ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ശക്തന്മാരുടെ പോരാട്ടം. ശനിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാമിനെ നേരിടും. മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ തുടങ്ങിയ ടീമുകളും ഈ ആഴ്ച കളത്തിലിറങ്ങുന്നുണ്ട്. വെള്ളിയാഴ്ച നടന്ന രണ്ടാം വാരത്തിലെ ആദ്യ മത്സരത്തിൽ, വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ചെൽസി വൻ ജയം നേടിയിരുന്നു.

ഇന്ന് വൈകിട്ട് 5 മണിക്കാണ് മാഞ്ചസ്റ്റർ സിറ്റി-ടോട്ടൻഹാം പോരാട്ടം. രാത്രി 10 മണിക്ക് നടക്കുന്ന കളിയിൽ ആഴ്സണൽ ലീഡ്‌സിനെ നേരിടും. വൈകിട്ട് 7.30-ന് നടക്കുന്ന മറ്റ് മത്സരങ്ങളിൽ ബേൺമൗത്ത് വോൾവ്സിനെയും, ബേൺലി സണ്ടർലൻഡിനെയും, ബ്രെന്റ്ഫോഡ് ആസ്റ്റൺ വില്ലയെയും നേരിടും. ഞായറാഴ്ചയും ലീഗിൽ ആവേശം തുടരും. വൈകിട്ട് 6.30-ന് ക്രിസ്റ്റൽ പാലസ് ഫോറസ്റ്റുമായും രാത്രി 9 മണിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമുമായും ഏറ്റുമുട്ടും.

നിലവിലെ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളും ന്യൂകാസിലും തമ്മിലുള്ള മത്സരം ഓഗസ്റ്റ് 26-നാണ് നടക്കുക. ആദ്യ റൗണ്ട് മത്സരങ്ങളിൽ ലിവർപൂൾ 4-2ന് ബേൺമൗത്തിനെയും, മാഞ്ചസ്റ്റർ സിറ്റി 4-0ത്തിന് വോൾവ്സിനെയും, ടോട്ടൻഹാം 3-0ത്തിന് ബേൺലിയെയും പരാജയപ്പെടുത്തിയിരുന്നു. മറ്റൊരു ആവേശകരമായ പോരാട്ടത്തിൽ ആഴ്സണൽ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചു.