കൊച്ചി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും ഇതിഹാസ കായികതാരവുമായ പി.ടി. ഉഷയുടെ മകൻ ഡോ. വിഘ്നേഷ് ഉജ്വൽ വിവാഹിതനായി. കൊച്ചി വൈറ്റില ചെല്ലിയന്തര ശ്രീരാം കൃഷ്ണയിൽ അശോക് കുമാറിന്റെയും ഷിനിയുടെയും മകൾ കൃഷ്ണയാണ് വധു. തിങ്കളാഴ്ച കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രിമാരും കായിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

കേന്ദ്രമന്ത്രിമാരായ സർബാനന്ദ് സോനോവാൾ, എൽ. മുരുഗൻ, മൻസൂഖ് മാണ്ഡവ്യ, ജോർജ് കുര്യൻ, ബോക്സിങ് താരം മേരി കോം, അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ആദിൽ ജെ. സുമരിവാല, നടൻ ശ്രീനിവാസൻ, എംപിമാരായ ജോസ് കെ. മാണി, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ, ഫ്രാൻസിസ് ജോർജ് എന്നിവർ ആശംസകൾ നേരാനെത്തി.

സ്പോർട്സ് മെഡിസിനിൽ എംബിബിഎസ് ബിരുദം നേടിയ ഡോക്ടറാണ് വിഘ്നേഷ് ഉജ്വൽ. ഇരു കുടുംബങ്ങളും ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിതെന്നും നാല് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് മകന് അനുയോജ്യയായ വധുവിനെ കണ്ടെത്തിയതെന്നും പി.ടി. ഉഷ പറഞ്ഞു. ക്ഷണം സ്വീകരിച്ച് ചടങ്ങിനെത്തിയ എല്ലാവർക്കും അവർ നന്ദി അറിയിച്ചു. രാഷ്ട്രീയ, കായിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം വിവാഹച്ചടങ്ങിന് മാറ്റുകൂട്ടി.