കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിൽ മലപ്പുറത്തെ 4-3ന് പരാജയപ്പെടുത്തി തൃശൂര്‍ സെമിഫൈനലില്‍. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഉജ്വല പോരാട്ടത്തിനൊടുവിലാണ് തൃശൂരിന്റെ വിജയം.

മത്സരം ആരംഭിച്ച് പതിനൊന്നാം മിനിറ്റില്‍ ഹാഷിര്‍ നേടിയ ഗോളിലൂടെ മലപ്പുറം മുന്നിലെത്തി. എന്നാല്‍, തൃശൂര്‍ ശക്തമായി തിരിച്ചടിച്ചു. പതിനേഴാം മിനിറ്റില്‍ അജിത് കെ.എസ്. ഉം ഇരുപത്തിയൊന്നാം മിനിറ്റില്‍ നാസര്‍ പി.എ. ഉം ഗോളുകള്‍ നേടിയതോടെ തൃശൂര്‍ മുന്നിലെത്തി. ഇരുപത്തിയേഴാം മിനിറ്റില്‍ നന്ദുകൃഷ്ണയിലൂടെ മലപ്പുറം സമനില പിടിച്ചെങ്കിലും, ആദ്യ പകുതി അവസാനിക്കും മുമ്പ് സന്തോഷ് വീണ്ടും തൃശൂരിന് ലീഡ് നേടിക്കൊടുത്തു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മുഹമ്മദ് മുസമ്മില്‍ നേടിയ ഗോള്‍ തൃശൂരിന്റെ വിജയപ്രതീക്ഷ വർദ്ധിപ്പിച്ചു. അറുപത്തിയേഴാം മിനിറ്റില്‍ നന്ദുകൃഷ്ണ രണ്ടാം ഗോള്‍ നേടിയെങ്കിലും മലപ്പുറത്തിന് ജയിക്കാനായില്ല.വെള്ളിയാഴ്ച വൈകീട്ട് 3.45ന് നടക്കുന്ന ആദ്യ സെമിഫൈനലില്‍ കോട്ടയത്തെയാണ് തൃശൂര്‍ നേരിടുക. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍, ഇടുക്കി 2-0ന് കോഴിക്കോടിനെ തോല്‍പിച്ച് സെമിഫൈനലില്‍ കടന്നു. മൂന്നാം മിനിറ്റില്‍ അജ്മല്‍ കാജയും 75ാം മിനിറ്റില്‍ അക്ഷയ് കുമാര്‍ സുബേദിയും ഇടുക്കിയ്ക്കായി ഗോള്‍ നേടി. നിലവിലെ റണ്ണേഴ്‌സ് അപ്പായ തിരുവനന്തപുരമാണ് ക്വാര്‍ട്ടറില്‍ ഇടുക്കിയുടെ എതിരാളികള്‍.