ഫിലഡൽഫിയ: നോർത്ത് അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ പ്രസ്ഥാനമായ ശ്രീനാരായണ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ലോക മാതൃദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

ആഘോഷ പരിപാടിയിൽ പ്രസിഡന്റ് ശ്രീനിവാസൻ ശ്രീധരൻ അധ്യക്ഷത വഹിച്ചു. സംഘടനയിലെ അംഗങ്ങളുടെ മാതൃദിന ആശംസകളിൽ മാതൃതത്വത്തിന്റെ വിലമതിക്കാനാവാത്ത മൂല്യസത്തയും മാതൃസ്‌നേഹത്തിന്റെ ഉദാത്തമായ മാതൃകകളും പങ്കുവയ്ക്കുകയുണ്ടായി. ചടങ്ങിനു സാക്ഷ്യം വഹിച്ച അമ്മമാർക്കെല്ലാം പൂക്കൾ സമ്മാനിച്ചും ഒപ്പം, മുതിർന്ന അമ്മമാർക്കു പ്രത്യേക സ്‌നേഹോപഹാരങ്ങൾ നൽകിയും ആദരിച്ചു. കുട്ടികൾ, മാതൃദിനത്തേയും അതിന്റെ പകരം വയ്ക്കാനാവാത്ത പ്രാധാന്യത്തേകുറിച്ചും പങ്കുവച്ച ചിന്തകൾ സദസ് ഏറെ കൗതുകത്തൊടെയും അതിലേറെ ആഹ്ലാദത്തോടെയുമാണ് ശ്രവിച്ചത്.

എൻഎൻഎ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ശൈശവം, ബാല്യം, കൗമാരം, യൗവനം തുടങ്ങി നാളിതു വരെയുള്ള കാല ചംക്രമണത്തിലെ ഏടുകളുടെ നിശ്ചല ഛായാ ചിത്രങ്ങൾ, ജോയിന്റ് ട്രഷറർ സുജിത് ശ്രീധറിന്റെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചത് തികച്ചും അവിസ്മരണീയമായ അനുഭവമായി.

കുട്ടികളെല്ലാവരും ചേർന്ന് പ്രത്യേക മാതൃദിന ഗാനാർച്ചന അമ്മമാർക്കായി സമർപ്പിച്ചതിനെ തുടർന്നു ചടങ്ങിൽ സഹകരിച്ച ഏവർക്കും ജനറൽ സെക്രട്ടറി ഡോ. ജയ്‌മോൾ ശ്രീധർ നന്ദി പറഞ്ഞു. വിഭവ സമൃദ്ധമായ സദ്യയോടു കൂടി പരിപാടികൾ സമാപിച്ചു.