- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം - ആർഎസ്എസ് ചർച്ചയിൽ പ്രശ്നങ്ങളുണ്ടായിരുന്നു; പിണറായി വളരെ കൂളായിരുന്നു, പ്രകോപിതനായില്ല; ചർച്ചയിൽ പങ്കെടുക്കേണ്ട ആർഎസ്എസുകാരുടെ പട്ടിക നൽകിയത് മോഹൻ ഭഗവത്; ചർച്ചയ്ക്ക് ശേഷം കണ്ണൂരിൽ ഒരുപാട് നാൾ സമാധാനമുണ്ടായിരുന്നു; വിവാദങ്ങളുടെ പേരിൽ യോഗപദ്ധതി ഉപേക്ഷിക്കില്ല; വിവാദ ചർച്ചയെ കുറിച്ച് പ്രതികരിച്ചു ശ്രീ എം
തിരുവനന്തപുരം: കണ്ണൂരിൽ സമാധാനമുണ്ടാക്കാൻ ആർഎസ്എസും - സിപിഎമ്മും നടത്തിയ രഹസ്യ ചർച്ചയെ കുറിച്ച് തുറന്നു പറച്ചിലുമായി ശ്രീ എം. കണ്ണൂരിൽ സമാധാനം ലക്ഷ്യമിട്ടാണ് താൻ ചർച്ചക്ക് മുൻകൈയെടുത്തതെന്ന് ശ്രീഎം പ്രതികരിച്ചു. സദുദ്ദേശം മാത്രമായിരുന്നു ചർച്ചക്ക് പിന്നിൽ, താൻ ആർഎസ്എസ്-സിപിഐഎം രഹസ്യബാന്ധവത്തിന്റെ ഇടനിലക്കാരനല്ലെന്നും ശ്രീഎം ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് പ്രതികരിച്ചു. ചർച്ചയിൽ പങ്കെടുക്കേണ്ട ആർഎസ്എസുകാരുടെ പട്ടിക നൽകിയത് മോഹൻ ഭഗവത് ആയിരുന്നു. ചർച്ചകൾക്ക് മുൻപ് തനിക്ക് ഈ നേതാക്കളെ അറിയില്ലായിരുന്നെന്നും ശ്രീഎം പറഞ്ഞു.
''രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് ഞാൻ. ചർച്ച നടത്തിയിരുന്നു എന്നത് സത്യമാണ്. അത് സിപിഐഎമ്മും ആർഎസ്എസും തമ്മിൽ ധാരണയുണ്ടാവാൻ വേണ്ടിയല്ല. കണ്ണൂരിൽ ദിവസം ഒന്നോ മൂന്നോ ആൾക്കാർ മരിക്കുന്ന സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുവിഭാഗത്തിന്റെയും ഇടനിലക്കാരനായി ഞാൻ നിന്നു. എനിക്ക് എല്ലാവരുമായി നല്ല ബന്ധമാണുള്ളത്. എനിക്കൊരു പാർട്ടിയിലും മെമ്പർഷിപ്പില്ല. കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ ഇടപ്പെട്ടോട്ടെയെന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭഗവതിനോട് ഞാൻ ചോദിച്ചു. അവിടുന്ന് ഒരു ഗ്രീൻ സിഗ്നൽ കൊടുത്തില്ലെങ്കിൽ അങ്ങനെയൊരു ചർച്ച നടക്കില്ല. ആർഎസ്എസിന്റെ ഭാഗത്ത് നിന്ന് ചർച്ചയിൽ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് ഡൽഹിയിൽ നിന്ന് നൽകി. അതിൽ ഗോപാലൻ കുട്ടിയും മറ്റു ചില മുതിർന്ന നേതാക്കളുമുണ്ടായിരുന്നു. അതിന് മുൻപ് എനിക്ക് അവരെ പരിചയം പോലുണ്ടായിരുന്നില്ല. കണ്ടിട്ടു പോലുമുണ്ടായിരുന്നില്ല.- ശ്രീ എം പറഞ്ഞു.
പിന്നീട് ഞാൻ പിണറായി വിജയന്റെ വീട്ടിൽ പോയി. ആ സമയത്ത് അദ്ദേഹം മുഖ്യമന്ത്രിയല്ല. അദ്ദേഹത്തെയും എനിക്ക് നേരത്തെ അറിയില്ല. ഞാൻ അദ്ദേഹത്തെ പോയി കണ്ടു. കാര്യങ്ങൾ സംസാരിച്ചു. പിന്നെ കോടിയേരി ബാലകൃഷ്ണനെയും കണ്ട് സംസാരിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെയും യോഗത്തിൽ കൊണ്ടുവരണമെന്ന് കോടിയേരി പറഞ്ഞു. തുടർന്ന് ഞാൻ കണ്ണൂര് പോയി, ലൈറ്റ് ഹൗസിന് സമീപത്തെ ഗസ്റ്റ് ഹൗസിൽ വച്ച് ജയരാജനെ കണ്ടു. അദ്ദേഹത്തിന് ചർച്ചയിൽ താൽപര്യമുണ്ട്. കാരണം ഇരുവിഭാഗത്തിലും ആളുകൾ മരിക്കുന്നുണ്ട്. അത് മാറ്റണം. പക്ഷെ അവര് സംസാരിക്കാൻ നമ്മുടെ കൂടെ വരുമോ എന്നാണ് ജയരാജൻ ചോദിച്ചത്. ഞാൻ പറഞ്ഞു, അവർ വരും, അവരുമായി സംസാരിച്ചിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നതെന്ന്. പിന്നെയാണ് ചർച്ച നടന്നത്. വിവരം മാധ്യമങ്ങൾ അറിഞ്ഞാൽ അവർ അത് വിവാദമാക്കും. ചർച്ച തന്നെ തടസപ്പെടുത്തും. അതുകൊണ്ടാണ് ചർച്ച രഹസ്യമാക്കിയത്. ഇത് ഇരുവിഭാഗത്തിന്റെയും താൽപര്യപ്രകാരമായിരുന്നു.- അദ്ദേഹം പറഞ്ഞു.
ചർച്ച തുടങ്ങിയപ്പോൾ ഇടയ്ക്ക് ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഞാൻ പറഞ്ഞു, പഴയ കാര്യങ്ങൾ ഇനി പറയേണ്ടതില്ല. നമുക്ക് മുന്നോട്ട് പോകാനുള്ള വഴി നോക്കാമെന്ന്. ഇതോടെ എല്ലാവരും അത് മനസിലാക്കി. ചർച്ചയിൽ പിണറായി വിജയൻ വളരെ കൂളായിരുന്നു. പ്രകോപിതനാകാതെയായിരുന്നു അദ്ദേഹം അത് കൈകാര്യം ചെയ്തത്. ഗോപാലൻകുട്ടിയും അങ്ങനെ തന്നെയായിരുന്നു, പ്രശ്നങ്ങൾ എങ്ങനെയെങ്കിലും അവസാനിച്ചാൽ മതിയെന്നായിരുന്നു. ചർച്ചയ്ക്ക് ശേഷം കണ്ണൂരിൽ ഒരുപാട് നാൾ സമാധാനമുണ്ടായിരുന്നു. ഇപ്പോഴും പ്രശ്നങ്ങൾ കുറവാണ്. ഇനിയും ആവശ്യമെങ്കിൽ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഞാൻ തയ്യാറാണ്. ആളുകളെ ഒന്നിച്ചുകൊണ്ടുപോകുക എന്നതാണ് എന്റെ ജീവിതം.
എനിക്ക് ഒരു പാർട്ടിയുമായി ഒരു ബന്ധമില്ല. എന്നാൽ എല്ലാ നേതാക്കളും എന്റെ അടുത്ത സുഹൃത്തുക്കളാണ്. ഭൂമിക്ക് വേണ്ടി അപേക്ഷ കൊടുത്തത് കുറെ വർഷങ്ങൾക്ക് മുൻപാണ്. ലഭിച്ചത് ഇപ്പോഴാണെന്ന് മാത്രം. ഈ തെരഞ്ഞെടുപ്പ് സമയത്ത്. അവിടെ നിന്നാണ് പ്രശ്നങ്ങളെല്ലാം തുടങ്ങിയത്. ഭൂമി അനുവദിക്കണമെന്ന് പിണറായി വിജയനോട് വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടില്ല. ഭൂമി അനുവദിച്ചില്ലെങ്കിലും അദ്ദേഹവുമായി സൗഹൃദം തുടരും. ഇപ്പോഴത്തെ വിവാദങ്ങളുടെ പേരിൽ യോഗ പദ്ധതി ഉപേക്ഷിക്കില്ല. സിപിഐഎം പ്രവർത്തകർക്ക് ഞാൻ യോഗ പരിശീലനം നൽകിയിട്ടില്ല. അവര് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തെന്ന് മാത്രം.' ശ്രീ എം പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ