- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുകേഷിനെ ദുര്‍ബലനായ കളിക്കാരനെന്ന് പരിഹസിച്ച് കാള്സന്; മണിക്കൂറുകള്‍ക്കുള്ളില്‍ കാള്‍സനെ ചെസ്ബോര്ഡില് മുട്ടുകുത്തിച്ച് ഗുകേഷിന്റെ മറുപടി
ഗുകേഷിനെ ദുര്‍ബലനായ കളിക്കാരനെന്ന് പരിഹസിച്ച് കാള്സന്
ക്രൊയേഷ്യ: തന്നെ ദുര്‍ബലനായ കളിക്കാരനെന്നു വിളിച്ച് പരിഹസിച്ച ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സന് ചെസ് ബോര്‍ഡില്‍ മറുപടി നല്‍കി ലോക ചാമ്പ്യന്‍ ഡി. ഗുകേഷ്. കാള്‍സനെതിരെ ഗുകേഷിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ക്രൊയേഷ്യയില്‍ ഗ്രാന്‍ഡ് ചെസ് ടൂറിന്റെ ഭാഗമായി നടക്കുന്ന സൂപ്പര്‍ യുണൈറ്റഡ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പിലെ ആറാം റൗണ്ടിലാണ് ഗുകേഷ് വീണ്ടും കാള്‍സനെ പരാജയപ്പെടുത്തിയത്.
മത്സരത്തിന് മുന്‍പ് ദുര്‍ബലനായ എതിരാളി എന്നാണ് ഗുകേഷിനെ കാള്‍സന്‍ വിശേഷിപ്പിച്ചത്. ഇതിന് ചെസ് ബോര്‍ഡില്‍ മറുപടി നല്‍കുകയായിരുന്നു ഇന്ത്യയുടെ ലോക ചാമ്പ്യന്‍. മത്സരശേഷം ഗുകേഷിന്റെ മികവിനെ കാള്‍സന്‍ അംഗീകരിക്കുകയും ചെയ്തു. ഗുകേഷ് തന്നെ ശിക്ഷിച്ചുവെന്നായിരുന്നു കാള്‍സന്റെ വാക്കുകള്‍. ടൂര്‍ണെമന്റില്‍ തന്നെ ഞാന്‍ മോശമായാണ് കളിച്ചത്. ഇന്ന് എനിക്കതിനുള്ള ശിക്ഷ കിട്ടി. മത്സരത്തില്‍ എനിക്ക് മികച്ച അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കി ഗുകേഷ് മികച്ച നീക്കങ്ങളിലൂടെ മത്സരം കൈയിലാക്കിയെന്നും കാള്‍സന്‍ പറഞ്ഞു.
നോര്‍വെയുടെ ലോക ഒന്നാം നമ്പര്‍ താരത്തെ കറുത്ത കരുക്കളുമായി കളിച്ചാണ് 18-കാരന്‍ ഗുകേഷ് പരാജയപ്പെടുത്തിയത്. 49 നീക്കങ്ങള്‍ക്കൊടുവില്‍ കാള്‍സന്‍ മത്സരം അവസാനിപ്പിക്കുകയായിരുന്നു. കാള്‍സനെതിരേ ഗുകേഷിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ഇതോടെ ആറു കളികളില്‍ നിന്ന് 10 പോയന്റുമായി ഗുകേഷ് ഒന്നാമതെത്തി.
കഴിഞ്ഞ മാസം നോര്‍വെയില്‍ നടന്ന ചെസ് മത്സരത്തിലും ഗുകേഷ്, കാള്‍സനെ തോല്‍പ്പിച്ചിരുന്നു. അന്ന് തോല്‍വിയുടെ ആഘാതത്തില്‍ മേശയില്‍ ശക്തമായി ഇടിച്ച് ചെസ് കരുക്കള്‍ തെറിപ്പിച്ച കാള്‍സന്റെ പ്രവൃത്തി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
സൂപ്പര്‍ യുണൈറ്റഡ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് ഗുകേഷ് ദുര്‍ബലനായ കളിക്കാരില്‍ ഒരാളാണെന്നും ഇനിയും മികച്ച കളിക്കാരനാണെന്ന് ഗുകേഷ് തെളിയിക്കേണ്ടതുണ്ടെന്നും കാള്‍സന്‍ പറഞ്ഞത്. കാള്‍സന്റെ അഭിപ്രായപ്രകടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചെസ് ബോര്‍ഡില്‍ ഗുകേഷിന്റെ മറുപടിയെത്തി.