- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനാരായണ ഗുരു സമാധിദിനം സംസ്ഥാനമെങ്ങും ആചരിച്ചു; ശിവഗിരിയിലും ചെമ്പഴന്തിയിലും പ്രത്യേകം പരിപാടികൾ; കലുഷിതമായ സാമൂഹ്യ അന്തരീക്ഷത്തിൽ ഗുരുവചനങ്ങൾ ചൂണ്ടിക്കാട്ടി നേതാക്കളും; ഗുരുദർശനം വർഗീയ വൈറസിനുള്ള വാക്സീനെന്ന് സപീക്കർ
വർക്കല: സംസ്ഥാനമെങ്ങും ശ്രീനാരായണ ഗുരു സമാധിദിനം ആചരിച്ചു. 94-ാം സമാധി ദിനാചരണം ശിവഗിരിയിലും ഗുരുദേവൻ ജനിച്ച ചെമ്പഴന്തി വയൽവാരം വീട്ടിലും നടന്നു. ഗുരുപൂജയും സമാധി പൂജയും കലശം എഴുന്നള്ളിപ്പുമായിരുന്നു ശിവഗിരിയിൽ പ്രധാന ചടങ്ങുകൾ. ചെമ്പഴന്തിയിൽ സമാധി ദിനാചരണ സമ്മേളനം സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
പുലർച്ചെ പൂജകളോടെ ശിവഗിരിയിൽ ചടങ്ങുകൾ തുടങ്ങി. ഗുരുദേവ കൃതികളുടെ പാരായണം, ജപം, ധ്യാനം ,രണ്ടരയോടെ പർണശാലയിൽ കലശപൂജ എന്നിവ നടന്നു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സമാധി മന്ദിരത്തിലേക്കു കലശം എഴുന്നള്ളിച്ചു. വൈദിക മഠം, ശാരദാമഠം, ബോധാനന്ദസ്വാമി മണ്ഡപം വഴി കലശം സമാധി മന്ദിരത്തിൽ പ്രവേശിച്ചു.
ഗുരുദേവന്റെ സമാധി സമയമായ 3.30 വരെ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ കലശപൂജാഭിഷേകം, പൂജ എന്നിവയും തുടർന്നു പ്രാർത്ഥനയും നടന്നു. സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി വിദ്യാനന്ദ, സ്വാമി ഗോവിന്ദാനന്ദ തുടങ്ങിയവർ പങ്കെടുത്തു. ഗുരുദേവ ജയന്തിയിൽ ആരംഭിച്ച ജപയജ്ഞവും സമാപിച്ചു. സമാധി മന്ദിരത്തിൽ തൊഴാനായി ഏറെ പേരെത്തിയിരുന്നു.
സമൂഹത്തിൽ പടർത്താൻ ചിലർ ശ്രമിക്കുന്ന വർഗീയ വൈറസിനെതിരായ വാക്സിനേഷൻ ആണ് ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ എന്ന് സ്പീക്കർ എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീട്ടിൽ സമാധി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.
വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് മതങ്ങൾ എന്നാണ് ഗുരു പറഞ്ഞത്. എന്നാൽ ഇന്നു മതങ്ങൾ വാദിക്കാനും സംവാദിക്കാനുമുള്ള ഒന്നായിട്ടാണു ചില ശക്തികൾ കാണുന്നത്. ഇതു സാംസ്കാരിക കേരളത്തിന് അപമാനം ആണെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. ടി.എൻ.പ്രതാപൻ എംപി, ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കൗൺസിലർ ചെമ്പഴന്തി ഉദയൻ എന്നിവർ പങ്കെടുത്തു. ഗുരുകുലത്തിൽ രാവിലെ പൂജയും മൂന്നു മുതൽ മഹാസമാധി പൂജയും നടന്നു.
ഗുരു വിഭാവനം ചെയ്ത സമൂഹത്തിന് ഇന്നും വർഗീയവാദം തടസ്സം: മുഖ്യമന്ത്രി
ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സമൂഹത്തിനു പ്രതിബന്ധമായി വർഗീയവാദവും ജാതിവ്യവസ്ഥയുടെ ശേഷിപ്പുകളും ലജ്ജയുണ്ടാക്കും വിധം ഇന്നും ശക്തമായി നിലനിൽക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
'മനുഷ്യനെക്കാൾ വലുതല്ല ഒരു മതവും ജാതിയുമെന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ട അവസരമാണിത്. നമ്മുടെ ഐക്യത്തെ ശിഥിലീകരിക്കാൻ ഒരു സങ്കുചിത താൽപര്യത്തെയും അനുവദിക്കരുത്. മനുഷ്യൻ എന്ന സത്തയെയാണ് എല്ലാറ്റിനും മുകളിലായി ഗുരു ഉയർത്തിപ്പിടിച്ചത്. അദ്ദേഹം വിഭാവനം ചെയ്ത സമൂഹമായി മാറാൻ ഇനിയും ഒരുപാടു മുന്നോട്ടു പോകേണ്ടതുണ്ട്' ശ്രീനാരായണ ഗുരു സമാധി ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ