ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കൃത്യസമയത്ത് പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഴിയാത്തതില്‍ ആരാധകരോടും ബിസിസിഐയോടും ക്ഷമ ചോദിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ജിമ്മില്‍ പരിശീലനം നടത്തുന്ന വീഡിയോടൊപ്പമാണ് ഷമി ഇന്‍സ്റ്റഗ്രാമിലൂടെ ക്ഷമാപണം നടത്തിയത്.

എല്ലാ ദിവസവും ബോളിങ് ഫിറ്റ്‌നസ് നേടുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്നും ആഭ്യന്തര റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ ഉടന്‍ മടങ്ങിയെത്തുമെന്നും താരം വ്യക്തമാക്കി. 'എന്റെ ബോളിങ് ഫിറ്റ്‌നസ് ദിനംപ്രതി മെച്ചപ്പെടുത്താന്‍ പ്രയത്‌നങ്ങളില്‍ മുഴുകുകയാണ്. മത്സരത്തിന് തയ്യാറെടുക്കുന്നതിനും ആഭ്യന്തര റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കുന്നതിനുമായി കഠിനാധ്വാനം തുടരും. എല്ലാ ക്രിക്കറ്റ് ആരാധകരോടും ബിസിസിയോടും ക്ഷമ ചോദിക്കുന്നു. ഉടന്‍ തന്നെ ഞാന്‍ റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാകും. എല്ലാവരോടും സ്‌നേഹം'- ഷമി ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു.



2023ലെ ഏകദിന ലോകകപ്പിലാണ് 34-കാരനായ ഷമി അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. അന്ന് ഏഴ് മത്സരങ്ങളില്‍ നിന്ന് 10.70 ശരാശരിയിലും 5.26 എക്കോണമിയിലും 24 വിക്കറ്റുമായി ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാവാന്‍ ഷമിക്ക് കഴിഞ്ഞിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കുതിപ്പില്‍ ഷിമിയുടെ ഈ പ്രകടനം ഏറെ നിര്‍ണായകമായി. എന്നാല്‍ കാല്‍ക്കുഴയ്ക്കേറ്റ പരിക്കുമായാണ് ഷമി ലോകകപ്പിലുടനീളം കളിച്ചതെന്ന റിപ്പോര്‍ട്ട് പിന്നീട് പുറത്തുവന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഈ പരിക്ക് മാറാന്‍ ഷമി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.