തിരുവനന്തപുരം: ശ്രീചിത്രയിലെ ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് ആയാലും പ്രത്യേക അവധി നൽകില്ല. ആശുപത്രിയിലെ ഇൻഫക്ഷൻ കൺട്രോൾ കമ്മറ്റി ശുപാർശ നൽകിയാലേ ജീവനക്കാർക്ക് പ്രത്യേക അവധി നൽകൂ. പ്രത്യേക അവധി കിട്ടാത്തതു കൊണ്ടു പലരും ജോസിക്ക് എത്തുകയാണ്. ഇത് ആശുപത്രിയിൽ രോഗവ്യാപനത്തിനും സാധ്യത കൂട്ടുന്നു.

തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണമാണ് സർക്കാർ ഏർപ്പെടുത്തുന്നത്. രോഗ ലക്ഷണമുള്ളവരെ പോലും കോവിഡ് പോസിറ്റീവായി കരുതുന്ന സമ്പ്രദായം. ആശുപത്രി കിടക്കകളും മറ്റും നിറയുന്ന സാഹചര്യത്തിലാണ് ഇത്. രോഗ വ്യാപനം തടയുക അനിവാര്യതയാണ്. ഈ സാഹചര്യത്തിലാണ് ശ്രീചിത്രയിലെ പ്രത്യേക അവധി നിഷേധം ചർച്ചയാകുന്നത്.

ആശുപത്രിയിലെ ഇൻഫക്ഷൻ കൺട്രോൾ കമ്മറ്റി അംഗീകരിച്ചാലേ പ്രത്യേക അവധി കിട്ടൂ. അവർ ആർക്കും ആ അവധി കൊടുക്കുന്നില്ല. നിങ്ങൾക്ക് ആശുപത്രിയിൽ നിന്നല്ല രോഗം വന്നതെന്നും അതുകൊണ്ടു പ്രത്യേക അവധി നൽകില്ലെന്നുമാണ് നിലപാട്. മെഡിക്കൽ അവധി എടുത്തോളാനാണ് നിർദ്ദേശം. അങ്ങനെ ആണെങ്കിൽ എന്തിനാണ് പ്രത്യേക അവധി ഉത്തരവ് എന്ന ചോദ്യമാണ് ഉയരുന്നത്. ശ്രീചിത്രയിൽ ആദ്യ തരംഗത്തിൽ അടക്കം രോഗ വ്യാപനം രൂക്ഷമായിരുന്നു.

ഇത്തവണയും ഇതാണ് സംഭവിക്കുന്നത്. ഇതിനിടെയാണ് നേഴ്‌സുമാർക്കിടയിൽ കോവിഡ് വ്യാപനം ഉണ്ടാകുന്നത്. എന്നാൽ ആശുപത്രിയിൽ നിന്നല്ല രോഗം വരുന്നതെന്ന് മാനേജ്‌മെന്റും പറയുന്നു. ഇത് എങ്ങനെ പറയുമെന്നതാണ് നേഴ്‌സുമാരെ അടക്കം വെട്ടിലാക്കുന്നത്. രോഗീ പരിചരണത്തിന്റെ ഭാഗമായി അസുഖം വരുമ്പോൾ അത് സ്വയം അനുഭവിക്കാനാണ് മാനേജ്‌മെന്റ് പറയുന്നതെന്നതാണ് വസ്തുത. കോവിഡിൽ വലയുന്നത് നേഴ്‌സുമാരുമാണ്.

ആശുപത്രിയിൽ നിന്നാണ് രോഗമെത്തിയതെന്ന് തെളിയിച്ചാൽ മാത്രമേ പ്രത്യേക അവധി കിട്ടൂ. ഡൽഹി എയിംസ് അടക്കമുള്ള ആശുപത്രികളിൽ ഒന്നും ഈ മാനദണ്ഡമില്ല. കോവിഡ് വരുന്നവർക്കെല്ലാം പ്രത്യേക അവധി കിട്ടും. ആശുപത്രിയിൽ നിന്നാണ് രോഗമുണ്ടായതെന്ന് തെളിയിക്കാൻ നേഴ്‌സുമാരടക്കമുള്ളവരിൽ പ്രത്യേക മിഷനിനൊന്നുമില്ലെന്ന വസ്തുത എല്ലാവർക്കും അറിയാം. അതിന് പറ്റുകയുമില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക അവധി മാനേജ്‌മെന്റ് നിഷേധിക്കുന്നത്.

നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ പതിനാറോളം അവകാശങ്ങൾ ഉന്നയിച്ച് ഈയിടെ സമര പ്രഖ്യാപനം നടത്തിയിരുന്നു. നഴ്‌സിങ് ഓഫിസർമാരുടെ ക്ഷാമം പരിഹരിച്ച് രോഗീപരിചരണം മെച്ചപ്പെടുത്തുക, ചട്ടപ്രകാരമുള്ള നഴ്‌സ്-രോഗി അനുപാതം പാലിക്കുക, അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ടിനെതിരെയുള്ള ഏകപക്ഷീയ നടപടി പിൻവലിക്കുക, ചേഞ്ചിങ് റൂം അനുവദിക്കുക, നിയമപ്രകാരമുള്ള ചൈൽഡ് കെയർ ലീവ് അനുവദിക്കുക, ശമ്പളത്തോടെയുള്ള സ്റ്റഡീ ലീവ് അനുവദിക്കുക, ഹയർ ഡിഗ്രി അലവൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നഴ്സുമാർ മുന്നോട്ട് വയ്ക്കുന്നത്.

ഇതേ ആവശ്യങ്ങളുന്നയിച്ച് 2021 നവംബർ 24 നഴ്സുമാർ ധർണ നടത്തിയിരുന്നു. അതിന് ശേഷം നവംബർ 26ന് ഡയറക്ടറും നഴ്സിങ് അസോസിയേഷനും തമ്മിൽ നടന്ന ചർച്ചയിൽ അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ട് ഗ്രെയ്സി എംവിക്കെതിരായ നടപടി പുനപരിശോധിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇത് പാലിക്കപ്പെട്ടില്ലെന്നാണ് ആക്ഷേപം. ഇതിന് പുറമേയാണ് പുതിയ വിഷയവും.