- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിജ് ഭൂഷണെതിരെയുള്ള സമരത്തിന് പിന്നില്‍ മുന്‍ ഗുസ്തി താരവും ബിജെപി നേതാവും വിനേഷിന്റെ കസിനുമായ ബബിത ഫൊഗാട്ട്; ബജ്റംഗിന്റെയും വിനേഷിന്റെയും മനസില്‍ ദുരാഗ്രഹം നിറച്ചുവെന്നും സാക്ഷി; സഹോദരിമാര്‍ക്ക് വേണ്ടി സംസാരിക്കുന്നത് ദുരാഗ്രഹം ആണെങ്കില്‍ ഞാന്‍ മരിക്കുന്ന വരെ ദുരാഗ്രഹി ആയിരിക്കുമെന്ന് വിനേഷും; സാക്ഷിയും-വിനേഷും നേര്‍ക്കുനേര്‍
ചണ്ഡീഗഢ്: ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ മുന്‍ തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തിയ സമരം വലിയ വിവാദമായിരുന്നു. ഗുസ്തി താരങ്ങളായ വിനേഷ് ഫൊഗാട്ടും സാക്ഷി മാലിക്കിന്റെയും നേതൃത്വത്തിലാണ് ബ്രിജ് ഭൂഷണെതിരെ രാപ്പകല്‍ സമരം നടത്തിയത്. സമരത്തെ തുടര്‍ന്ന് എംപി തന്റെ 12 വര്‍ഷത്തെ ഗുസ്തി വാഴ്ച്ച അവസാനിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഈ സമരത്തിനെ ചുറ്റിപ്പറ്റി മറ്റൊരു വിവാദമാണ് ഇപ്പോള്‍ ഇടലെടുത്തിരിക്കുന്നത്. സാക്ഷി തന്റെ പുസ്തകമായ വിറ്റ്‌നെസിലൂടെയാണ് ചില വിവാദ പരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. സമരത്തിന് പിന്നില്‍ മുന്‍ ഗുസ്തി താരവും ബിജെപി നേതാവും വിനേഷിന്റെ കസിന്‍ സഹോദരിയുമായ ബബിത ഫൊഗാട്ടാണെന്നാണ് സാക്ഷി തന്റെ പുസ്തകത്തില്‍ പറയുന്നത്. ഈ വെളിപ്പെടുത്തല്‍ സമരത്തിന്റെ സത്യത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
ഗുസ്തി ഫെഡറേഷന്റെ നേതൃസ്ഥാനത്തെത്താന്‍ ബബിതയാണ് ഈ സമരം ആസൂത്രണം ചെയ്തതെന്നും സാക്ഷി പുസ്തകത്തില്‍ പറയുന്നു. തങ്ങളെ മുന്‍നിര്‍ത്തി ബബിത രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും പോരാട്ടത്തില്‍ ബബിത പങ്കാളിയാകുമെന്ന് കരുതിയെങ്കിലും അവര്‍ പിന്നീട് പിന്മാറുകയാണുണ്ടായതെന്നും സാക്ഷി ആരോപിക്കുന്നു. ബജ്‌റംഗിനോടും വിനേഷിനോടും അടുത്ത ആളുകള്‍ തങ്ങളുടെ മനസില്‍ 'ദുരാഗ്രഹം' നിറച്ചുവെന്നും അത് സമരത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയെന്നും, ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ വിട്ടുനിന്ന് ഇളവുകള്‍ സ്വീകരിച്ച വിനേഷിന്റേയും ബജ്രംഗിന്റേയും തീരുമാനം സമരത്തിന്റെ നിറംകെടുത്തിയെന്നും സാക്ഷി പുസ്തകത്തില്‍ എഴുതിയിരുന്നു.
എന്നാല്‍ ഈ പരമാര്‍ശനത്തിന് മറുപടിയുമായി വിനേഷും രംഗത്ത് എത്തി. 'എന്തിന് അത്യാഗ്രഹം? നിങ്ങള്‍ അവളോട് (സാക്ഷി മാലിക്) ചോദിക്കണം. സഹോദരിമാര്‍ക്ക് വേണ്ടി സംസാരിക്കുന്നത് അത്യാഗ്രഹമാണെങ്കില്‍, എനിക്ക് ഈ അത്യാഗ്രഹമുണ്ട്, ഇതാണ് നല്ലത്. ഇന്ത്യക്ക് ഒരു ഒളിമ്പിക് മെഡല്‍ നേടി കൊടുക്കുന്നത് അത്യാഗ്രഹമാണെങ്കില്‍ അതെ, എന്റെ അവസാന ശ്വാസം വരെ ഞാന്‍ ''ദുരാഗ്രഹി'യായിരിക്കും. താനും സാക്ഷിയും ബജ്റംഗും ജീവിച്ചിരിക്കുന്നതുവരെ പോരാട്ടം ദുര്‍ബലമാകില്ലെന്നും വിനേഷ് പറഞ്ഞു.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റായിരിക്കെ വനിതാ ഗുസ്തിക്കാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയവരും മറ്റും ആരോപിച്ചിരുന്നു. കേസില്‍ ഡല്‍ഹി കോടതിയില്‍ ഇപ്പോഴും വാദം നടക്കുകയാണ്. ഡബ്ല്യുഎഫ്‌ഐയുടെ സസ്‌പെന്‍ഷനുശേഷം ഗുസ്തിയുടെ ഭരണം ഏറ്റെടുത്ത അഡ്-ഹോക്ക് കമ്മിറ്റി, 2023ലെ ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ നിന്ന് ബജ്റംഗിനെയും വിനേഷിനെയും ഒഴിവാക്കി, എന്നാല്‍ തന്റെ സഹപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പ്രീതി തേടേണ്ടതില്ലെന്ന് സാക്ഷി തീരുമാനിച്ചു.
ഒടുവില്‍, സാക്ഷി മത്സരിച്ചില്ല, അതേസമയം ഗെയിംസിന് മുമ്പ് വിനേഷിന് പരിക്കേറ്റു, ബജ്റംഗിന് ഹാങ്ഷൗവില്‍ മെഡല്‍ നേടാനായില്ല. അടുത്തിടെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് വിനേഷും ബജ്റംഗും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജുലാന മണ്ഡലത്തില്‍ നിന്നാണ് വിനേഷ് തിരഞ്ഞെടുക്കപ്പെട്ടത്.