ബുകളിൽ നിന്നുള്ള കളിക്കാരെയാണ് ടീം മാനേജ്‌മെന്റിന് ഉടൻ വിട്ടുനൽകാൻ വൈകുന്നതാണ് കാരണം. ഇത് പരിശീലകൻ ഖാലിദ് ജമീലിന് മുന്നിൽ വലിയ വെല്ലുവിളിയായിരിക്കുകയാണ്.
ബെംഗളൂരു എഫ്‌സിയിൽ നിന്ന് ഏഴ് താരങ്ങളും, ഈസ്റ്റ് ബംഗാളിൽ നിന്ന് മൂന്ന് താരങ്ങളും, പഞ്ചാബ് എഫ്‌സിയിൽ നിന്ന് നാല് താരങ്ങളുമാണ് ദേശീയ ടീമിന്റെ ക്യാമ്പിലേക്ക് വൈകിയെത്തുന്നത്. ഈ കളിക്കാർ സെപ്തംബർ അവസാനത്തോടെ മാത്രമേ ക്യാമ്പിൽ പ്രവേശിക്കൂ. ഒക്ടോബർ 9-ന് സിംഗപ്പൂരിനെതിരെയാണ് ഇന്ത്യയുടെ ആദ്യ യോഗ്യതാ മത്സരം. ഒക്ടോബർ 14-ന് ഗോവയിൽ വെച്ചാണ് രണ്ടാം മത്സരം. കളിക്കാർ വൈകിയെത്തുന്നതോടെ, പരിശീലനത്തിനായി വെറും ഒരാഴ്ചയോളം മാത്രമേ ലഭിക്കുകയുള്ളു.
ഫിഫയുടെ അന്താരാഷ്ട്ര മത്സരങ്ങളുടെ വിൻഡോ ഒക്ടോബർ 6 മുതൽ 14 വരെയാണെങ്കിലും, കൂടുതൽ പരിശീലന സമയം ലഭിക്കുമെന്നായിരുന്നു പരിശീലകൻ ഖാലിദ് ജമീലിന്റെ പ്രതീക്ഷ. ക്യാമ്പിൽ കുറച്ച് കളിക്കാരെ മാത്രമേ ആദ്യഘട്ടത്തിൽ ലഭിക്കൂ എന്ന് വെള്ളിയാഴ്ച ബെംഗളൂരുവിൽ മാധ്യമങ്ങളെ കണ്ട ജമീൽ തുറന്ന് പറഞ്ഞിരുന്നു. കളിക്കാരുടെ ലഭ്യത അനുസരിച്ച് തയ്യാറെടുപ്പുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) പ്രോബബിൾസ് ലിസ്റ്റിൽ രണ്ട് കളിക്കാരെ കൂടി ഉൾപ്പെടുത്തി, ആകെ 32 താരങ്ങളായി. മോഹൻ ബഗാൻ എസ്.ജി, എഫ്.സി ഗോവ എന്നിവർക്ക് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ഉള്ളതിനാൽ ഈ ക്ലബ്ബുകളിൽ നിന്നുള്ള കളിക്കാരെ മത്സരങ്ങൾക്ക് ശേഷം മാത്രമേ ക്യാമ്പിലേക്ക് വിളിക്കൂ. ദേശീയ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങൾക്ക് മുന്നോടിയായി കളിക്കാർ എത്താൻ വൈകുന്നത് ടീമിന്റെ തയ്യാറെടുപ്പുകളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.