- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം സെറ്റിലെ ആ നാടകീയ നിമിഷങ്ങള്‍...; തോല്‍വി ഉറപ്പിച്ചിടത്തുനിന്നും പൊരുതിക്കയറി കിരീടനേട്ടത്തില്‍; ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം എലേന റീബകീനയ്ക്ക്; ഫൈനലില്‍ സബലേങ്കയെ വീഴ്ത്തി; 2023ലെ തോല്‍വിക്ക് 'മധുര പ്രതികാരം'

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കസാഖ്സ്താന്റെ എലേനാ റൈബാക്കിനയ്ക്ക്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ബലറൂസിന്റെ അരിന സബലേങ്കയെ വീഴ്ത്തിയാണ് താരം കന്നി ഓസ്ട്രേലിയന്‍ ഓപ്പണും കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടവും ഉയര്‍ത്തിയത്. 2022ലെ വിംബിള്‍ഡണ്‍ കിരീട ജേതാവാണ് റൈബാക്കിന. സബലേങ്കയോട് 2023-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ തോല്‍വിക്ക് മധുര പ്രതികാരം ചെയ്യാനും റൈബാക്കിനയ്ക്കായി. 2023-ലെ ഫൈനലില്‍ റൈബാക്കിനയെ കീഴടക്കിയായിരുന്നു സബലേങ്ക കന്നിക്കിരീടം ചൂടിയത്.
സബലേങ്കയെ 6-4, 4-6, 6-4 എന്ന സ്‌കോറിന് കീഴടക്കിയാണ് റൈബാക്കിന കിരീടം സ്വന്തമാക്കിയത്. താരത്തിന്റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ സബലേങ്കയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. കഴിഞ്ഞ വര്‍ഷം മാഡിസണ്‍ കീസിനോടാണ് താരം പരാജയമറിഞ്ഞത്. 2022-ലെ വിംബിള്‍ഡണ്‍ നേട്ടത്തിനു ശേഷമുള്ള റൈബാക്കിനയുടെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയാണിത്.
രണ്ട് മണിക്കൂറും 18 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു റൈബാക്കിനയുടെ കിരീട നേട്ടം. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സബലേങ്കയുടെ തുടര്‍ച്ചയായ നാലാം ഫൈനലായിരുന്നു ഇത്. മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ സബലേങ്കയെ ഒന്നാം സെറ്റില്‍ തന്നെ വിറപ്പിക്കാന്‍ റൈബാക്കിനയ്ക്കായി. എന്നാല്‍ രണ്ടാം സെറ്റില്‍ ശക്തമായി സബലേങ്ക തിരിച്ചുവന്നു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ സബലേങ്ക 3-0ന് ലീഡെടുത്തതോടെ 2023-ന്റെ ആവര്‍ത്തനമാകുമെന്ന് കാണികള്‍ കരുതി. എന്നാല്‍ അസാധാരണ തിരിച്ചുവരവ് നടത്തിയ റൈബാക്കിന സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.
തുടരെ നാലാം വട്ടം ലോര്‍ഡ് ലേവര്‍ അരീനയില്‍ ഫൈനലിലെത്തിയ സബലേങ്കക്കെതിരെ റിബാകിന ആദ്യ സെറ്റ് നേടി മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ സബലേങ്ക തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ ഒരുവേള സബലേങ്ക 3-0ത്തിനു മുന്നിലായിരുന്നു. അവിടെ നിന്നാണ് റിബാകിന തിരിച്ചു വരവ് നടത്തി മുന്നേറിയത്. മൂന്നാം സെറ്റില്‍ സബലേങ്കയുടെ സര്‍വ് ഭേദിച്ച് റിബാകിന കരുത്ത് കാട്ടിയതോടെ ലോക ഒന്നാം നമ്പര്‍ താരത്തിനു ഉത്തരംമുട്ടി.
2023ലും റിബാകിന ഫൈനലിലെത്തിയിരുന്നു. എന്നാല്‍ അന്ന് സബലേങ്കയ്ക്ക് മുന്നില്‍ കിരീടം കൈവിട്ടു. അന്നും ആദ്യ സെറ്റ് നേടിയാണ് താരം തുടങ്ങിയതെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ തോറ്റാണ് ജയവും കിരീടവും അടിയറവ് വച്ചത്. സമാന വീഴ്ച ഇത്തവണ സംഭവിക്കരുതെന്ന് താരം മൂന്നാം സെറ്റില്‍ ഉറപ്പിച്ചാണ് പൊരുതിയത്.
2023, 2024 വര്‍ഷങ്ങളില്‍ ഇവിടെ കിരീടം നേടിയ സബലേങ്ക ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ട് കഴിഞ്ഞ തവണ ഇറങ്ങിയെങ്കിലും കിരീടം കൈവിട്ടിരുന്നു. കഴിഞ്ഞ തവണ അമേരിക്കയുടെ മാഡിസന്‍ കീസിനു മുന്നിലാണ് കിരീടം അടിയറവ് വയ്ക്കേണ്ടി വന്നത്. ഇത്തവണ കിരീടം തിരിച്ചു പിടിക്കാമെന്ന മോഹത്തിലായിരുന്നു താരം. എന്നാല്‍ റിബാകിന ആ സ്വപ്നം തല്ലിക്കെടുത്തി.


