- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം തട്ടകത്തിൽ പരാജയം ഏറ്റുവാങ്ങി ടോട്ടൻഹാം; ചെൽസിയുടെ വിജയം എതിരില്ലാത്ത ഒരു ഗോളിന്; ബ്ലൂസിനായി ഗോൾ നേടിയത് ജോവോ പെഡ്രോ
ലണ്ടൻ: പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്‌സ്‌പറിനെ പരാജയപ്പെടുത്തി ചെൽസി. ടോട്ടൻഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെൽസിയുടെ വിജയം. ബ്രസീലിയൻ സ്ട്രൈക്കർ ജോവോ പെഡ്രോ നേടിയ ഗോളാണ് ചെൽസിക്ക് വിജയം സമ്മാനിച്ചത്. ഓഗസ്റ്റിന് ശേഷം ആദ്യമായാണ് താരം ചെൽസിക്കായി ഗോൾ നേടുന്നത്.
കഴിഞ്ഞ ആഴ്ച സണ്ടർലാൻഡിനോട് ഏറ്റ തോൽവിക്ക് ശേഷം കളത്തിലിറങ്ങിയ എൻസോ മാറെസ്കയുടെ സംഘം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്പർസിനെ പ്രതിരോധത്തിൽ പിടിച്ചുകെട്ടാൻ ടീമിനായി. എന്നാൽ മത്സരത്തിൽ നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും, മികച്ച ഗോൾ മാർജിനിൽ വിജയം നേടാനായില്ല. 34-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്.
മത്സരത്തിൽ മികച്ച അവസങ്ങൾ പെട്രോയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ പെട്രോയുടെ മൂന്ന് ഷോട്ടുകളാണ് സ്പർസ് ഗോൾകീപ്പർ ഗ്ലിഎൽമോ വികാരിയോ തടഞ്ഞത്. നെറ്റോയുടെയും അലെജാൻഡ്രോ ഗാർനാച്ചോയുടെയും ഷോട്ടുകളും വികാരിയോ സേവ് ചെയ്തിരുന്നു. സ്വന്തം മൈതാനത്ത് എതിരാളികൾക്ക് കാര്യമായ ഭീഷണി ഉയർത്താൻ കഴിയാതിരുന്നത് ടോട്ടൻഹാം ആരാധകരിൽ വലിയ നിരാശയാണ് സൃഷ്ടിച്ചത്. വിജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 17 പോയിന്റോടെ ചെൽസി ലീഗ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. അതേസമയം, ഗോൾ വ്യത്യാസത്തിൽ ഒരു സ്ഥാനം മുന്നിലാണ് സ്പർസ്.




