- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ട പ്രഹരവുമായി ബ്രൂണോ ഫെർണാണ്ടസ്; മോളിനക്‌സിൽ വോൾവ്സിനെ തകർത്തെറിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്; 4-1ന്റെ തകർപ്പൻ ജയവുമായി റെഡ് ഡെവിൾസ്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ആവേശകരമായ മത്സരത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് റെഡ് ഡെവിൾസ് വിജയം പിടിച്ചെടുത്തത്. ടീമിന്റെ ക്യാപ്റ്റനും പോർച്ചുഗീസ് സൂപ്പർ താരവുമായ ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ട ഗോളുകളാണ് യുണൈറ്റഡിന് മികച്ച വിജയം സമ്മാനിച്ചത്.
വോൾവ്‌സിന്റെ ഹോം ഗ്രൗണ്ടായ മോളിനക്‌സിൽ നടന്ന മത്സരത്തിന്റെ തുടക്കത്തിൽ തന്നെ യുണൈറ്റഡ് ആധിപത്യം സ്ഥാപിച്ചു. വോൾവ്‌സ് താരങ്ങളുടെ പിഴവിൽ നിന്ന് ലഭിച്ച പന്ത് 25-ാം മിനിറ്റിൽ വലയിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന് ലീഡ് നൽകി. എന്നാൽ, ആദ്യ പകുതിയുടെ അധിക സമയത്ത് ജീൻ റിക്‌നർ-ബെല്ലെഗാർഡ് നേടിയ ഗോളിൽ വോൾവ്‌സ് ഒപ്പമെത്തി (1-1).
വിശ്രമത്തിന് ശേഷം കൂടുതൽ ആക്രമണോത്സുകമായാണ് യുണൈറ്റഡ് കളിച്ചത്. 51-ാം മിനിറ്റിൽ ഡിയോഗോ ഡാലോട്ടിന്റെ കൃത്യതയാർന്ന പാസിൽ ബ്രയാൻ എംബ്യൂമോ ഗോൾ നേടി യുണൈറ്റഡിന്റെ ലീഡ് പുനഃസ്ഥാപിച്ചു (2-1). അധികം വൈകാതെ, 62-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ചിപ്പ് ചെയ്ത് നൽകിയ മനോഹരമായ പന്ത് മേസൺ മൗണ്ട് മികച്ചൊരു വോളിയിലൂടെ ഗോളാക്കി മാറ്റി, സ്കോർ 3-1.
82-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസ് തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും വലയിലാക്കി വിജയം ഉറപ്പിച്ചു. (4-1). തകർപ്പൻ പ്രകടനം കാഴ്ചവെച്ച ബ്രൂണോ തന്നെയാണ് മാൻ ഓഫ് ദ മാച്ച്. പ്രീമിയർ ലീഗിൽ വോൾവ്‌സിന്റെ തുടർച്ചയായ എട്ടാം തോൽവിയാണിത്. സ്വന്തം കാണികൾക്ക് മുന്നിൽ വോൾവ്‌സിന് യുണൈറ്റഡിന് കാര്യമായ വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല.




