- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംബാപ്പെയുടെ കാലുമാറി സ്‌കാൻ ചെയ്തു; റയൽ മാഡ്രിഡ് മെഡിക്കൽ ടീമിന് ഗുരുതര വീഴ്ച; പരിക്കുമായി താരം കളിച്ചത് മൂന്ന് മത്സരങ്ങൾ; ക്ലബ്ബിന്റെ അനാസ്ഥയിൽ സൂപ്പർ താരം കടുത്ത രോഷത്തിൽ

മാഡ്രിഡ്: ലോക ഫുട്ബോൾ കരുത്തരായ റയൽ മാഡ്രിഡിനെ പ്രതിരോധത്തിലാക്കി സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പരിക്കുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ. എംബാപ്പെയുടെ പരിക്കു പരിശോധിക്കുന്നതിൽ ക്ലബ്ബിന്റെ മെഡിക്കൽ സംഘത്തിന് സംഭവിച്ച അവിശ്വസനീയമായ പിഴവ് പുറത്തുവന്നു. ഇടതുകാൽമുട്ടിന് പരിക്കേറ്റ താരത്തിന് മെഡിക്കൽ സംഘം എംആർഐ സ്‌കാനിങ് നടത്തിയത് വലതുകാലിനാണെന്നാണ് റിപ്പോർട്ട്. പ്രമുഖ കായിക മാധ്യമമായ 'ദി അത്‌ലറ്റിക്' ആണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
കഴിഞ്ഞ ഡിസംബർ ഏഴിന് സെൽറ്റ വിഗോയ്ക്കെതിരായ മത്സരത്തിനിടെയാണ് എംബാപ്പെയുടെ ഇടതുകാൽമുട്ടിന് പരിക്കേൽക്കുന്നത്. എന്നാൽ പരിശോധന വേളയിൽ റയലിന്റെ മെഡിക്കൽ സംഘത്തിന് ഗുരുതരമായ പിഴവ് പറ്റി. പരിക്കേറ്റ ഇടതുകാലിന് പകരം അവർ സ്‌കാൻ ചെയ്തത് താരത്തിന്റെ വലതുകാലായിരുന്നു. പരിശോധനയിൽ കുഴപ്പങ്ങളൊന്നും കാണാതിരുന്നതോടെ പരിക്കില്ലെന്ന നിഗമനത്തിൽ മെഡിക്കൽ ടീം എംബാപ്പെയ്ക്ക് ക്ലീൻ ചിറ്റ് നൽകി.
ഇതുകാരണം കഠിനമായ വേദന സഹിച്ചുകൊണ്ട് തന്നെ താരം തുടർന്ന് മൂന്ന് മത്സരങ്ങളിൽ കൂടി കളത്തിലിറങ്ങി. ഇതോടെ ഇടതുകാലിലെ പരിക്ക് കൂടുതൽ വഷളാകുകയായിരുന്നു. കാൽമുട്ടിലെ വേദന വിട്ടുമാറാതെ വന്നതോടെ എംബാപ്പെ പാരീസിൽ വിദഗ്ധ ചികിത്സ തേടി. അവിടെ നടത്തിയ പരിശോധനയിലാണ് റയൽ മെഡിക്കൽ ടീമിന് പറ്റിയ വലിയ അബദ്ധം തിരിച്ചറിഞ്ഞത്.
താരത്തിന്റെ ഇടതുകാൽമുട്ടിലെ ലിഗമെന്റിന് പരിക്കേറ്റിട്ടുണ്ടെന്നും വിശ്രമമില്ലാതെ കളിച്ചതിനാൽ അത് ഗുരുതരമായതായും കണ്ടെത്തി. ക്ലബ്ബിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥയിൽ എംബാപ്പെ അങ്ങേയറ്റം രോഷാകുലനാണെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ തന്റെ സ്വകാര്യ മെഡിക്കൽ ടീമിലെ അംഗങ്ങളെ അദ്ദേഹം പിരിച്ചുവിട്ടതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, റയൽ മാഡ്രിഡിന്റെ മെഡിക്കൽ വിഭാഗം ഇപ്പോൾ കടുത്ത വിവാദക്കയത്തിലാണ്. കളിക്കാരുടെ ഭക്ഷണക്രമവും പോഷകാഹാര നിർദ്ദേശങ്ങളും തയ്യാറാക്കാൻ ക്ലബ്ബ് അധികൃതർ ചാറ്റ് ജിപിടി പോലുള്ള എഐ (AI) ടൂളുകളെയാണ് ആശ്രയിക്കുന്നതെന്ന് മുൻ ന്യൂട്രീഷ്യനിസ്റ്റ് ഇറ്റ്‌സിയാർ ഗോൺസാലസ് ആരോപിച്ചത് ക്ലബ്ബിനെ കൂടുതൽ വെട്ടിലാക്കിയിരിക്കുകയാണ്. വമ്പൻ ക്ലബ്ബായ റയലിന്റെ മെഡിക്കൽ സംവിധാനങ്ങൾ ഇപ്പോൾ കടുത്ത നിരീക്ഷണത്തിലാണ്.


