- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്നിയിറച്ചിയോട് കമ്പം കൂടിയതോടെ ആളുകൾക്ക് താറാവിനെ വേണ്ട; ചൈനക്കാരുടെ ഭക്ഷണ ശീലം മാറിയതോടെ അടി കിട്ടിയത് ഷട്ടിൽ കോക്കിന്; പ്രതിസന്ധിയിലായി ബാഡ്മിന്റൺ അക്കാദമികൾ
ഡൽഹി: രാജ്യത്തെ ബാഡ്മിന്റൺ അക്കാദമികളെയും പരിശീലകരെയും പ്രതിസന്ധിയിലാക്കി ഷട്ടിൽകോക്കുകളുടെ വിലയിൽ അനിയന്ത്രിതമായ വർധനവ്. ചൈനയിലെ മാറുന്ന ഭക്ഷ്യശീലങ്ങളാണ് ഈ പ്രതിസന്ധിക്ക് കാരണം. പരമ്പരാഗതമായി താറാവ്, വാത്ത എന്നിവയുടെ ഇറച്ചിക്ക് പ്രാമുഖ്യം നൽകിയിരുന്ന ചൈനീസ് ജനത പന്നിയിറച്ചിയോട് താല്പര്യം പ്രകടിപ്പിക്കാൻ തുടങ്ങിയതാണ് നിലവിലെ പ്രതിസന്ധിയുടെ മൂലകാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പന്നിയിറച്ചിയോടുള്ള താല്പര്യം വർധിച്ചതോടെ ആളുകള്‍ താറാവുകളെയും വാത്തകളെയും വളര്‍ത്താതെയായി. ഇത് ഷട്ടില്‍കോക്ക് നിര്‍മിക്കാനുള്ള തൂവലുകളുടെ ക്ഷാമത്തിനും കാരണമായതെന്നാണ് റിപ്പോർട്ട്. താരതമ്യേന വിലകുറഞ്ഞ ഷട്ടില്‍കോക്കുകള്‍ നിര്‍മിക്കാനാണ് താറാവിന്റെ തൂവലുകള്‍ ഉപയോഗിക്കുന്നത്. ചൈനയിലെ ഭക്ഷണക്രമത്തിലുണ്ടായ വ്യതിയാനം താറാവ്, വാത്ത എന്നിവയെ വളർത്തുന്നതിൽ ഗണ്യമായ കുറവുണ്ടാക്കി. ഇതോടെ ഉയർന്ന നിലവാരമുള്ള ഷട്ടിൽകോക്കുകളുടെ നിർമ്മാണത്തിന് തൂവലുകൾ ലഭിക്കാതെയായി.
ഇറക്കുമതി ചെയ്യുന്ന ഷട്ടിൽകോക്കുകളുടെ വിലയിൽ ക്രമാനുഗതമായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. മുൻപ് 1200 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ട്യൂബ് (12 എണ്ണം) എ.എസ്-2 നിലവാരത്തിലുള്ള ഷട്ടിലുകൾക്ക് ഇന്ന് 2700 രൂപയിലധികമായി വില ഉയർന്നിരിക്കുന്നു. ഈ വർഷാവസാനത്തോടെ പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം ഷട്ടിലുകളുടെ വില 3000 രൂപ എന്ന പരിധി ഭേദിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പ്രവചിക്കുന്നത്.
'ഇതൊരു താൽക്കാലിക വിലവർദ്ധനവ് മാത്രമല്ല, കായികരംഗം എന്ന നിലയിൽ നാം അഭിമുഖീകരിക്കേണ്ട അസ്തിത്വപരമായ ഒരു ഭീഷണിയാണ്' ഇന്ത്യൻ ദേശീയ പരിശീലകൻ പുല്ലേല ഗോപിചന്ദ് അഭിപ്രായപ്പെടുന്നു. വാത്തയുടെ തൂവലുകളെ ആശ്രയിക്കുന്നത് പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. ഇതിന് ശാശ്വതമായ ബദലുകൾ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു.
ഷട്ടിൽകോക്കുകൾ വാങ്ങുന്നതിനുള്ള ചെലവ്, പരിശീലകർക്ക് നൽകുന്ന ശമ്പളത്തിന് തുല്യമായി മാറിയിരിക്കുന്നു എന്ന് അക്കാദമി ഉടമകൾ പറയുന്നത്. ഉയർന്ന വില നൽകാൻ തയ്യാറായാൽ പോലും ആവശ്യത്തിനനുസരിച്ച് ഷട്ടിലുകൾ ലഭ്യമല്ലാത്ത സാഹചര്യവും പ്രതിസന്ധിയാണ്. അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും, നൂതനമായ ബദലുകൾ കണ്ടെത്തുന്നതിനും ഫെഡറേഷനുകളും കായിക പ്രേമികളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യമാണ് ഈ സാഹചര്യം അടിവരയിടുന്നത്.