ഗുവാഹത്തി: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന്റെ അപരാജിത കുതിപ്പിന് തടയിട്ട് സർവീസസ്. ഇതോടെ ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി സർവീസസ് ക്വാർട്ടർ ഫൈനലിൽ കടന്നു. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സർവീസസ് കേരളത്തെ പരാജയപ്പെടുത്തിയത്. നേരത്തെ തന്നെ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം അവസാന എട്ടിൽ ഇടം നേടിയിരുന്നു.

മത്സരത്തിന്റെ 18-ാം മിനിറ്റിൽ അഭിഷേക് പവാറാണ് സർവീസസിനായി വിജയഗോൾ നേടിയത്. സമനില ഗോളിനായി കേരളം പൊരുതിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയിൽ, 64-ാം മിനിറ്റിൽ സർവീസസ് താരത്തെ ഫൗൾ ചെയ്തതിന് കേരളത്തിന്റെ മുഹമ്മദ് അഷറിന് ചുവപ്പ് കാർഡ് ലഭിച്ചത് ടീമിന് തിരിച്ചടിയായി. ഇതോടെ കേരളം പത്തുപേരുമായി കളി പൂർത്തിയാക്കി.

ഈ വിജയത്തോടെ സർവീസസ് ഗ്രൂപ്പ് എയിൽ നിന്ന് നാലാം സ്ഥാനക്കാരായാണ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. കേരളം (10 പോയിന്റ്), റെയിൽവേസ് (7 പോയിന്റ്), പഞ്ചാബ് (7 പോയിന്റ്), സർവീസസ് (6 പോയിന്റ്) എന്നിവയാണ് ഗ്രൂപ്പിൽ നിന്ന് ക്വാർട്ടറിലെത്തിയ ടീമുകൾ. 6 പോയിന്റുണ്ടായിരുന്ന മേഘാലയ ഒരു സ്ഥാനം പിന്നോട്ട് പോയതോടെ ഒഡീഷക്കൊപ്പം (2 പോയിന്റ്) പുറത്തായി. ഫെബ്രുവരി മൂന്നിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ അസമാണ് കേരളത്തിന്റെ എതിരാളികൾ.