മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ തുടർച്ചയായ മൂന്നാം ജയത്തോടെ റയൽ മാഡ്രിഡ് ഒന്നാംസ്ഥാനം നിലനിർത്തി. സ്വന്തം മൈതാനമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ മയ്യോർക്കയെ 2-1നാണ് റയൽ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു റയലിന്റെ മുന്നേറ്റം. ഒരു മിനിറ്റിനുള്ളിൽ നേടിയ രണ്ട് ഗോളുകളാണ് റയലിന് വിജയം സമ്മാനിച്ചത്.

മത്സരം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ എംബാപ്പെയിലൂടെ റയൽ മാഡ്രിഡ് മുന്നിലെത്തിയിരുന്നു. ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡ് നൽകിയ ക്രോസിൽ നിന്നായിരുന്നു എംബാപ്പെയുടെ ഗോൾ. എന്നാൽ, ഓഫ്‌സൈഡ് സംശയത്തെത്തുടർന്ന് വാർ പരിശോധനയ്ക്ക് ശേഷം ഗോൾ നിഷേധിക്കപ്പെട്ടു.18-ാം മിനിറ്റിൽ വേദത് മുരിഖിലൂടെ മയ്യോർക്കയാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ 37-ാം മിനിറ്റിൽ ആർദ ഗുളറും തൊട്ടുപിന്നാലെ 38-ാം മിനിറ്റിൽ വിനിഷ്യസ് ജൂനിയറും വലകുലുക്കി റയലിന് നിർണായക വിജയം നേടിക്കൊടുത്തു.

അതേസമയം, അത്‌ലറ്റിക്കോ മാഡ്രിഡ് തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയമില്ലാതെ സമനിലയിൽ കുരുങ്ങി. അലാവെസ് 1-1ന് അവരെ സമനിലയിൽ തളച്ചു. 7-ാം മിനിറ്റിൽ ഗ്വിയിലിയാനോ സിമിയോണിയിലൂടെ അത്‌ലറ്റിക്കോ ലീഡ് നേടിയെങ്കിലും, 14-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ അലാവെസ് താരം കോർലോസ് വിസന്റ് സമനില പിടിക്കുകയായിരുന്നു. തുടർന്നുള്ള സമയത്ത് എതിരാളികളെ ഗോൾ നേടാൻ അനുവദിക്കാതെ അലാവെസ് പ്രതിരോധം ഉറച്ചുനിന്നു. സീസണിൽ ആദ്യ മത്സരം തോറ്റ തുടങ്ങിയ അത്‌ലറ്റിക്കോ, തുടർന്ന് എൽച്ചെയ്‌ക്കെതിരെയും സമനില വഴങ്ങിയിരുന്നു.