രഞ്ജി ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ച്വറി നേടി മധ്യപ്രദേശ് താരം രജത് പാട്ടിദാര്‍. ഹരിയാനയ്ക്കെതിരായ മൂന്നാം റൗണ്ട് മത്സരത്തിന്റെ നാലാം ദിവസത്തിലാണ് പാട്ടിദാറിന്റെ തകര്‍പ്പന്‍ പ്രകടനം. 102 പന്തില്‍ 13 ബൗണ്ടറിയും ഏഴ് സിക്സുമടക്കം 159 റണ്‍സെടുത്താണ് താരം മടങ്ങിയത്.

ഹരിയാനയ്ക്കെതിരെ 132 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ മധ്യപ്രദേശിന് നിര്‍ണായകമായിരുന്നു പാട്ടിദാറിന്റെ സെഞ്ച്വറി പ്രകടനം. മധ്യപ്രദേശിന്റെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങില്‍ വണ്‍ഡൗണായി ഇറങ്ങിയാണ് പാട്ടിദാര്‍ സെഞ്ച്വറി നേടിയത്. 68 പന്തില്‍ നിന്നാണ് രജത് സെഞ്ച്വറി തികച്ചത്.

ഇതോടെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും പാട്ടിദാറിനെ തേടിയെത്തി. രഞ്ജി ട്രോഫിയിലെ ഏറ്റവും വേഗമേറിയ അഞ്ചാമത്തെ സെഞ്ച്വറിയെന്ന നേട്ടമാണ് പാട്ടിദാര്‍ സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. 69 പന്തില്‍ സെഞ്ച്വറി നേടിയ നമാന്‍ ഓജയുടെ റെക്കോര്‍ഡാണ് പാട്ടിദാര്‍ തിരുത്തിക്കുറിച്ചത്. 48 പന്തില്‍ ശതകം തികച്ച റിഷഭ് പന്താണ് റെക്കോര്‍ഡില്‍ ഒന്നാമത്.