- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ ദിവസവും ഉണർന്നത് മൂന്നുവർഷമായി അലട്ടുന്ന പരുക്കിനെ ഓർത്ത്; ഇനി വിശ്രമകാലം; ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കുന്നു; 20 ഗ്രാൻസ്‌ലാം കിരീടം സ്വന്തമാക്കിയ പ്രതിഭയുടെ അവസാന മത്സരം ലേവർകപ്പ്; തിരിച്ചുവരവിന് ആത്മാർത്ഥമായി ശ്രമിച്ചെന്നും താരം
ബാസൽ: പരുക്കുകളുടെ പേരിൽ ഉറക്കം നഷ്ടപ്പെടുത്തുന്നത് റോജർ ഫെഡറർ മതിയാക്കി. ടെന്നീസ് ഇതിഹാസം വിരമിക്കൽ പ്രഖ്യാപിച്ചു. വിരമിക്കുന്ന വിവരം റോജർ ഫെഡറർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അടുത്തയാഴ്ച ലണ്ടനിൽ നടക്കുന്ന ലേവർകപ്പാകും ഫെഡററിന്റെ അവസാന മത്സരം. നാൽപ്പത്തൊന്നുകാരനായ സ്വിസ് ഇതിഹാസം 20 ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി പരിക്കുമൂലം ടെന്നീസ് കോർട്ടിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഫെഡറർ. കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിന് പലപ്പോഴും വില്ലനായത്. 24 വർഷത്തെ കരിയറാണ് താരം അവസാനിപ്പിച്ചത്. 103 കിരീടങ്ങൾ ഇക്കാലയളവിൽ നേടി. മൂന്നു വർഷമായി അലട്ടുന്ന പരുക്കാണ് വിരമിക്കൽ പ്രഖ്യാപിക്കാൻ കാരണമെന്ന് ഫെഡറർ സൂചിപ്പിച്ചു. തിരിച്ചുവരവിന് ആത്മാർഥമായി ശ്രമിച്ചുവെന്നും ഫെഡറർ കുറിച്ചു.
ദൈർഘ്യമേറിയ മത്സരങ്ങൾ കളിക്കാൻ സാധിക്കാത്തതാണ് ഫെഡററെ അലട്ടിയ പ്രശ്‌നം. ഇത് മേജർ ടൂർണമെന്റുകളിലെ പ്രകടനത്തെ ബാധിച്ചു. കാൽമുട്ടിലെ ശസ്ത്രക്രിക്ക് ശേഷം ദൈർഘ്യമേറിയ മത്സരങ്ങൾ കളിക്കുന്നതിൽ താരം ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നു.
'കളി തുടരണമോ വേണ്ടയോ എന്ന് എനിക്ക് തീരുമാനിക്കേണ്ടതുണ്ട്. കാൽമുട്ടിന് കൂടുതൽ സമ്മർദം കൊടുക്കുന്നത് വെല്ലുവിളിയാവുമോ? വിശ്രമം എടുക്കേണ്ട സമയമാണോ എന്നെല്ലാം അറിയണം. ഓരോ മത്സരത്തിന് ശേഷവും ഞാൻ കാൽമുട്ടിന്റെ അവസ്ഥ വിലയിരുത്തണം. ഓരോ ദിവസവും ഞാൻ ഉറക്കം ഉണരുന്നത് എന്റെ കാൽമുട്ടിന്റെ അവസ്ഥ എങ്ങനെയുണ്ടെന്ന് നോക്കിയാണ്.'' - ഫെഡറർ കഴിഞ്ഞ വർഷം പറഞ്ഞ വാ്ക്കുകളാണ് ഇത്. ഏതായാലും, പരിക്ക് ഇതിഹാസ താരത്തിന്റെ ടെന്നീസ് ജീവിതത്തെ അപഹരിച്ചിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ