തിരുവനന്തപുരം: സ്പ്രിൻക്ലർ കേസ് വാദിക്കാൻ സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷക എൻ.എസ്.നപിനായിക്കു ഫീസ് ആയി 2 ലക്ഷം രൂപ നൽകാൻ അഡ്വക്കറ്റ് ജനറലിന്റെ ശുപാർശ. കോവിഡു കാലത്ത് ഓൺലൈനിലൂടെയായിരുന്നു വാദം. സ്പ്രിൻക്ലറുമായുള്ള കരാറിൽ നിന്ന് പിന്നീട് സർക്കാർ പിന്മാറുകയും ചെയ്തു. കോവിഡ് പ്രതിരോധത്തിന് സ്പ്രിൻക്ലറുമായുള്ള കരാർ അനിവാര്യമെന്നായിരുന്നു സർക്കാരിന്റെ തുടക്കത്തിലെ വാദം. ഇതിന് വേണ്ടിയാണ് സൈബർ വിദഗ്ധയെ അഭിഭാഷകയായി എത്തിച്ചത്.

ഏപ്രിൽ 24 ന് കേസ് ഹൈക്കോടതി പരിഗണിച്ചപ്പോൾ ഓൺലൈനിലൂടെയാണു നപിനായി ഹാജരായത്. സ്പ്രിൻക്ലർ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണനാണു കേസ് നൽകിയത്. ജനങ്ങളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും ഡേറ്റ കൈമാറരുതെന്നുമായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഇതോടെയാണ് കരാറിൽ നിന്നും സർക്കാർ പിന്മാറിയത്. പെരിയാ കേസ് സിബിഐയ്ക്ക് കൈമാറാതിരിക്കാൻ സുപ്രീംകോടതി വരെ സർക്കാർ നിയമ പോരാട്ടം നടത്തി. ഇതിന് വേണ്ടി കോടികളാണ് പൊടിച്ചത്. ഇതിനൊപ്പമാണ് ഈ ഫീസ് നൽകലും ചർച്ചയാകുന്നത്. വെറുതെ രണ്ടു ലക്ഷം രൂപ ഖജനാവിന് നഷ്ടമാകുകയാണ്.

കരാറുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും വിവാദമായതോടെ പുതുക്കിയില്ല. ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ചതുമില്ല. കരാർ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല. കോവിഡ് ബാധിതരുടെ വിവരവിശകലനത്തിനാണ് അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറുമായി സർക്കാർ 2020 ഏപ്രിൽ രണ്ടിന് കരാർ ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ മുൻകൈയെടുത്താണ് കരാറുണ്ടാക്കിയത്. മാർച്ച് 24 മുതൽ പ്രാബല്യമുണ്ടായിരുന്ന കരാർ സെപ്റ്റംബർ 24ന് അവസാനിച്ചു. വിവാദമായതോടെ ആറ് മാസത്തിനുശേഷം സർക്കാർ കരാർ പുതുക്കിയില്ല.

വിമർശനം ഉയർന്നതോടെ സ്പ്രിൻക്ലർ സോഫ്റ്റ്‌വെയർ ഒരുതവണപോലും ഉപയോഗിച്ചില്ല. കരാർ വിവാദമായതിനെതുടർന്ന് ലക്ഷങ്ങൾ ചെലവാക്കി സി ഡിറ്റിന്റെ ആമസോൺ ക്ലൗഡ് അക്കൗണ്ടിലേക്ക് ഡേറ്റ മാറ്റി. സ്പ്രിൻക്ലറിന്റെ ക്ലൗഡ് അക്കൗണ്ടിൽ 1.8 ലക്ഷം പേരുടെ ഡേറ്റ എത്തിയെന്നും സ്പ്രിൻക്ലർ കമ്പനിക്ക് കരാർ നൽകിയതിൽ ഒട്ടേറെ വീഴ്ചകളുണ്ടെന്നും കരാറിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി ചൂണ്ടിക്കാണിച്ചു.

ഈ റിപ്പോർട്ട് പുറത്തുവിടാൻ തയാറാകാത്ത സർക്കാർ റിപ്പോർട്ടിലെ ശിപാർശകളെക്കുറിച്ച് പഠിക്കാൻ മറ്റൊരു സമിതിയെ നിയോഗിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ അഭിഭാഷകയുടെ ഫീസ് നൽകലും ഖജനാവിന് വലിയൊരു ബാധ്യതയാണ്.