- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽ അഖ്ദൂദിനെതിരെ ഇരട്ട ഗോൾ; ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ആ റെക്കോർഡിൽ ലയണൽ മെസ്സിയെയും പിന്നിലാക്കി പോർച്ചുഗീസ് സൂപ്പർ താരം
റിയാദ്: സൗദി പ്രോ ലീഗിൽ അൽ അഖ്ദൂദിനെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടി ചരിത്രം കുറിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 14 വ്യത്യസ്ത കലണ്ടർ വർഷങ്ങളിൽ 40 ഗോൾ നേടുന്ന ലോകത്തിലെ ആദ്യത്തെ ഫുട്ബോൾ താരമായി റൊണാൾഡോ മാറി. ഈ നേട്ടത്തിൽ അർജന്റീന ഇതിഹാസം ലയണൽ മെസ്സിയെയാണ് റൊണാൾഡോ പിന്നിലാക്കിയത്. ഈ വർഷം ക്ലബിനും രാജ്യത്തിനുമായി 40 ഗോളുകൾ പൂർത്തിയാക്കിയാണ് റൊണാൾഡോ ഈ റെക്കോർഡ് സ്വന്തമാക്കിയത്.
റിയാദിലെ അൽ അവ്വൽ പാർക്കിൽ നടന്ന മത്സരത്തിൽ അൽ നസർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അൽ അഖ്ദൂദിനെ പരാജയപ്പെടുത്തി. റൊണാൾഡോയുടെ ഇരട്ട ഗോളുകൾക്ക് പുറമെ, ജോവോ ഫെലിക്സും അൽ നസറിനായി വലകുലുക്കി. 31-ാം മിനിറ്റിലും 45+3 മിനിറ്റുകളിലുമായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. 90+4 മിനിറ്റിൽ ജോവോ ഫെലിക്സ് അൽ നസറിന്റെ മൂന്നാം ഗോൾ നേടി. ഈ വിജയത്തോടെ സൗദി പ്രോ ലീഗിൽ അൽ നസറിന്റെ തുടർച്ചയായ പത്താം വിജയമാണിത്. പോയിന്റ് പട്ടികയിൽ അൽ ഹിലാലിനെക്കാൾ നാല് പോയിന്റ് മുന്നിലാണ് അൽ നസർ ഇപ്പോൾ.
ഈ വർഷം നേടിയ 40 ഗോളുകളിൽ 32 എണ്ണം ക്ലബ് തലത്തിലും 8 എണ്ണം പോർച്ചുഗൽ ദേശീയ ടീമിനായും നേടിയതാണ്. ഇതിനുപുറമെ, ക്ലബ് തലത്തിൽ നാല് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. 13 കലണ്ടർ വർഷങ്ങളിൽ 40-ൽ അധികം ഗോൾ നേടിയ ലയണൽ മെസ്സിയുടെ റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. ഈ വർഷം മെസ്സി 46 ഗോളുകൾ നേടിയിട്ടുണ്ട്. 21-ാം നൂറ്റാണ്ടിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, റോബർട്ട് ലെവൻഡോവ്സ്കി എട്ട് തവണയും, ഇതിഹാസ താരങ്ങളായ പെലെ ഒമ്പത് തവണയും, ഗെർഡ് മുള്ളർ ആറ് തവണയും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.




