- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസഡർമാരായി സഞ്ജു സാംസണും കീർത്തി സുരേഷും; സ്വർണക്കപ്പ് വിളംബര ഘോഷയാത്ര 16 മുതൽ; ഉദ്ഘാടനം 21ന്
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസഡർമാരായി ക്രിക്കറ്റ് താരം സഞ്ജു സാംസണെയും ഗുഡ്‌വിൽ അംബാസഡറായി നടി കീർത്തി സുരേഷിനെയും തിരഞ്ഞെടുത്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫെയ്‌സ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 21 മുതൽ 28 വരെ തലസ്ഥാനത്ത് നടക്കുന്ന മേളയുടെ പങ്കാളിയായി സഞ്ജു സാംസൺ ഫൗണ്ടേഷനെയും നിശ്ചയിച്ചിട്ടുണ്ട്. 'തങ്കു' എന്ന് പേരിട്ടിരിക്കുന്ന മുയലാണ് മേളയുടെ ഭാഗ്യചിഹ്നം.
ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ പന്തൽനാട്ടുകർമ്മം തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മന്ത്രി ശിവൻകുട്ടി നിർവഹിച്ചു. കഴിഞ്ഞ വർഷം മുതലാണ് സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ നടത്താൻ ആരംഭിച്ചത്. വിജയിക്കുന്ന ജില്ലയ്ക്ക് 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പ് സമ്മാനമായി നൽകും. ഈ വർഷം ആദ്യമായി ഏർപ്പെടുത്തിയ സ്വർണക്കപ്പ്, മേളയുടെ സമാപന ചടങ്ങിൽ വിതരണം ചെയ്യും.
സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര നാളെ (ഒക്ടോബർ 16) രാവിലെ എട്ട് മണിക്ക് കാസർകോട് കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് വിവിധ ജില്ലകൾ സന്ദർശിച്ച് ഒക്ടോബർ 21ന് തിരുവനന്തപുരത്ത് സമാപിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കായികതാരങ്ങളും വിദ്യാർഥികളും പങ്കെടുക്കും. 12 വേദികളിലായി 40 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. അത്‌ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും ഇത്.
ഒക്ടോബർ 21ന് വൈകുന്നേരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മേളയുടെ ഉദ്ഘാടനവും മാർച്ച് പാസ്റ്റും നടക്കും. മത്സരങ്ങൾ 22ന് ആരംഭിക്കും. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന ഗെയിംസ് വേദിയായി നിശ്ചയിച്ചിരിക്കുന്നത്. ഗൾഫിൽ നിന്നുള്ളവരും ഭിന്നശേഷിക്കാരും ഉൾപ്പെടെ ഇരുപതിനായിരത്തിലധികം കുട്ടികൾ മേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ 75 സ്കൂളുകളിലായി കുട്ടികൾക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗതാഗതത്തിനായി 200 ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.