മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ വിജയം തുടർന്ന് റയൽ മാഡ്രിഡ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എസ്പാന്യോളിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തകർത്തതോടെ ലീഗിൽ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. പുതിയ പരിശീലകൻ സാബി അലോൺസോയുടെ കീഴിൽ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 15 പോയിന്റുകളുമായി റയൽ മാഡ്രിഡ് ലീ​ഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

കളിയുടെ 22-ാം മിനിറ്റിൽ എഡർ മിലിറ്റാവോയാണ് റയലിന് ആദ്യ ഗോൾ നേടിക്കൊടുത്തത്. രണ്ടാം പകുതിയിൽ 47-ാം മിനിറ്റിൽ സൂപ്പർതാരം കിലിയൻ എംബാപ്പെ നേടിയ ഗോൾ റയലിന്റെ വിജയം പൂർത്തിയാക്കി. 25 യാർഡിൽ നിന്ന് എംബാപ്പെ തൊടുത്ത ശക്തമായ ഷോട്ട് ഇസ്പാൻയോൾ ഗോൾ കീപ്പറായ മാർക്കോ ഡിട്രോവിച്ചിനെ മറികടന്ന് വലയിലെത്തി. വിനീഷ്യസ് ജൂനിയറാണ് എംബാപ്പെയ്ക്ക് ഗോളിന് വഴിയൊരുക്കിയത്.

മറ്റ് മത്സരങ്ങളിൽ സെവിയ്യ 2-1ന് അലാവസിനെ പരാജയപ്പെടുത്തി. ജിറോണയെ ലെവാന്റെ 4-0ന് തകർത്തു. വിയ്യാറൽ ഒസാസുനയെ 2-1നും റയൽ ബെറ്റിസ് റയൽ സോസിഡാഡിനെ 3-1നും തോൽപ്പിച്ചു. വലൻസിയ അത്‌ലറ്റിക്കോ ബിൽബാവോയെ 2-0ന് വീഴ്ത്തി.