ബെംഗളൂരു: രണ്ട് പതിറ്റാണ്ടിലേറെ കാലം നീണ്ടുനിന്ന ഐതിഹാസിക ടെന്നീസ് കരിയറിന് വിരാമമിട്ട് രോഹന്‍ ബൊപ്പണ്ണ. രണ്ട് ഗ്രാന്‍സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുള്ള രോഹന്‍ ബൊപ്പണ്ണ 45-ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യപിച്ചത്. ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായിരുന്നു രോഹന്‍ ബൊപ്പണ്ണ. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരവുമായിരുന്നു ബൊപ്പണ്ണ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബൊപ്പണ്ണ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. പാരീസ് മാസ്റ്റേഴ്സ് 1000 ടൂര്‍ണമെന്റിലാണ് ബൊപ്പണ്ണ അവസാനമായി കളിച്ചത്.

ജീവിതത്തിന് അര്‍ഥം നല്‍കിയ ഒന്നിനോട് എങ്ങനെ വിട പറയും? മറക്കാനാവാത്ത 20 വര്‍ഷങ്ങള്‍ക്ക് ശേഷം, ഞാന്‍ എന്റെ റാക്കറ്റ് ഔദ്യോഗികമായി താഴെ വെക്കുകയാണ്. എന്റെ സെര്‍വ് ശക്തിപ്പെടുത്താന്‍ കൂര്‍ഗില്‍ വിറക് വെട്ടിയത് മുതല്‍ ലോകത്തിലെ ഏറ്റവും വലിയ വേദികളില്‍ നിന്നതുവരെ, എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നു. - ബൊപ്പണ്ണ കുറിച്ചു.

ഡബിള്‍സിലെ ഏറ്റവും പ്രായം കൂടിയ ഗ്രാന്‍ഡ് സ്ലാം ജേതാവ്, ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പര്‍ എന്നീ നേട്ടങ്ങള്‍ ബൊപ്പണ്ണയ്ക്ക് സ്വന്തമാണ്. രണ്ട് തവണയാണ് ഇന്ത്യന്‍ താരം ഗ്രാന്‍ഡ് സ്ലാം കിരീടത്തില്‍ മുത്തമിട്ടിട്ടുള്ളത്. 2024 ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ്, 2017 ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടങ്ങളാണ് ബൊപ്പണ്ണ സ്വന്തമാക്കിയത്. ഒളിമ്പിക്സിലും ഡേവിസ് കപ്പിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.

മൂന്ന് ഒളിംപിക്‌സുകളില്‍ ഇന്ത്യക്കായി മത്സരിച്ച ബൊപ്പണ്ണ 2002 മുതല്‍ 2023 വരെ ഇന്ത്യയുടെ ഡേവിസ് കപ്പ് ടീം അംഗമായിരുന്നു. ടെന്നിസ് തനിക്ക് ഒരു കായികയിനം മാത്രം ആയിരുന്നില്ലെന്നും ഇന്ത്യയെ പ്രതിനിധീകരിച്ചത് ഏറ്റവും വലിയ അംഗീകാരമാണെന്നും ടെന്നിസില്‍ തുടരുമെന്നും ബൊപ്പണ്ണ പറഞ്ഞു. എടിപി ടൂറില്‍ 26 ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുള്ള ബൊപ്പണ്ണയുടെ അവസാന മത്സരം ഈ വര്‍ഷം ആദ്യം പാരീസ് മാസ്റ്റേഴ്‌സില്‍ അലക്‌സാണ്ടര്‍ ബുബ്ലിക്കിനൊപ്പമായിരുന്നു.

2024ല്‍ മാത്യു എബ്ഡനൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം നേടിയ ബൊപ്പണ്ണ 2017ല്‍ ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഗബ്രിയേല ഡബ്രോവ്‌സ്‌കിക്കൊപ്പം കിരീടം നേടി.

രണ്ട് തവണ പുരുഷ ഡബില്‍സിലും രണ്ട് തവണ മിക്‌സഡ് ഡബിള്‍സിലുമായി നാലു തവണ ഗ്രാന്‍സ്ലാം ഫൈനലുകളിലെത്താനും ബൊപ്പണ്ണക്കായി. ഐസാം ഉല്‍ ഹഖ് ഖുറേഷിക്കും മാത്യു എബ്ഡനുമൊപ്പം 2020ലെയും 2023ലെയും യുഎസ് ഓപ്പണിലും 2018ല്‍ ടൈമിയ ബാബോസിനും 2023ല്‍ സാനിയ മിര്‍സ്സുമൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സിലും ബൊപ്പണ്ണ ഫൈനല്‍ കളിച്ചിരുന്നു.

2012ല്‍ മഹേഷ് ഭൂപതിക്കൊപ്പവും 2015ല്‍ ഫ്‌ലോറിന്‍ മെര്‍ഗേയക്കൊപ്പവും എടിപി ഫൈനല്‍സിലും ബൊപ്പണ്ണ കളിച്ചു. 2016ലെ റിയോ ഒളിംപിക്‌സില്ഡ മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സക്കൊപ്പം മത്സരിച്ച ബൊപ്പണ്ണ നാലാം സ്ഥാനത്തെത്തിയിരുന്നു.

അതേസമയം കഴിഞ്ഞ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ മൂന്നാം റൗണ്ടില്‍ പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ വെറ്ററന്‍ താരം രോഹന്‍ ബൊപ്പണ്ണയ്ക്ക് റാങ്കിങ്ങിലും വലിയ തിരിച്ചടി നേരിട്ടിരുന്നു. ഡബിള്‍സ് റാങ്കിങ്ങില്‍ 20 സ്ഥാനങ്ങള്‍ നഷ്ടമായ നാല്‍പ്പത്തഞ്ചുകാരന്‍ ബൊപ്പണ്ണ 53-ാം റാങ്കിലേക്ക് താഴ്ന്നു. എടിപി ഡബിള്‍സ് റാങ്കിങ്ങില്‍ 15 വര്‍ഷത്തിനുശേഷമാണ് ബൊപ്പണ്ണ ആദ്യ 50-ല്‍ നിന്നു പുറത്തായത്. കഴിഞ്ഞവര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയതിനു പിന്നാലെ ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു.