- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം കണ്ട ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാൾ; ബാഴ്സലോണയുടെയും സുവർണ്ണ കാലഘട്ടത്തിലെ പ്രധാനി; 9 ലാലിഗ 3 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ; സ്പെയിനിനായി ലോകകപ്പ്, യൂറോ കപ്പ് വിജയങ്ങൾ; പ്രൊഫഷണൽ ഫുട്ബോളിനോട് വിടപറയാനൊരുങ്ങി സെർജിയോ ബുസ്കെറ്റ്സ്
ന്യൂയോർക്ക്: ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച മധ്യനിര കളിക്കാരിലൊരാളായ സ്പെയിനിന്റെ സെർജിയോ ബുസ്കെറ്റ്സ് പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നു. നിലവിൽ മേജർ ലീഗ് സോക്കറിൽ (MLS) ഇന്റർ മിയാമിക്കായി കളിക്കുന്ന താരം, ഈ സീസൺ അവസാനത്തോടെ കളി മതിയാക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
സ്പെയിനിന്റെ ലോകകപ്പ്, യൂറോ കപ്പ് വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച താരമാണ് സെർജിയോ ബുസ്‌കറ്റ്‌സ്. ഫുട്‌ബോൾ ലോകത്തെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ കളിക്കാരിലൊരാളാണ് ബുസ്കെറ്റ്സ്. സ്പാനിഷ് ദേശീയ ടീമിന്റെയും എഫ്‌സി ബാഴ്സലോണയുടെയും സുവർണ്ണ കാലഘട്ടത്തിലെ പ്രധാന അംഗമായിരുന്നു അദ്ദേഹം. നെയ്മർ, ലയണൽ മെസ്സി, സാവി, ഇൻയെസ്റ്റ തുടങ്ങിയ ഇതിഹാസ താരങ്ങളോടൊപ്പം കളിച്ച താരമാണ് ബുസ്കെറ്റ്സ്.
"കളിജീവിതത്തിലെ അവസാന മാസങ്ങളിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. ഇതൊരു അവിശ്വസനീയമായ യാത്രയായിരുന്നു. ഞാൻ ഫുട്‌ബോളിൽ നിന്ന് വിരമിക്കുകയാണ്. നിറഞ്ഞ സന്തോഷത്തോടെ, അഭിമാനത്തോടെ, സംതൃപ്തനായി, എല്ലാത്തിനുമുപരി അങ്ങേയറ്റം കൃതജ്ഞതയോടെ ഞാൻ കളിയോട് വിട പറയുകയാണ്," ബുസ്‌കറ്റ്‌സ് പ്രസ്താവനയിൽ പറഞ്ഞു.
കളത്തിലെ തൻ്റെ പ്രതിരോധ മികവിന് വലിയ കൈയടികൾ നേടിയ താരം ബാഴ്‌സയ്‌ക്കൊപ്പം 9 ലാ ലിഗ കിരീടങ്ങളും മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. സ്പെയിൻ ദേശീയ ടീമിനായി 143 മത്സരങ്ങൾ കളിച്ച താരം, 2022-ലെ ലോകകപ്പിനു ശേഷം അദ്ദേഹം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചിരുന്നു. തുടർന്ന്, ബാഴ്‌സലോണയിലെ സഹതാരമായിരുന്ന ലയണൽ മെസ്സിക്കൊപ്പം ഇന്റർ മയാമിയിൽ ചേർന്നു. എംഎൽഎസിൽ സീസണിൽ അഞ്ച് മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇന്റർ മിയാമി ഇതിനോടകം പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.