ടോക്കിയോ: ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് നിരാശ. പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ ഗുൽവീർ സിംഗിനും വനിതകളുടെ ജാവലിൻ ത്രോയിൽ അനു റാണിക്കും ഫൈനൽ യോഗ്യത നേടാനായില്ല. ദേശീയ റെക്കോർഡ് ജേതാവായ ഗുൽവീർ സിംഗ് 5000 മീറ്ററിൽ 13:42.34 എന്ന സമയത്തിൽ ഫിനിഷ് ചെയ്ത് ഒമ്പതാം സ്ഥാനത്തെത്തി.

അവസാന യോഗ്യതാ സ്ഥാനം നിലവിലെ ഒളിമ്പിക്, ലോക ചാംപ്യനായ ജേക്കബ് ഇൻജെബ്രൈറ്റ്സണ് (നോർവേ) ലഭിച്ചതോടെ ഗുൽവീറിന് ഫൈനൽ സ്വപ്നം നഷ്ടമായി. നേരത്തെ 10000 മീറ്ററിലും ഗുൽവീർ 16-ാം സ്ഥാനത്തായിരുന്നു. അമേരിക്കയിൽ സ്കോട്ട് സിമ്മൻസിന്റെ കീഴിൽ മികച്ച പരിശീലനം നേടിയ ഗുൽവീർ 12:59.77 എന്ന വ്യക്തിഗത പ്രകടനത്തോടെ 13 മിനിറ്റിനുള്ളിൽ ഓടിയെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.

'അമേരിക്കയിലെ പരിശീലനം മികച്ചതായിരുന്നു. എന്നാൽ ഇവിടത്തെ കാലാവസ്ഥ കാരണം എന്റെ ശരീരത്തിന് താളം കണ്ടെത്താനായില്ല. അവസാന റൗണ്ടിൽ ഞാൻ കിതച്ചുപോയി. ഇത് എന്റെ ആദ്യത്തെ ലോക ചാമ്പ്യൻഷിപ്പാണ്, ഒരുപാട് കാര്യങ്ങൾ പഠിച്ചു. അടുത്ത തവണ ഇതിലും മികച്ച പ്രകടനം നടത്താനാകും എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും ശ്രദ്ധ കേന്ദ്രീകരിക്കും,' ഗുൽവീർ പറഞ്ഞു.

വനിതകളുടെ ജാവലിൻ ത്രോയിൽ അഞ്ചാം ലോക ചാമ്പ്യൻഷിപ്പിനിറങ്ങിയ അനു റാണിക്ക് 55.18 മീറ്റർ ദൂരമാണ് എറിയാൻ കഴിഞ്ഞത്. ഇത് മൊത്തം 29-ാം സ്ഥാനത്ത് അവരെ ഒതുക്കി. ലോക ചാമ്പ്യൻഷിപ്പിന് മുമ്പ് മികച്ച ഫോമിലായിരുന്ന അനു, ഈ സീസണിൽ 60 മീറ്റർ ദൂരം സ്ഥിരമായി പിന്നിട്ടിരുന്നു.

ഇന്ത്യൻ താരങ്ങൾക്ക് ഈ ലോക ചാമ്പ്യൻഷിപ്പ് വലിയ നിരാശയാണ് സമ്മാനിച്ചത്. സർവേശ് അനൽ കുശാരെ, നീരജ് ചോപ്ര, സച്ചിൻ യാദവ് എന്നിവർക്ക് മാത്രമാണ് യോഗ്യതാ റൗണ്ട് കടക്കാൻ കഴിഞ്ഞത്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര ജാവലിൻ ത്രോ ഫൈനലിൽ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഗുസ്തിയിൽ വനിതാ താരം അന്റിം പംഗൽ വെങ്കലം നേടിയിരുന്നു നാളെ സെർവിൻ സെബാസ്റ്റ്യൻ 20 കി.മീ നടത്തത്തിൽ മത്സരിക്കുന്നുണ്ട്.