- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്‌സിൻ വീണ്ടും തിരിച്ചടിയായി; ജോക്കോവിച്ച് യു.എസ് ഓപ്പണിൽനിന്ന് പിന്മാറി; ട്വിറ്ററിലൂടെ വിവരം സ്ഥീരീകരിച്ച് താരം; വാക്സിനെടുക്കാത്തതിനാൽ ജോക്കോയ്ക്ക് നഷ്ടമാകുന്നത് രണ്ടാം ഗ്രാൻഡ് സ്ലാം ടൂർണമെന്റ്
ബെൽഗ്രേഡ്: കോവിഡിനെതിരായ പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തതിനെ തുടർന്ന് സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വീണ്ടും തിരിച്ചടി. ഈ മാസം 29-ന് ആരംഭിക്കുന്ന യു.എസ്. ഓപ്പണിൽനിന്ന് താരം പിന്മാറി. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മൂന്ന് തവണ യു.എസ്. ഓപ്പൺ ജേതാവും 21 ഗ്രാൻഡ് സ്ലാം കിരീടങ്ങളുമുള്ള ജോക്കോവിച്ച് ഇത്തവണയും ഔദ്യോഗിക പ്രവേശന പട്ടികയിലുണ്ടായിരുന്നു. എന്നാൽ വാക്സിൻ എടുക്കാത്തതിനാൽ അദ്ദേഹത്തിന് യു.എസിൽ പ്രവേശിക്കുന്നതിനായി സാധിക്കില്ല. കോവിഡ് വാക്സിനെടുക്കാത്തതിനാൽ ജോക്കോയ്ക്ക് നഷ്ടമാകുന്ന രണ്ടാം ഗ്രാൻഡ് സ്ലാം ടൂർണമെന്റാണിത്. ഇക്കാരണത്തെ തുടർന്ന് ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിലും താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.
നിലവിലെ യു.എസ്. നിയമങ്ങൾ അനുസരിച്ച് യാത്രക്കാർ രാജ്യത്തേക്ക് വിമാനങ്ങളിൽ കയറുന്നതിനും പ്രവേശിക്കുന്നതിനും മുഴുവൻ വാക്സിനേഷൻ രേഖകളും കാണിക്കേണ്ടതുണ്ട്. യു.എസ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി.) അടുത്തിടെ വാക്സിനെടുക്കാത്ത യു.എസ്. പൗരന്മാർക്കുള്ള കോവിഡ് നിയന്ത്രണങ്ങളിൽ ചില ഇളവുകൾ വരുത്തിയിരുന്നു. എന്നാൽ വാക്സിൻ സ്വീകരിക്കാത്ത സന്ദർശകർക്കുള്ള നിയമങ്ങളിൽ ഇതുവരെ മാറ്റങ്ങൾ വരുത്തിയിട്ടില്ല.
ജോക്കോവിച്ചിന് ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയാത്തത് ദൗർഭാഗ്യകരമാണെന്ന് യു.എസ്. ഓപ്പൺ ടൂർണമെന്റ് ഡയറക്ടർ സ്റ്റേസി അല്ലസ്റ്റർ പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ