ദോഹ: 2025 ഫിഫ അണ്ടർ 17 ലോകകപ്പിൽ ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ സ്വിറ്റ്‌സർലൻഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ സെമി ഫൈനലിലേക്ക്. ദോഹയിലെ അസ്പയർ സോണിൽ നടന്ന മത്സരത്തിൽ പോർച്ചുഗീസ് യുവതാരം മറ്റേയസ് മൈഡിൻ്റെയും ജോസ് നെറ്റോയുടെയും മിന്നുന്ന പ്രകടനമാണ് വിജയത്തിന് അടിത്തറ പാകിയത്. മത്സരത്തിൽ ഉടനീളം പന്തിന്മേൽ ആധിപത്യം പുലർത്തിയ പോർച്ചുഗൽ കോച്ച് ബിനോ മാസെസിന്റെ തന്ത്രങ്ങൾ കൃത്യമായി നടപ്പിലാക്കി. കളി അതിവേഗം കൈക്കലാക്കിയ പോർച്ചുഗലിൻ്റെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത് പത്താം നമ്പർ ജേഴ്സിയണിഞ്ഞ മറ്റേയസ് മൈഡ് ആയിരുന്നു.

41-ാം മിനിറ്റിലാണ് പോർച്ചുഗലിൻ്റെ ആദ്യ ഗോൾ പിറന്നത്. ഡാനിയൽ ബഞ്ചാക്കി നൽകിയ ലോങ് പാസ് സ്വീകരിച്ച അനിസിയോ കബ്രാൾ, പന്ത് ഓടിക്കയറിയ മറ്റേയസ് മൈഡിന് കൈമാറി. സ്വിസ് ഗോൾകീപ്പർ നോഹ ബ്രോഗ്ലിയെ നിസ്സഹായനാക്കിക്കൊണ്ട് മൈഡ് പന്ത് അനായാസം വലയിലെത്തിച്ചു (1-0). രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്വിറ്റ്‌സർലൻഡ് തിരിച്ചുവരവിന് ശ്രമം നടത്തിയെങ്കിലും 53-ാം മിനിറ്റിൽ പോർച്ചുഗൽ ലീഡ് ഇരട്ടിയാക്കി. കൗണ്ടർ അറ്റാക്കിനൊടുവിൽ ലെഫ്റ്റ് ബാക്കായ ജോസ് നെറ്റോയുടെ ഇടങ്കാൽ ഷോട്ട് സ്വിസ് ഗോൾവലയുടെ മൂലയിലേക്ക് തുളച്ചുകയറി (2-0). തകർപ്പൻ പ്രകടനത്തോടെ സ്വിസ് പ്രതിരോധത്തെ തകർത്ത ഗോൾ, നോഹ ബ്രോഗ്ലിക്ക് ഒരവസരവും നൽകിയില്ല.

മലാഡൻ മിജൈലോവിച്ച് ഉൾപ്പെടെയുള്ള താരങ്ങൾ ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പോർച്ചുഗീസ് പ്രതിരോധനിരയും ഗോൾകീപ്പർ റൊമാരിയോ കുഞ്ഞയും അതിനെല്ലാം തടയിട്ടു. ടൂർണമെൻ്റിലുടനീളം തകർപ്പൻ ഫോമിലുള്ള പോർച്ചുഗീസ് യുവനിര, കിരീടത്തിലേക്കുള്ള തങ്ങളുടെ യാത്രയിൽ ഒരു നിർണായക വിജയം കൂടി കുറിച്ചിരിക്കുകയാണ്. സെമിഫൈനലിൽ മൊറോക്കോയും ബ്രസീലും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിലെ വിജയികളെയാകും അവർ ഇനി നേരിടുക.