- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെന്നീസ് കൗതുകമറിയാൻ വിംബിൾഡണിൽ എത്തിയ കെയ്റ്റിന് തുണയായത് മലയാളി പയ്യൻ അനെക്സ് അജി; വൂൾവർഹാംപ്ടണിലെ മലയാളി കൗമാരക്കാരനെ പിന്തുടർന്നു ദേശീയ മാധ്യമങ്ങളും; ഫൈനൽ ദിനത്തിലും ബാൾ ബോയ് ഇമേജിൽ അനെക്സ് താരമായി
ലണ്ടൻ: ലോക പ്രശസ്ത വിംബിൾഡൻ മത്സരത്തിൽ തുടക്കം മുതൽ നിറഞ്ഞിരുന്നു പ്രിൻസസ് ഓഫ് വെയ്ൽസ് കാതറിൻ എന്ന കെയ്റ്റ് രാജകുമാരി. കഴിഞ്ഞ ദിവസത്തെ വനിതാ ഫൈനലിൽ സാന്നിധ്യമായ കെയ്റ്റ് ഇന്നലെ പുരുഷ ഫൈനലിൽ മക്കളെയും കൂട്ടി എത്തിയാണ് സെന്റർ കോർട്ടിലെ നിറകാഴ്ച ആയി മാറിയത്. സെമി ഫൈനലുകളിൽ ഒന്നിൽ മലയാള താരം മോഹൻലാൽ സാക്ഷിയായതും ഇക്കുറി വാർത്തയായി.
എന്നാൽ ഇതിനേക്കാളൊക്കെ വലിയ വാർത്ത പ്രാധാന്യം യുകെ മലയാളികൾക്കിടയിൽ നേടിയാണ് ഇത്തവണ വിംബിൾഡൺ കടന്നു പോകുന്നത്. സബിർട്ടനിലെ മലയാളി കൗമാരക്കാരൻ അനെക്സ് ഫൈനൽ മത്സരത്തിലും ബോള് ബോയ് റോളിൽ തിളങ്ങിയത് മാത്രമല്ല, പ്രാഥമിക മത്സര റൗണ്ടിൽ കളി കാണാൻ പലവട്ടം എത്തിയ കെയ്റ്റിന് ടെന്നീസ് വിശേഷങ്ങൾ പറഞ്ഞു കൊടുക്കാനുള്ള അവസരവും അനെക്സിന് ലഭിച്ചിരുന്നു.
അനെക്സിനെ കുറിച്ച് ഇതിനകം തന്നെ ബ്രിട്ടനിലെ ദേശീയ പത്രങ്ങളും ചാനലുകളും വാർത്തകൾ ചെയ്തു കഴിഞ്ഞു. കെയ്റ്റിനൊപ്പം ടെന്നീസ് പ്രതിഭ റോജർ ഫെഡററും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിലും ബോൾ ബോയ് ആയി നിറഞ്ഞു നിന്നതും അനെക്സ് ആണ്. കാണികൾക്ക് അവസരം ഇല്ലാതിരുന്ന ഈ സെക്ഷൻ ക്ഷണിക്കപ്പെട്ട അതിഥികളും മാധ്യമങ്ങളും മാത്രം നിറഞ്ഞ ഈ മത്സര ശേഷമാണ് അനെക്സും കെയ്റ്റും ചേർന്ന് സെന്റർ കോർിനു വെളിയിൽ നടക്കാൻ ഇറങ്ങിയപ്പോൾ സൗഹൃദ പൂർണമായ സംഭാഷണത്തിന് ഇടം കിട്ടിയത്. ടെന്നിസിൽ നിന്നും എന്താണ് മടക്കി കിട്ടുന്നത് എന്ന കെയ്റ്റിന്റെ കൗതുകം നിറഞ്ഞ ചോദ്യത്തിന് അച്ചടക്കം പഠിപ്പിക്കുന്ന കളിയാണ് ടെന്നീസ് എന്നായിരുന്നു പ്രായത്തെ വെല്ലുന്ന പക്വത നിറഞ്ഞ അനെക്സിന്റെ മറുപടി.
കെയ്റ്റിന് ടെന്നീസ് പരിശീലനം പരിചയപ്പെടുത്താൻ റോജർ ഉപയോഗിച്ചതും ബോൾ ബോയ്സിനേയും ഗേൾസിനെയുമാണ്. ആൺകുട്ടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് അനെക്സ് മാത്രമാണ്. റോജറിനൊപ്പം മത്സര ക്രമത്തിന്റെ കാര്യങ്ങൾ പങ്കുവയ്ക്കപ്പെടാൻ ഒരു പെൺകുട്ടിക്കും അവസരം ലഭിച്ചു. പിന്നീട് കെയ്റ്റ് സംസാരിച്ചപ്പോൾ അനെക്സ് പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാൻ അവർ തയ്യാറായത് ഒരു കൗമാരക്കാരനിൽ നിന്നും പഠിക്കാനും അറിയാനും ഏറെയുണ്ട് എന്ന് വെളിപ്പെടുത്തുന്നതായി. അതിനിടെ മകൻ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിൽകുമ്പോൾ ലോകത്തെ അതി പ്രശസ്തരായ ആളുകൾ കാണാൻ എത്തുന്ന വിംബിൾഡൺ മൽസരം ഇത്തവണ കാണാനാകാത്ത സങ്കടമാണ് സബിർട്ടനിൽ നിന്നും അനെക്സിന്റെ മാതാപിതാക്കളായ അജി പൗലോസും ബിസിയും.
കഴിഞ്ഞ വർഷം ഇരുവരും വിംബിൾഡൺ മത്സരം കാണാൻ എത്തിയിരുന്നെങ്കിലും ഇത്തവണ ചില തിരക്കുകൾ മൂലമാണ് മത്സര വേദിയിൽ എത്താനാകാതെ പോയത്. ഇടുക്കി അടിമാലി സ്വദേശികളായ അജിക്കും ബിസിക്കും മകന്റെ സാന്നിധ്യം ഇപ്പോൾ ടെലിവിഷനിൽ വീക്ഷിക്കുകയാണ് പ്രധാന ഹോബി. മകൻ ടെന്നീസിനെ ജീവിതമായി കാണുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം എന്നും മാതാപിതാക്കൾ പറയുന്നു. പഠനത്തിൽ തന്നെ ശ്രദ്ധ നൽകുന്ന അനെക്സ് സ്പോർട്സിനെ ഹോബിയായി മാത്രമേ കരുതിയിട്ടുള്ളൂ. അനെക്സിന്റെ സഹോദരൻ ആന്റൺ സി എ വിദ്യാർത്ഥിയാണ്.
വിംബിൾഡൺ സെന്റർ കോർട്ടിലെ പ്രധാന മത്സരങ്ങളിൽ ഒക്കെ ഇത്തവണ അനെക്സിന് ബോൾ ബോയ് ആകാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് അജി കരുതുന്നത്. ടോപ് സീഡ് ഡിജെക്കോവിക് അടക്കമുള്ളവരുടെ മത്സരത്തിൽ സഹായിയായി കോർട്ടിൽ നിൽക്കാൻ ആയതു പരിശീലകരുടെ ശ്രദ്ധ കിട്ടാൻ കാരണമായി. ഓരോ മത്സരത്തിനും അര മണിക്കൂർ മുൻപ് മാത്രം ബോൾ ബോയുടെ പേര് പോലും പുറത്തു വിടുന്നത് സുരക്ഷാ കാരണങ്ങൾ കൊണ്ട് കൂടിയാണ്.
മത്സര ശേഷം ലഭിക്കുന്ന വിമ്പിൾഡൺ സംഘാടക സമിതിയുടെ സർട്ടിഫിക്കറ്റ് ഉന്നത വിദ്യഭ്യാസ രംഗത്തും അനെക്സിന് മുതൽക്കൂട്ടാകും. നിലവിൽ ഫുട്ബോളിലും അനെക്സ് ഒരു കൈ വയ്ക്കുന്നുണ്ട്. കിങ്സ്റ്റൻ എ.എഫ്.സിയുടെ ജൂനിയർ ടീം കളിക്കാരനാണ് അനെക്സ്. ട്രിപ്പിൾ ജമ്പിൽ ലണ്ടനിലെ മുപ്പതു സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ അനെക്സ് കണ്ടെത്തിയ റെക്കോർഡ് ഇപ്പോഴും തകർക്കപ്പെടാതെ കിടക്കുകയാണ്.
ലണ്ടനിലെ സബിർട്ടൻ സൗത്ത് ബറോ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അനെക്സ്. രാജ്യമെങ്ങും ഉള്ള ആയിരത്തോളം അപേക്ഷകരിൽ നിന്നുമാണ് അനെക്സിന് ഈ സ്കൂളിൽ പ്രവേശനം ലഭിച്ചത്. മുൻ സൈനികനും മാരത്തൺ ഓട്ടക്കാരനുമായ അജിയുടെ ശിക്ഷണമാണ് മകനെ തുടക്കത്തിൽ സ്പോർട്സ് പ്രേമിയാക്കിയത് എങ്കിലും ഇപ്പോൾ സ്കൂളുകൾ നൽകുന്ന മികച്ച പരിശീലനമാണ് അനെക്സിനെ ടെന്നീസ് ലോകത്തേക്ക് എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷവും വിംബിൾഡണിൽ ടെന്നീസ് ബോയ് ആയി തിരഞ്ഞെടുക്കപ്പെട്ട അനെക്സിന് ഇത്തവണയും ഊഴം ലഭിക്കുമ്പോൾ ലോക താരങ്ങളുടെ കളികൾ വീക്ഷിക്കുക മാത്രമല്ല അവരുടെ പരിശീലന പരിപാടികളിൽ അടുത്ത് നിന്നും സഹായികളാകാനും അവസരം ലഭിക്കുകയാണ്. മികച്ച കോച്ചിൽ നിന്നും ലഭിക്കുന്നതിനേക്കാൾ വലിയ സ്പോർട്സ് പാഠങ്ങളാണ് ഇത്തരം വേദികളിൽ നിന്നും ലഭിക്കുന്നത്.
സ്പോർട്സ് പരിശീലനം വലിയ പണച്ചിലവേറിയ കാര്യമായ യുകെയിൽ ടെന്നിസിലേക്കോ ഗോൾഫിലേക്കോ എത്തുമ്പോൾ ചെലവ് സാധാരണക്കാർക്ക് താങ്ങാനാകാത്ത നിലയിലേക്ക് ആണ് ഉയരുന്നത്. ഇവിടെയാണ് നിശ്ചയ ദാർഢ്യമുള്ള മാതാപിതാക്കളുടെ പിന്തുണയോടെ അനെക്സ് സ്പോർട്സ് രംഗത്ത് കാലുറപ്പിക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ആറുമാസത്തെ പരിശീലനത്തിൽ പങ്കെടുത്ത ശേഷമാണു ഇപ്പോൾ ഫൈനൽ ഉൾപ്പെടെയുള്ള വേദികളിൽ സഹായിയാളാകാൻ അനെക്സ് അടക്കമുള്ള തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചത്.
പട്ടാളക്കാരൻ ആയിരുന്ന അജി ഈ പരിശീലന ക്ലാസ് കണ്ടതോടെ പട്ടാളച്ചിട്ടയിൽ നിന്നും വലിയ വത്യസം ഒന്നും ഇല്ലാത്ത പരിശീലനമാണ് മകൻ ഇപ്പോൾ നേടുന്നത് എന്നും പറയുന്നു. ഒരു ബോൾ പോലും കണ്ണിമ തെറ്റാതെ പിന്തുടരുന്ന തരം ഏകാഗ്രത ഈ പരിശീലനം വഴിയാണ് ടെന്നീസ് ബോയ്സും ഗേൾസും നേടുന്നത്. ഒരു സെക്കൻഡ് പോലും വൈകാതെ കളിക്കാർക്ക് പന്തുകൾ എത്തിക്കുന്നതും ഈ പരിശീലനത്തിന്റെ തീവ്രത കൊണ്ട് മാത്രമാണ്.