ആമസോൺ ഉൾപ്പടെയുള്ള കമ്പനികൾ സമൂഹമാധ്യമ വിലയിരുത്തലുകൾക്ക് ഉൾപ്പടെ ഉപയോഗിക്കുന്നത് സ്പ്രിൻക്ലറിനെ; ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടതും അനുകൂലമായി; സ്പ്രിൻക്ലർ സ്ഥാപകൻ രാജി തോമസ് ഇനി ശതകോടീശ്വരൻ; കമ്പനിയുടെ മൂല്യം 37,850 കോടി രൂപ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടതോടെ സ്പ്രിൻക്ലർ കമ്പനിയുടെ സ്ഥാപകനും മലയാളിയുമായ രാജി തോമസ് ശതകോടീശ്വരനായി.സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ഓഹരിവിലയിൽ 28 ശതമാനത്തിന്റെ വർധനയുണ്ടായി. ആദ്യ പൊതു വിൽപനയിൽ (ഐപിഒ) ഓഹരിയൊന്നിന് 16 ഡോളറായിരുന്നു മൂല്യമെങ്കിൽ ഇന്നലെയത് 20.54 ഡോളറായി.ഇന്നലത്തെ ഓഹരി നിലവാരമനുസരിച്ച് 510 കോടി ഡോളർ (ഏകദേശം 37,850 കോടി രൂപ) ആണ് കമ്പനിയുടെ മൂല്യം. ഇതിൽ 125 കോടി ഡോളറിന്റെയെങ്കിലും (9,200 കോടി രൂപ) ഓഹരി മാവേലിക്കര സ്വദേശിയായ രാജിയുടേതാണ്.
പോണ്ടിച്ചേരി എൻജിനീയറിങ് കോളജിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദമെടുത്ത ശേഷം 1996ൽ ടാറ്റാ കൺസൽറ്റൻസി സർവീസസിൽ ജോലി ചെയ്യുന്നതിനിടെയാണ് രാജി തോമസ് യുഎസിലെത്തുന്നത്. എറ്റി ആൻഡ് ടി, ബെൽ ലാബ്‌സ് എന്നിവയിൽ കൺസൽറ്റന്റായിരുന്നു. പിന്നീട് ബിഗ്ഫൂട് ഇന്ററാക്ടീവ് എന്ന ഇമെയിൽ മാർക്കറ്റിങ് കമ്പനി തുടങ്ങി. ഇത് അലിയൻസ് ഡേറ്റ എന്ന കമ്പനി വാങ്ങിയതോടെ എപ്‌സിലോൺ ഇന്ററാക്ടീവ് എന്നായി പേര്. 2008 വരെ എപ്‌സിലോണിൽ തുടർന്ന ശേഷമാണ് 2009ൽ സ്പ്രിൻക്ലർ ആരംഭിക്കുന്നത്.
സ്വന്തം വീടായിരുന്ന സ്പ്രിൻക്ലറിന്റെ ആദ്യ ഓഫിസ്. ആർ.എസ്. വിമൽ സംവിധാനം ചെയ്ത 'എന്നു നിന്റെ മൊയ്തീൻ' എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളുമാണ് രാജി. വെറും 12 വർഷം കൊണ്ടാണ് സ്പ്രിൻക്ലറിന്റെ ഈ വമ്പൻ നേട്ടം.ആമസോൺ, നൈക്കി, മൈക്രോസോഫ്റ്റ്, സിസ്‌കോ, ഹോണ്ട ഉൾപ്പെടെ വമ്പൻ കമ്പനികൾ സമൂഹമാധ്യമ വിലയിരുത്തൽ, ഉപഭോക്തൃ പരിപാലനം എന്നിങ്ങനെയുള്ള സേവനങ്ങൾക്കായി സ്പ്രിൻക്ലർ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കോവിഡ് വിവര വിശകലനവുമായി ബന്ധപ്പെട്ട് കേരളത്തിൽ സ്പ്രിൻക്ലർ വിവാദങ്ങളിൽ പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ