ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗോൾ പെരുമഴ തീർത്ത് വമ്പന്മാർ. ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ബാഴ്‌സലോണ, പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ, ആഴ്സണൽ എന്നിവർക്ക് മിന്നും ജയം. ബാഴ്സലോണ ഒളിമ്പിയാകോസിനെ എതിരില്ലാത്ത ആറ് ഗോളുകൾ പരാജയപ്പെടുത്തിയപ്പോൾ പി.എസ്.ജി ബയേൺ ലെവർകുസനെ 7-2നാണ് തകർത്തത്. ആഴ്സനൽ അത്‍ലറ്റിക്കോ മഡ്രിഡിനെ 4-0 ന് പരാജയപ്പെടുത്തി. മാഞ്ചസ്റ്റർ സിറ്റി വിയ്യാറയലിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു.

ഗ്രീക്ക് ക്ലബ് ഒളിമ്പിയാകോസിനെ ബാഴ്സലോണ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഫെർമിൻ ലോപസ് ഹാട്രിക് നേടി ടീമിന്റെ വിജയശിൽപ്പിയായി. മാർകസ് റാഷ്ഫോർഡ് രണ്ട് ഗോളുകൾ നേടി. കളിയുടെ ഏഴാം മിനിറ്റിൽ ലമിൻ യമാലിന്റെ അസിസ്റ്റിൽ നിന്നാണ് ലോപസ് ആദ്യ ഗോൾ നേടിയത്. 38-ാം മിനിറ്റിൽ പെഡ്രോയുടെ പാസ് വലയിലെത്തിച്ച് ലോപസ് രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ ബാഴ്സ നാല് ഗോളുകൾ കൂടി നേടി. 53-ാം മിനിറ്റിൽ അയൂബ് അൽ കബി ഒളിമ്പിയാകോസിനായി ആശ്വാസ ഗോൾ നേടി. 68-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ യമാൽ ലീഡുറപ്പിച്ചു. 74, 79 മിനിറ്റുകളിൽ റാഷ്ഫോർഡ് പട്ടിക തികച്ചു.76-ാം മിനിറ്റിൽ ലോപസ് തന്റെ ഹാട്രിക്ക് തികച്ചു.

ജർമ്മൻ ക്ലബ് ബയേൺ ലെവർകുസനെതിരെ പി.എസ്.ജി 7-2 ന് തകർപ്പൻ വിജയം സ്വന്തമാക്കി. ഫ്രഞ്ച് താരം ഡെസിരെ ഡൗ രണ്ട് ഗോളുകൾ നേടിയ മത്സരത്തിൽ വില്ലൻ പച്ചോ, ക്വിച്ച ക്വരാറ്റ്ലിയ, നുനോ മെൻഡിസ്, ഉസ്മാൻ ഡെംബലെ, വിടീന്യ എന്നിവർ ഓരോ ഗോളുകൾ നേടി. ഡെസിരെ ഡൗ 41, 45 മിനിറ്റുകളിലാണ് വലകുലുക്കിയത്. ഇത് പി.എസ്.ജിയുടെ തുടർച്ചയായ മൂന്നാം വിജയമാണ്. മാഞ്ചസ്റ്റർ സിറ്റി വിയ്യാറയലിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. എർലിംഗ് ഹാളണ്ട്, ബെർണാഡോ സിൽവ എന്നിവരാണ് സിറ്റിക്കായി വല കുലുക്കിയത്.

ലണ്ടനിൽ നടന്ന മത്സരത്തിൽ ആഴ്സനൽ അത്‍ലറ്റിക്കോ മാഡ്രിഡിനെ 4-0 ന് പരാജയപ്പെടുത്തി. ശക്തമായ മത്സരം കാഴ്ചവെച്ച ഇരുടീമുകളും ആദ്യ പകുതിയിൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. എന്നാൽ രണ്ടാം പകുതിയിൽ ആഴ്സനൽ 13 മിനിറ്റിനുള്ളിൽ നാല് ഗോളുകൾ നേടി വിജയം ഉറപ്പിക്കുകയായിരുന്നു. 57ാം മിനിറ്റിൽ ഗബ്രിയേൽ മഗൽഹസ്, പിന്നാലെ മാർടിനെല്ലി (64), വിക്ടർ ഗ്യോകറസ് (67, 70 മിനിറ്റ്) എന്നിവർ സ്കോർ ചെയ്ത് ആഴ്സനലിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. ഹൂലിയൻ അൽവാരസും കോകെയും അലക്സാണ്ടർ സോർലോയും നയിച്ച അത്‍ലറ്റികോ മഡ്രിഡിന് ആശ്വാസ ഗോൾ പോലും നേടാനായില്ല.

സീസണിലെ ആദ്യ മത്സരത്തിൽ ലിവർപൂളിനോട് തോറ്റ അത്‍ലറ്റികോയുടെ രണ്ടാം തോൽവിയാണിത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ ക്ലബ് യുവന്റസിനി നേരിടും. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് മത്സരം. പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ജര്‍മന്‍ ക്ലബ് ഫ്രാങ്ക്ഫര്‍ട്ട് എഫ്‌സിയെ നേരിടും. ബയേണ്‍ മ്യൂണിക്കിന് ബെല്‍ജിയത്തിലെ ക്ലബ് ബ്രൂഗാണ് എതിരാളികള്‍. ഇംഗ്ലീഷ് ക്ലബ് ചെല്‍സി, അയാക്‌സുമായി ഏറ്റുമുട്ടും. ടോട്ടനം, അത്‌ലറ്റിക് ക്ലബ് ടീമുകള്‍ക്കും ഇന്ന് മത്സരമുണ്ട്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരങ്ങള്‍ തുടങ്ങുക.