മലാഗ: ടെന്നീസ് ഇതിഹാസ താരം റാഫേല്‍ നദാല്‍ തന്റെ കരിയറിലെ അവസാന മത്സരത്തിന് ഇന്ന് ഇറങ്ങുകയാണ്. രണ്ട് പതിറ്റാണ്ട് നീണ്ട് നിന്ന് കരിയറിന് വിരാമമിടാന്‍ പോകുകയാണ് താരം ഇന്ന് നടക്കുന്ന ഡേവിസ് കപ്പിലൂടെ. സ്പാനിഷ് താരം ഭാഗമാവുന്ന ഡേവിസ് കപ്പ് ഫൈനല്‍സ് മത്സരങ്ങള്‍ക്ക് ചൊവ്വാഴ്ച മലാഗയില്‍ തുടക്കമാവും. ഡേവിസ് കപ്പ് ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്സിനെ നേരിടുന്ന സ്പാനിഷ് ടീമില്‍ നദാല്‍ അംഗമാണ്.

കാര്‍ലോസ് അല്‍കരാസ്, പെഡ്രോ മാര്‍ട്ടിനസ്, റോബര്‍ട്ടോ ബൗട്ടിസ്റ്റ, മാഴ്സല്‍ ഗ്രാനോലേഴ്സ് എന്നിവരാണ് ടീം അംഗങ്ങള്‍. അതേസമയം നദാല്‍ സിംഗിള്‍സിലാണോ ഡബിള്‍സിലാണോ ഇറങ്ങുന്നതെന്ന് വ്യക്തമല്ല. സ്പാനിഷ് ടീം സെമി ഫൈനലില്‍ പ്രവേശിച്ചില്ലെങ്കില്‍ നദാലിനെ ടെന്നിസ് കോര്‍ട്ടില്‍ ഇനി കാണാനാവില്ല.

ഡേവിസ് കപ്പോടെ ടെന്നിസിനോട് വിട പറയുമെന്ന് കഴിഞ്ഞ മാസമാണ് 38കാരനായ നദാല്‍ പ്രഖ്യാപിച്ചത്. കരിയറില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ രണ്ടാമത്തെ പുരുഷ താരമാണ് നദാല്‍. 22 ഗ്രാന്‍ഡ്സ്ലാമാണ് നദാല്‍ തന്റെ ടെന്നിസ് കരിയറില്‍ നേടിയത്. 14 തവണ ഫ്രഞ്ച് ഓപണ്‍ കിരീടവും സ്പാനിഷ് താരം സ്വന്തമാക്കി. കരിയറില്‍ ആകെ 92 കിരീടങ്ങളാണ് നദാല്‍ നേടിയിട്ടുള്ളത്. ഒരു തവണ ഒളിംപിക്‌സ് സ്വര്‍ണവും നദാല്‍ സ്വന്തമാക്കി.

കഴിഞ്ഞ മാസം നടന്ന ലേവര്‍ കപ്പിലാണ് നദാല്‍ അവസാനമായി ഒരു ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. പാരിസ് ഒളിംപിക്‌സിന് ശേഷം ലേവര്‍ കപ്പില്‍ പങ്കെടുക്കുമെന്ന് നദാല്‍ പറഞ്ഞിരുന്നു. 2024 ഓടെ തന്റെ കരിയറിന് അവസാനമായേക്കുമെന്നും നേരത്തെ തന്നെ നദാല്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പരിക്കും മറ്റും പതിവായതോടെയാണ് നദാല്‍ തന്റെ ടെന്നിസ് കരിയറിന് തിരശീലയിടാന്‍ തീരുമാനിച്ചത്.