- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോളടി തുടർന്ന് എംബാപ്പെ; സെവിയ്യയെ തകർത്ത് റയൽ മാഡ്രിഡ്; ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്
ബാർസലോണ: സെവിയ്യയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡിന്. ജൂഡ് ബെല്ലിംഗ്ഹാമും കൈലിയൻ എംബാപ്പെയും റയലിനായി ഗോൾ നേടി. 10 പേരുമായിട്ടാണ് സെവിയ്യ ഭൂരിഭാഗം സമയവും കളിച്ചത്. ലാ ലിഗയുടെ ശീതകാല ഇടവേളയ്ക്ക് ശേഷം ജനുവരി 4-ന് റയൽ ബെറ്റിസിനെതിരെയാണ് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം.
38-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഹെഡറിലൂടെയാണ് റയൽ മാഡ്രിഡ് ലീഡെടുത്തത്. പിന്നീട്, 86-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് കൈലിയൻ എംബാപ്പെ റയലിന്റെ വിജയമുറപ്പിച്ചു. തുടർച്ചയായ ഫൗളുകൾക്ക് രണ്ട് മഞ്ഞക്കാർഡ് കണ്ട് പുറത്തായ മർക്കാവോ കാരണം സെവിയ്യക്ക് ഭൂരിഭാഗം സമയവും 10 പേരുമായി കളിക്കേണ്ടി വന്നു. മത്സരത്തിന്റെ ഇടവേളയിൽ സെവിയ്യ പരിശീലകൻ മാറ്റിയാസ് അൽമെയ്ഡയെയും റെഫറി ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കിയിരുന്നു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ടീം മോശം പ്രകടനം കാഴ്ചവെക്കുന്നതിനെത്തുടർന്ന് കടുത്ത സമ്മർദ്ദത്തിലായിരുന്നു റയൽ പരിശീലകൻ സാബി അലോൺസോ. തുടർച്ചയായി രണ്ട് മത്സരങ്ങൾ തോറ്റതിന് ശേഷമാണ് റയൽ മാഡ്രിഡ് ഈ വിജയത്തിലേക്ക് എത്തുന്നത്. അലോൺസോയെ മാറ്റിയേക്കുമെന്ന ഊഹാപോഹങ്ങൾ സ്പാനിഷ് കായിക മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഈ വിജയം അദ്ദേഹത്തിന് താൽക്കാലിക ആശ്വാസം നൽകി.
ഒരു കളിക്കാരൻ കുറവായിട്ടും സെവിയ്യ റയൽ പ്രതിരോധത്തിൽ വിള്ളലുകൾ സൃഷ്ടിച്ച് നിരവധി ഗോളവസരങ്ങൾ ഉണ്ടാക്കി. 37-കാരനായ അലക്സിസ് സാഞ്ചസും റൈറ്റ് ബാക്ക് യുവാൻലു സാഞ്ചസും സെവിയ്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. റയൽ ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസ് അലക്സിസ്, ഐസക് റൊമേറോ, അൽഫോൻസോ ഗോൺസാലസ് എന്നിവരുടെ നാല് ഷോട്ടുകൾ തടഞ്ഞ് റയലിന്റെ ലീഡ് നിലനിർത്തി. ആദ്യ പകുതിയിൽ തന്നെ സെവിയ്യക്ക് മുന്നിലെത്താൻ അവസരങ്ങൾ ലഭിച്ചിരുന്നു.




