ദുബായ്: നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച അന്വേഷണം ദുബായ് പൊലീസ് അവസാനിപ്പിച്ചു. ഹോട്ടൽ മുറിയിലെ ബാത്ത്ടബ്ബിൽ വീണതിനെത്തുടർന്ന് ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്ന ഫൊറൻസിക് റിപ്പോർട്ട് ശരിവെച്ചുകൊണ്ട് ദുബായ് പബ്ലിക് പ്രോസിക്യൂഷനും കേസ് അന്വേഷണം അവസാനിപ്പിച്ചു. ഇന്ന് മുംബൈയിൽ താരത്തിന്റെ സംസ്‌കാരം നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ മുംബൈയിൽ പുരോഗമിക്കുകയാണ്. വലിയൊരു ജനത്തിരക്കാണ് ശ്രീദേവിയെ അവസാനമായി കാണാൻ എത്തുന്നത്. അതുകൊണ്ട് തന്നെ സുരക്ഷാ ക്രമീകരണങ്ങളും അതിശക്തമായി.

ബുധനാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ സെലിബ്രേഷൻസ് സ്പോർട്സ് ക്ലബ്ബിൽ പൊതുദർശനത്തിനുവെക്കും. അനുശോചനയോഗവും ഇവിടെ നടക്കും. ഉച്ചയ്ക്ക് രണ്ടിന് വെളുത്ത പൂക്കൾകൊണ്ട് അലങ്കരിച്ച വാഹനത്തിൽ വിലെപാർലെ സേവ സമാജ് ശ്മശാനത്തിലേക്ക് വിലാപയാത്ര പുറപ്പെടും. പവൻഹാൻസിന് സമീപമുള്ള ഹിന്ദുശ്മശാനത്തിൽ വൈകുന്നേരം 3.30-ന് ശവസംസ്‌കാരച്ചടങ്ങുകൾ നടക്കും. മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്ന സ്ഥലത്ത് മാധ്യമങ്ങൾക്ക് നിയന്ത്രണമുണ്ട്. ഇവിടെ ക്യാമറകൾ അനുവദിക്കില്ലെന്ന് കപൂർ കുടുംബം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ശനിയാഴ്ച രാത്രി 11.30-നാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ അവ്യക്തത നിലനിന്നിരുന്നതിനാൽ വിശദമായ ഫോറൻസിക് പരിശോധനകൾക്കുശേഷം, ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് മൃതദേഹം വഹിച്ച പ്രത്യേക വിമാനം ഇന്ത്യയിലേക്ക് തിരിച്ചത്. ശ്രീദേവിയുടേത് മുങ്ങിമരണമാണെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനിടെ സുബ്രഹ്മണ്യം സ്വാമി അടക്കമുള്ളവരുടെ ട്വീറ്റും നിർണ്ണായകമായി. പക്ഷേ ദുബായ് പൊലീസിന്റെ നിലപാട് ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത മാറ്റുന്നുവെന്നാണ് കുടുംബാഗങ്ങൾ പറയുന്നത്.

ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന് ആദ്യഭാര്യയിലുണ്ടായ മകൻ അർജുൻ കപൂർ ഇന്നലെ രാവിലെ ദുബായിലെത്തിയിരുന്നു. ബോണി കപൂർ തങ്ങുന്ന ഹോട്ടലിലേക്കാണ് അർജുൻ പോയത്. ബോണി കപൂറിന്റെ അനന്തരവൻ സൗരഭ് മൽഹോത്രയാണ് ഈ ദിവസങ്ങളിലെല്ലാം നടപടിക്രമങ്ങൾക്കും മറ്റുമുണ്ടായിരുന്നത്. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികളും സൗരഭിനൊപ്പമുണ്ടായിരുന്നു. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഓരോ ഘട്ടത്തിലും ഇന്ത്യൻ എംബസി സഹായിച്ചു. മലയാളി സാമൂഹിക പ്രവർത്തകരായ അഷ്‌റഫ് താമരശേരി, നസീർ വാടാനപ്പള്ളി തുടങ്ങിയവരും സഹായഹസ്തങ്ങളുമായി രംഗത്തുണ്ടായിരുന്നു. ഈ ഇടപെടലുകൾക്കൊടുവിലാണ് മൃതദേഹം വിട്ടു കിട്ടിയത്.

ശ്രീദേവിയുടെ മരണത്തെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ ഉയരുന്നുണ്ട്. 'ആരോഗ്യമുള്ള ആളുകൾ ബാത്ടബ്ബിൽ വീണു മരിക്കാറില്ല' എന്ന തസ്ലിമ നസ്‌റീന്റെ ട്വീറ്റ്, ശ്രീദേവി കൊല്ലപ്പെട്ടതാണെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവന, രാംഗോപാൽ വർമയുടെ ഫേസ്‌ബുക് പോസ്റ്റ് എന്നിവ ചർച്ചകൾക്കു മരുന്നിട്ടു. ശ്രീദേവിയുടെ മൃതശരീരം മുംബൈയിലെത്തിയാൽ റീപോസ്റ്റ്‌മോർട്ടം നടത്തണമെന്നാവശ്യപ്പെട്ടുള്ള ട്വീറ്റുകൾ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവരെ ടാഗ് ചെയ്തായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ബർദുബായ് പൊലീസ് സ്റ്റേഷനിലെ പബ്ലിക് പ്രോസിക്യൂഷനിൽനിന്ന് മൃതദേഹം കൊണ്ടുപോകാനുള്ള അനുമതിപത്രം ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പ്രതിനിധികളും ശ്രീദേവിയുടെ രണ്ട് ബന്ധുക്കളുംചേർന്ന് വാങ്ങിയത്. ഒന്നരയോടെ മൃതദേഹം ഖിസൈസിലെ ദുബായ് പൊലീസിന്റെ ഫൊറൻസിക് ലാബിനോടനുബന്ധിച്ചുള്ള മോർച്ചറിയിൽ നിന്ന് ഏറ്റുവാങ്ങാനായി ബന്ധുവായ സൗരഭ് മൽഹോത്രയും കോൺസുലേറ്റ് ഉദ്യോഗസ്ഥരുമെത്തി. അരമണിക്കൂറിനുമുൻപുതന്നെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് മുഹൈസിനയിലെ എംബാമിങ് സെന്ററിലേക്ക് നീങ്ങി. പത്തുമിനിറ്റിനകം ഇവിടെ നടപടികൾ പൂർത്തിയാക്കിയശേഷം ഉച്ചതിരിഞ്ഞ് 3.15-ന് മൃതദേഹവുമായി ആംബുലൻസ് ദുബായ് വിമാനത്താവളത്തിലേക്ക് കുതിച്ചു.

മൂന്നുദിവസംനീണ്ട സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് യു.എ.ഇ. സമയം വൈകീട്ട് അഞ്ചോടെ (ഇന്ത്യൻ സമയം ആറര) മൃതദേഹവുമായി പ്രത്യേകവിമാനം ദുബായ് വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽനിന്ന് മുംബൈയിലേക്ക് തിരിച്ചു. ബോണി കപൂർ, അദ്ദേഹത്തിന്റെ ആദ്യഭാര്യയിലെ മകനും നടനുമായ അർജുൻ കപൂർ എന്നിവരും മൃതദേഹത്തെ അനുഗമിച്ചു.