- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരം ചെയ്ത് ഒരു സ്ഥാപനം പൂട്ടിച്ചപ്പോൾ സിഐടിയു സഖാക്കൾക്ക് ഇപ്പോൾ സമാധാനമായി! മാടായി ശ്രീപോർക്കലി സ്റ്റീൽസ് വീണ്ടും പൂട്ടിച്ചു യൂണിയനുകൾ; സമരം പിൻവലിച്ച സിഐ.ടി.യു പ്രവർത്തകർ വീണ്ടും തിരിച്ചെത്തിയതോടെ കട പൂട്ടി ഉടമ
കണ്ണൂർ: സിഐ.ടി.യുക്കാർ സമരം ചെയ്തു പൂട്ടിച്ച മാടായി ശ്രീ പോർക്കലി സ്റ്റീൽസ് വീണ്ടും തുറന്നപ്പോൾ കൊടിയേന്തി സമരവുമായി എത്തിയ സിഐ.ടി.യു പ്രവർത്തകർ വീണ്ടും പൂട്ടിച്ചു. ഇതോടെ ഉടമ വീണ്ടും ത്രിശങ്കുവിലായി ഒടുവിൽ രണ്ടാം തവണയും കട പൂട്ടി ഉടമയും മടങ്ങി. കഴിഞ്ഞ ഒന്നര മാസമായി നടത്തിവരുന്ന സമരം അവസാനിപ്പിച്ചതായി സിഐടിയു പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ഉടമ വീണ്ടും കട തുറന്നത്.
ഇതോടെ സമരം പിൻവലിച്ചിട്ടില്ലെന്ന് പറഞ്ഞ് സിഐ.ടി.യു യൂനിയൻ തൊഴിലാളികൾ വീണ്ടുമെത്തുകയായിരുന്നു.മാടായി ശ്രീപോർക്കലി സ്റ്റീൽസിനു മുന്നിലാണ് സിഐടിയുവിന്റെ ഒന്നര മാസമായി നടത്തിവരുന്ന സമരം നടന്നു വരുന്നത്. ഇതോടെ കടയുടമയും കടയിലെ തൊഴിലാളികളും വീണ്ടും തൊഴിൽ രഹിതരായി.
കടയ്ക്കു മുൻപിൽസമരം ചെയ്യേണ്ടെന്ന നിലപാട് സ്വീകരിച്ച നേതൃത്വം നിലപാട് മാറ്റിയത് ദുരൂഹമാണെന്ന് കടയുടമ പറയുന്നു. സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവസരം പോലും നിഷേധിക്കുന്ന തൊഴിലാളിസംഘടനകളുടെ നിലപാടിനെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ് കടയുടമ മോഹൻലാൽ. കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തുമാണ് 65 ലക്ഷം രൂപയോളം മുടക്കി സ്ഥാപനം തുടങ്ങിയത്.
കട തുറന്ന് പ്രവർത്തിക്കാത്തതിനാൽ ഇവിടുത്തെ തൊഴിലാളികളുടെ കുടുംബങ്ങളക്കം പട്ടിണിയിലാണ്. കോടതിയിൽനിന്ന് അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിൽ പൊലീസ് സംരക്ഷണയോടെ കട തുറന്നുപ്രവർത്തിപ്പിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നതായി കടയുടമ പറഞ്ഞു. എന്നാൽ വിഷയത്തിൽ ലേബർ ഓഫിസറോ സർക്കാരോ ഇതുവരെ ഇടപെട്ടിട്ടില്ല. കടയുടമ നടത്തിയ ചില തൊഴിലാളി വിരുദ്ധ പരാമർശങ്ങളാണ് സിഐ.ടി.യുവിനെ പ്രകോപിച്ചത്.സിഐ.ടി.യു സംസ്ഥാന നേതാക്കൾ വരെ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.
ഇതിനെ തുടർന്ന് കടയുടെ മുന്നിലെ സമരത്തിൽ നിന്ന് തൊഴിലാളികൾ മാറിയതോടെ കട തുറക്കുകയായിരുന്നു.കട തുറന്നത് അറിഞ്ഞ തൊഴിലാളികൾ വീണ്ടും കടക്ക് മുന്നിൽ സമരവും പുനരാരംഭിച്ചു. മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് തൊഴിലാളികളെ അനാവശ്യ സമരക്കാരെന്ന മുദ്ര കുത്തുവാനാണ് കടയുടമ മോഹൻലാലിന്റെ ശ്രമമെന്നും കടപൂട്ടൽ നാടകം ഇതിന് തെളിവാണെന്നും ചുമട്ടുതൊഴിലാളികൾ ആരോപിച്ചിരുന്നു.
കയറ്റിറക്കുമായി ബന്ധപ്പെട്ട തർക്കമാണ് സമരത്തിന് കാരണമായത്. സ്ഥാപനത്തിൽ എത്തുന്ന സാധനങ്ങൾ ഇറക്കാൻ സിഐ.ടി.യു തൊഴിലാളികളെ അനുവദിക്കാത്തതാണ് സമരത്തിന് കാരണമായത്. ഇതര സംസ്ഥാന തൊഴിലാളികളെ വച്ച് തൊഴിൽ എടുപ്പിച്ച് ചുമട്ടുതൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുന്ന നിലപാടാണ് സ്ഥാപന ഉടമ സ്വീകരിക്കുന്നതെന്നാണ് സിഐ.ടി.യു ആരോപണം. സമരവുമായി ബന്ധപ്പെട്ട് ഒരു ചർച്ചക്കും തയ്യാറല്ലെന്ന നിലപാട് ധിക്കാരപരമാണെന്നും ഇവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ