ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ മുന്‍ ചാമ്പ്യനും സെര്‍ബിയന്‍ താരവുമായ നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് സ്പാനിഷ് മൂന്നാം സീഡ് താരം കാര്‍ലോസ് അല്‍ക്കരാസിന് കിരീടം. 6-2, 6-2, 7-6-നാണ് 21-കാരന്റെ ജയം. മൂന്നു മണിക്കൂര്‍ പോരാട്ടം നീണ്ടുനിന്നു. അല്‍ക്കരാസിന്റെ തുടര്‍ച്ചയായതും കരിയറിലെ രണ്ടാമത്തേതുമായ വിംബിള്‍ഡണ്‍ കിരീടമാണിത്.
ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണും അല്‍ക്കറാസ് നേടിയിരുന്നു. 2022ല്‍ യുഎസ് ഓപ്പണ്‍ ചാംപ്യനാവാനും അല്‍ക്കറാസിന് സാധിച്ചു. ഇനി നേടാനുള്ള ഓസ്ട്രേലിയന്‍ ഓപ്പണ്‍ മാത്രമാണ്.

ഫൈനലിലുടനീളം അല്‍ക്കാരസിന്റെ ആധിപത്യമാണ് കണ്ടത്. ജോക്കോവിച്ചിനെ ബാക്ക്ഫൂട്ടില്‍ നിര്‍ത്തി ഉജ്ജ്വലമായ റിട്ടേണുകളിലൂടെ തകര്‍ക്കുകയായിരുന്നു അല്‍ക്കരാസ്. കഴിഞ്ഞ തവണയാണ് ആദ്യ വിംബിള്‍ഡണ്‍ കിരീടം നേടിയത്. അന്നും ഫൈനലില്‍ ജോക്കോവിച്ചിനെ തകര്‍ത്തായിരുന്നു വിജയം. അല്‍ക്കരാസിന്റെ കരിയറിലെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടംകൂടിയാണ് ഈ നേട്ടം.

ജയത്തോടെ തുടര്‍ച്ചയായി രണ്ടുതവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും വിംബിള്‍ഡണ്‍ കിരീടവും നേടുന്ന ആറാമത്തെ താരമാവാനും അല്‍ക്കരാസിന് കഴിഞ്ഞു. ഒരേ വര്‍ഷം ഒന്നിലധികം ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടുന്നത് ഇതാദ്യമായാണ്.

മത്സരത്തിന്റെ തുടക്കം മുതല്‍ ജോക്കോവിച്ചിനെ നിലത്ത് നിര്‍ത്താന്‍ അല്‍ക്കറാസ് സമ്മതിച്ചില്ല. ആധികാരിക മുന്നേറ്റം. സ്പാനിഷ് കരുത്തിന് മുന്നില്‍ പലപ്പോഴും ജോക്കോവിച്ചിന് ഉത്തരമുണ്ടായിരുന്നില്ല. മൂന്നാം സെറ്റില്‍ മാത്രമാണ് ജോക്കോവിച്ച് കുറച്ചെങ്കിലും തിരിച്ചടിക്കാനുള്ള ശ്രമം നടത്തിയത്. അല്‍ക്കറാസ് വിജയം ഉറപ്പിച്ചിരിക്കെ ജോക്കോ തിരിച്ചടിച്ച് സെറ്റ് ടൈ ബ്രേക്കിലേക്ക് നീട്ടി. എന്നാല്‍ ടൈബ്രേക്കും കടന്ന് അല്‍ക്കറാസ് വിജയം സ്വന്തമാക്കി. ജയിച്ചിരുന്നെങ്കില്‍ വിംബിള്‍ഡണില്‍ ഏറ്റവും കൂടുതല്‍ കിരീടമെന്ന റോജര്‍ ഫെഡററുടെ നേട്ടത്തിനൊപ്പം ജോക്കോവിച്ചിന് എത്താമായിരുന്നു.

ഇന്ന് ജയിച്ചിരുന്നെങ്കില്‍ 25 ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ നേടുന്ന ആദ്യ ടെന്നിസ് താരമെന്ന റെക്കോര്‍ഡ് ജോക്കോവിച്ചിന്റെ പേരിലാകുമായിരുന്നു. ഓസ്‌ട്രേലിയന്‍ മുന്‍ വനിതാ താരം മാര്‍ഗരറ്റ് കോര്‍ട്ടിനും ജോക്കോവിച്ചിനും നിലവില്‍ 24 ട്രോഫികള്‍ വീതമാണുള്ളത്.

പുരുഷ ടെന്നിസിലെ അനിവാര്യമായ 'അധികാരക്കൈമാറ്റം' ഏറെക്കുറെ പൂര്‍ണമായെന്ന സൂചനകളുമായാണ് വിമ്പിള്‍ഡന്‍ പുരുഷ സിംഗിള്‍സിലെ കലാശപ്പോരില്‍ സ്പാനിഷ് താരത്തിന്റെ കിരീട നേട്ടം. ഫൈനലിലെത്തിയ നാല് ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റുകളിലും കിരീടം ചൂടിയെന്ന പ്രത്യേകതയുമുണ്ട്.

ഫൈനലില്‍ ആദ്യ രണ്ടു സെറ്റുകളും കാര്യമായ അധ്വാനമില്ലാതെ സ്വന്തമാക്കിയ അല്‍കാരസ്, കുറച്ചെങ്കിലും വെല്ലുവിളി നേരിട്ടത് ടൈബ്രേക്കറിലേക്കു നീങ്ങിയ മൂന്നാം സെറ്റില്‍ മാത്രം. ജോക്കോവിച്ച് പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത് പൊരുതി നോക്കിയെങ്കിലും, പുല്‍കോര്‍ട്ടിലെ പുതിയ രാജാവിന്റെ സ്ഥാനാരോഹണം തടയാനായില്ല. ഫെഡറര്‍ നദാല്‍ ജോക്കോവിച്ച് ത്രയത്തിനു ശേഷം ടെന്നിസ് ലോകം എന്തുകൊണ്ട് തന്നില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായി അല്‍കാരസിന്റെ പ്രകടനം.

കഴിഞ്ഞ വിമ്പിള്‍ഡനില്‍ അഞ്ച് സെറ്റുകള്‍ നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് അല്‍കാരസ് ജോക്കോവിച്ചിനെ വീഴ്ത്തിയതെങ്കില്‍, ഇത്തവണ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൂപ്പര്‍ താരം തോല്‍വി സമ്മതിച്ചത്. സ്‌കോര്‍: 6-2 6-2 7-6 (74). ഫൈനല്‍ പോരാട്ടത്തിലെ ആദ്യ രണ്ടു സെറ്റുകളിലും സ്പാനിഷ് താരത്തിനു കാര്യമായ ഭീഷണി ഉയര്‍ത്താന്‍ പോലും ജോക്കോയ്ക്കു സാധിച്ചിരുന്നില്ല.

അനായാസം ആദ്യ രണ്ടു സെറ്റുകള്‍ സ്വന്തമാക്കിയ അല്‍കാരസ് മൂന്നാം സെറ്റിലാണ് കുറച്ചെങ്കിലും സമ്മര്‍ദത്തിലായത്. മൂന്നാം സെറ്റില്‍ ടൈബ്രേക്കറിലാണ് അല്‍കാരസ് ജയിച്ചുകയറിയത്. ടൈബ്രേക്കര്‍ ജയിച്ച് തിരിച്ചുവരവിന് ജോക്കോവിച്ച് പരമാവധി പൊരുതിനോക്കിയെങ്കിലും വര്‍ഷങ്ങളുടെ അനുഭവ സമ്പത്തും താരത്തെ തുണച്ചില്ല.