- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാശുള്ളവരും സെലിബ്രിറ്റികളുമായ പെൺകുട്ടികൾ ഇരകൾ ആകുമ്പോൾ മാത്രമേ കേരള പൊലീസിന് അന്വേഷണത്തിൽ സ്പീഡുള്ളോ? കൊച്ചിക്കാരി തന്നെയായ ശ്രീലക്ഷ്മിയുടെ ചോദ്യം ആരുകേൾക്കാൻ; ഫേസ്ബുക്കിൽ നൽകിയ നമ്പരിൽ വരുന്ന തെറിവിളിയും അശ്ലീലവും കേട്ടാൽ ചെവി പൊട്ടും
കൊച്ചി: കൊച്ചിയിലെ മാളിൽ നടിയെ അപമാനിച്ച സംഭവത്തിൽ പൊലീസ് ആക്ഷൻ ഉടനടിയായിരുന്നു. സിസി ടിവി ദൃശ്യങ്ങൾ നോക്കി മണിക്കൂറുകൾക്കകം പ്രതികൾ വലയിലായി. നടി ക്ഷമിച്ചെങ്കിലും പൊലീസ് കേസുമായി മുന്നോട്ടുപോകുന്നു. സെലിബ്രിറ്റികൾ ഇരയാകുന്ന കേസുകളിൽ ഈ സ്പീഡ് ഒക്കെയുണ്ടെങ്കിലും അധികം ആരുമറിയാത്ത സാധാരണക്കാരായ സ്ത്രീകൾ ഇരകളാകുന്ന കേസുകളിൽ പൊലീസ് ഈ ശുഷ്‌ക്കാന്തി കാട്ടുന്നില്ലെന്ന ആരോപണം ശക്തമാവുകയാണ്. എറണാകുളം കുണ്ടന്നൂർ സ്വദേശിനി ശ്രീലക്ഷ്മിയുടെ അനുഭവം സാക്ഷി.
ഫോണിലുടെ അശ്ലീലം പറയുകയും തെറിവിളിക്കുകയും ചെയ്ത സംഭവത്തിൽ പരാതി നൽകി വർഷങ്ങളായിട്ടും നീതി തേടി കാത്തിരിപ്പാണ് ശ്രീലക്ഷ്മി. സ്വന്തമായി അച്ചാറു യുണിറ്റ് നടത്തുന്ന ശ്രീലക്ഷ്മി തന്റെ ഉത്പന്നങ്ങളുടെ പ്രചരണത്തിനായി ഫേസ്‌ബുക്കിലെ പേജിൽ നൽകിയ നമ്പറുകളിലേക്ക് ചിലർ നിരന്തരമായി വിളിച്ച് അശ്ലീലവും അസഭ്യവും പറയുന്നതാണ് പരാതിക്കടിസ്ഥാനം. നമ്പർ സഹിതം പരാതി നൽകിയിട്ടും ഒരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. വർഷങ്ങളായി ഹരിഹാരമില്ലാതെ തുടരുന്ന പ്രശ്നത്തിന് ഇടയ്ക്ക് ഒരു കുറവ് വന്നിരുന്നെങ്കിലും സമീപകാലത്ത് ബോബി ചെമ്മണ്ണൂരിനെകുറിച്ച് ശ്രീലക്ഷ്മി ഒരു ട്രോൾ സമൂഹമാധ്യമത്തിൽ ചെയ്തതോടെ ഈ പ്രശ്നം വീണ്ടും വർധിക്കുകയായിരുന്നു. വീഡിയോ കോളിലൂടെയാണ് ഇപ്പോൾ അസഭ്യ വർഷവും അശ്ലീല സംഭാഷണവും തുടരുന്നത്. താരത്തെ ഷോപ്പിങ്ങ് മാളിൽ വച്ച് അപമാനിച്ച സംഭവത്തിൽ സ്വമേധയ കേസെടുത്ത് അന്വേഷണം വിജയകരമായി പൂർത്തിയാക്കിയ കേരളത്തിലാണ് പ്രമുഖയോ താരമോ അല്ലാത്തതുകൊണ്ട് ഒരു സ്ത്രീ അവഗണന നേരിടേണ്ടിവരുന്നത്. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമത്തിലെ നീതി ഇരയുടെ പണത്തിനും പ്രശസ്തിക്കുമനുസരിച്ചാകുമ്പോഴാണ് നീതിയിലെ ഈ ഇരട്ടത്താപ്പ് മറനീക്കി പുറത്ത് വരുന്നത്.
അച്ചാറുകൾ വഴിമാറ്റിയ ജീവിതം
വർഷങ്ങൾക്ക് മുമ്പെ തുടങ്ങിയ ശ്രീല്ക്ഷ്മിയോടുള്ള അവഗണയുടെ കഥ ഇങ്ങനെയാണ്.ഒരുപക്ഷെ ചിലർക്കെങ്കിലും ശ്രീലക്ഷ്മിയെ അറിയുമായിരിക്കും. സോഷ്യൽ മീഡിയയിലെ ചില ട്രോളുകളിലൂടെ ശ്രീലക്ഷ്മി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്.ശ്രീലക്ഷമിയുടെ അടുത്ത കൂട്ടുകാരിയുടെ വിവാഹം ഉറപ്പിച്ചതോടെ കൂട്ടുകാരിയുടെ നിർദ്ദേശപ്രകാരം പ്രതിശ്രുതവരന് ശ്രീലക്ഷമി സമ്മാനമായി അച്ചാറിട്ടുകൊടുത്തു. ചെമ്മീൻ,ബീഫ്,മീൻ എന്നീ മൂന്നു തരത്തിലുള്ള അച്ചാറുകൾ സമ്മാനമായി നൽകുമ്പോൾ അത് തന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് ശ്രീലക്ഷമി ഒരിക്കലും ചിന്തിച്ചിരുന്നില്ല.അച്ചാറിന്റെ രുചി നന്നായി ഇഷ്ടപ്പെട്ട സൂഹൃത്തിന്റെ വരൻ അച്ചാറിനെപ്പറ്റിയും രൂചിയെപ്പറ്റിയും വിശദമായൊരു ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടു.
സംഭവം വൈറലായതോടെ അച്ചാറിന്റെ കൈപ്പുണ്യത്തെത്തേടി അന്വേഷണങ്ങൾ വന്നുതുടങ്ങി.അങ്ങിനെയാണ് എന്തുകൊണ്ട് ഇതൊരു ഉപജീവനമാർഗ്ഗമായി മാറ്റിക്കൂട എന്ന് ശ്രീലക്ഷമി ചിന്തിക്കുന്നത്. ഇത് ഇവരുടെ ജീവിതം മാറ്റിമാറിച്ചു.ശ്രീലക്ഷ്മിയുടെ കൈപ്പണ്യം ഹിറ്റായി. തുടർന്ന് മൂന്നുവർഷത്തിനുള്ളി ഇ സംരംഭം വൻവിജയമാകുകയും ജീവിതം തന്നെ പുതിയതലത്തിലേക്ക് എത്തുകയും ചെയ്തു. തനിച്ച് അദ്ധ്വാനിച്ച് വീടും കാറും സ്വന്തമാക്കിയ ശ്രീലക്ഷമി തന്നെയാണ് അവരുടെ സ്വന്തം വിവാഹം കൂടി നടത്തിയതെന്ന് അറിയുമ്പോഴാണ് ഇ യുവതിയുടെ നിശ്ചയദാർഢ്യത്തിന് നാം കയ്യടിച്ചുപോവുക.ഇന്ന് കുണ്ടന്നൂരിൽ സ്വന്തമായി ഒരു വീടെടുത്ത് അവിടെ നല്ല രീതിയിൽ ഒരു അച്ചാർ നിർമ്മാണയൂണിറ്റ് ആരംഭിക്കുകയും ചെയ്തു. ഇരുപതിനം അച്ചാറുൾപ്പടെ നാൽപ്പതോളം ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്ന ഇവിടെ അഞ്ചോളം പേർ ജോലി ചെയ്ത് വരുന്നുമുണ്ട്.തന്റെ ഉത്പന്നങ്ങളുടെ പ്രചരണത്തിനായി ഇവർ തെരഞ്ഞെടുത്ത് സോഷ്യൽ മീഡിയ തന്നെയാണ്. ഫേസ്‌ബുക്കിലെ കലവറ എന്ന പേജുവഴിയാണ് ശ്രീലക്ഷ്മി തന്റെ ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യുന്നത്.
ഇവിടെ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. അച്ചാറുകളുടെ വിൽപ്പനയടക്കമുള്ള ആവശ്യങ്ങൾക്കായി ഫേസ്‌ബുക്ക് പേജിൽ നൽകിയ നമ്പറുകളിലേക്ക് ചില നമ്പറുകളിൽ നിന്ന് ഫോൺവിളിയും അശ്ലീല സംഭാഷണവും നിത്യസംഭവമായി.അദ്യം കാര്യമാക്കിയില്ലെങ്കിലും വീഡിയോകോളിലേക്ക് വരെ കാര്യങ്ങൾ എത്തിയപ്പോൾ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.പക്ഷെ തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. പക്ഷെ ഇടക്കെപ്പോഴോ ഇ പ്രശ്‌നത്തിന് അൽപ്പം ശമനം ഉണ്ടായെങ്കിലും പൂർണ്ണമായും ഇ പ്രശ്‌നത്തിൽ നിന്നും ശ്രീലക്ഷ്മി മോചിതയായിരുന്നില്ല.എന്നാൽ സമീപകാലത്ത് ബോബി ചെമ്മണ്ണൂരിനെക്കുറിച്ചുള്ള ഒരു ട്രോൾ ചെയ്തതോടെ ഈ പ്രശ്നം വീണ്ടും സജീവമായി തലപൊക്കിത്തുടങ്ങി. വ്യത്യസ്തങ്ങളായ നമ്പറുകളിൽ നിന്നാണ് ശ്രീലക്ഷ്മിക്ക് കോളുകൾ വരുന്നത്. വീഡിയോ കോളിലൂടെ കേട്ടാൽ അറയ്്ക്കുന്ന തെറിയും അശ്ലീല സംഭാഷണവുമാണ് ഈ ഫോൺകോളിന്റെയൊക്കെത്തന്നെയും ഉള്ളടക്കം.
ഇവയൊക്കെത്തയും റെക്കോർഡ് ചെയ്ത് മുഖ്യമന്ത്രി മുതൽ പൊലീസിലെ ഉന്നതാധികാരികൾക്കും സൈബർ സെല്ലിനും വനിതാ കമ്മീഷനും വരെ ഇവർ പരാതി നൽകി. പക്ഷെ നടപടി മാത്രം ഇല്ല... കാരണം ഇവർ പ്രമുഖയല്ലലോ
ഫോർവേഡ് ചെയ്യുന്ന പരാതികൾ
ശ്രീലക്ഷമി നൽകിയ പരാതികളെക്കുറിച്ച് പിന്നീട് അന്വേഷിക്കുമ്പോൾ ഇവർക്ക് ലഭിച്ച ഒരേ ഒരു മറുപടി പരാതി ഫോർവേഡ് ചെയ്തിട്ടുണ്ട് എന്നുമാത്രം. ആർക്ക്? എവിടേക്ക് എന്നൊന്നും ഇവർക്കിപ്പോഴും അറിയില്ല.മാത്രമല്ല പരിഹാസ രീതിയിലുള്ള പ്രതികരണമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ശ്രീലക്ഷമി പറയുന്നു. ഒരിക്കൽ പൊലീസിൽ നിന്നുണ്ടായ അനുഭവത്തെക്കുറിച്ച് ശ്രീലക്ഷമി പറയുന്നത് ഇങ്ങനെ നൽകിയ പരാതിയുടെ തുടർച്ച അറിയാനായി പൊലീസിൽ ബന്ധപ്പെട്ടു. നിങ്ങളുടെ പരാതി ഫോർവേഡ് ചെയ്തിട്ടുണ്ട് എന്നു പറഞ്ഞു മറ്റൊരു ഫോൺനമ്പർ തന്നു. അവിടേക്ക് വിളിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ തന്നെ പരിഹസിക്കുകയായിരുന്നു. മാത്രമല്ല ചില ദവസങ്ങളിൽ ഒരോരോ ഓഫീസിലേക്ക് വിളിച്ച് ചെല്ലാനും പറയും. ഒരേ കാര്യം എല്ലായിടത്തും പറയുന്നതല്ലാതെ തനിക്ക് അനുകൂലമായ യാതൊന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.. ശ്രീലക്ഷമി പറയുന്നു. സ്ത്രീകൾക്ക് എതിരെ അതിക്രമം ഉണ്ടായാൽ വീട്ടിൽ ചെന്ന് മൊഴിയെടുക്കണമെന്ന് പറഞ്ഞ പിണറായിയുടെ അതേ ഭരണത്തിലാണ് സാധാരണക്കാരിയായതുകൊണ്ട് മാത്രം പൊലീസ് സ്റ്റേഷനുകളിലും ഉന്നതാധികാരികളുടെ ഓഫീസുകളിലും ഇവർക്ക് നീതിക്കായി ഇങ്ങനെ കയറിയറങ്ങേണ്ടി വന്നത്.
ഒടുവിൽ ആശ്രയം കേന്ദ്രം
കേരളത്തിൽ മുട്ടാൻ പറ്റുന്ന വാതിലുകൾ ഒക്കെ മുട്ടിയിട്ടും നടപടിയില്ലെന്നു വ്യക്തമായപ്പോൾ അവസാന ശ്രമം എന്ന നിലയ്ക്കാണ് ഈ യുവതി കേന്ദ്രത്തെ സമീപിച്ചത്. കേന്ദ്രവനിതാ ക്ഷേമ വകുപ്പ് മന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഉൾപ്പടെയാണ് ഇവർ പരാതി നൽകിയത്.തൊട്ടടുത്ത ദിവസം തന്നെ ദേശീയവനിതാ കമ്മീഷൻ പരാതി സ്വീകരിക്കുകയും എസ്‌പി യോട് റിപ്പോർട്ട് തേടുകയും ചെയ്തു. ഒടുവിൽ കേന്ദ്രം ഇടപെട്ടതിന് ശേഷം എസ്‌പി ഓഫീസിന്റെ നിർദ്ദേശാനുസരണം തൃപ്പുണിത്തറ ഹിൽ സ്റ്റേഷനിൽ നിന്ന് ശ്രീലക്ഷ്മിയെ വിളിക്കുകയും മൊഴി ശേഖരിക്കുകയും ചെയ്തു. ഇവിടെ ഒരു വനിതാ ഉദ്യോഗസ്ഥയാണ് തന്റെ മൊഴിശേഖരിച്ചതെന്നും വളരെ മാന്യമായ രീതിയിലാണ് ഇവർ ഇടപെട്ടതെന്നും ശ്രീലക്ഷ്മി പറയുന്നു. പക്ഷെ ഇവിടെയും ഒരു നിരാശ ശ്രീലക്ഷ്മിക്ക് ബാക്കിയാവുകയാണ്. ഇത് ഇന്റർനെറ്റ് കോളാണ് എന്നതാണ് ഇപ്പോൾ കേരളപൊലീസ് പറയുന്ന ന്യായം. ഒരു മുഖ്യമന്ത്രിക്കൊ ബന്ധപ്പെട്ടവർക്കോ ആണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നുതെങ്കിൽ നിമിഷനേരം നേരം കൊണ്ട് പ്രതിയെ വലയിലാക്കാൻ സംവിധാനം ഉള്ളപ്പോഴാണ് സാധാരണക്കാരിയായതികൊണ്ട് മാത്രം സാധാരണക്കാരുടെ സർക്കാരിന്റെ കാലത്ത് നീതിനിഷേധി
ക്കപ്പെടുന്നത്.
ഈ പെൺകുട്ടിയോട് കാട്ടിയ അനീതിക്ക് മറുപടി പറയേണ്ടവർ നിരവധിയാണ്. അകാരണമായി ഇവരുടെ പരാതിയെ അവഗണിച്ചവർ, ഗൗരവമുള്ള പരാതിയായിരുന്നിട്ട് കൂടി ഇവരെ പരിഹസിച്ച് പുഛിച്ച് തള്ളിയവർ അങ്ങിനെ ഫോൺ വിളിച്ച് അധിക്ഷേപിച്ചവരോളം തന്നെ കുറ്റക്കാരാണ് ഈ യുവതിയെ നിരാകരിച്ചവരും.കേന്ദ്രം ഇടപെട്ടതോടെ ഇനിയെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ യുവതി.