മുംബൈ: ഇന്ത്യൻ സിനിമക്ക് ഏറ്റവും അധികം താരങ്ങളെയും പ്രതിഭകളെയും സമ്മാനിച്ച തെന്നിന്ത്യൻ സിനിമാ ലോകത്തു നിന്നു തന്നെയാണ് ശ്രീദേവി ലോകം അറിയുന്ന നടിയായത്. ബാലതാരമായി തുടങ്ങി മലയാള സിനിമയിൽ നായികയായ ശ്രീദേവിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. നർത്തക പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് ശ്രീവേദി രാജ്യം അറിയുന്ന നടിയായത. ബോളിവുഡിലെ ഡ്രീംഗേളായി മാറാൻ അവർക്ക് സാധിച്ചത് വശ്യമായ സൗന്ദര്യവും മികച്ച അഭിനയ പാടവവും തന്നെയായിരുന്നു. തെന്നിന്ത്യയിൽ ഉലകനായകൻ കമൽഹാസനൊപ്പമാണ് അവർ ശോഭിച്ചതെങ്കിൽ ബോളിവുഡിൽ ഇത് മിഥുൻ ചക്രവർത്തിക്കും അനിൽ കപൂറിനും ഒപ്പമായിരുന്നു. ഇന്ത്യ മുഴുവൻ ഹിറ്റായ മിസ്റ്റർ ഇന്ത്യയിലെ നായികാ വേഷത്തിൽ തിളങ്ങിയത് ശ്രീദേവിയായിരുന്നു.

സിനിമാ ലോകവുമായുള്ള ബന്ധം തന്നെയാണ് ശ്രീദേവിയെ ഒരു നടിയാക്കി മാറ്റിയതും. സിനിമയിലെ നർത്തകസംഘത്തിലെ നർത്തകിയായിരുന്നു ആന്ധ്രാ സ്വദേശിനിയായ രാജേശ്വരി. സിനിമയിലെ വേഷങ്ങൾ സ്വപ്‌നം കണ്ട വ്യക്തിത്വമായിരുന്നു അവരുടേത് തമിഴ്‌നാട് ശിവകാശിക്കാരൻ അയ്യപ്പനുമായുള്ള വിവാഹത്തോടെ സിനിമയുടെ തിരക്കുകളിൽനിന്ന് അകന്ന രാജേശ്വരി തന്റെ അഭിനയ മോഹം തിരികെ പിടിച്ചത് തന്റെ മകളിലൂടെ ആയിരുന്നു. ആ അമ്മയുടെ സ്വപ്‌നമാണ് ബോളിവുഡിന് ഒരു ലേഡി സൂപ്പർസ്റ്റാറിനെ സമ്മാനിച്ചത്.

മലയാളത്തിലും തമിഴകത്തിലും ഒരുപോലെ ശോഭിച്ച ശേഷമാണ് അവർ ബോളിവുഡിന്റെ നായികാ സിംഹാസനം അവരെ തേടിയെത്തിയത്. രാജേശ്വരിയുടെയും അഭിഭാഷകനായിരുന്ന അയ്യപ്പന്റെയും മകൾ ശ്രീ അമ്മ യങ്കാർ അയ്യപ്പൻ എന്ന ശ്രീദേവി, തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായാണ് വെള്ളിത്തിരയിൽ ഹരിശ്രീ കുറിച്ചത്. പിന്നീട് ബാലതാരമായി തമിഴിലും മലയാളത്തിലുമായി സിനിമകൾ ചെയ്തു. 1971 ൽ പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടി.

തെന്നിന്ത്യയിലെ താരങ്ങളുടെ ഗുരുവായ കെ.ബാലചന്ദർ തന്നെയാണ് ശ്രീദേവിയെ നായികയുടെ കിരീടമണിയിച്ചത്; ശിഷ്യന്മാരായ കമൽഹാസനും രജനീകാന്തിനുമൊപ്പം 'മുണ്ട്ര് മുടിച്ച്' എന്ന ചിത്രത്തിൽ, 1976 ൽ. അന്ന് പതിമൂന്നു വയസ്സായിരുന്നു ശ്രീദേവിയുടെ പ്രായം. പിന്നീട് കമലിനും രജനിക്കുമൊപ്പം ധാരാളം ചിത്രങ്ങൾ. ദക്ഷിണേന്ത്യയുടെ സ്വപ്നസുന്ദരിയായി ശ്രീദേവി മാറിയത് വളരെപ്പെട്ടെന്നാണ്. പിന്നാലെ വന്ന സിഗപ്പ് റോജാക്കൾ, മൂന്നാം പിറ തുടങ്ങിയ ചിത്രങ്ങൾ അവരുടെ താരപദവി അരക്കിട്ടുറപ്പിച്ചു. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നടയിലും അക്കാലം ശ്രീദേവിയായിരുന്നു യുവാക്കളുടെ സ്വപ്നത്തിലെ രാജകുമാരി.

1975 ൽ ജൂലിയിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് ശ്രീദേവി ബോളിവുഡിന്റെ അകത്തളത്തിലേക്കു ചുവടു വച്ചത്. 78 ൽ സോൾവ സാവൻ എന്ന സിനിമയിലൂടെ നായികയായെങ്കിലും 83 ൽ ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത്വാലയാണ് ഹിന്ദിയിൽ ശ്രീദേവിക്ക് ആരാധകരെ സൃഷ്ടിച്ചത്. പിന്നെ ഹിറ്റുകളുടെ നീളൻ പരമ്പര. ലേഡി സൂപ്പർസ്റ്റാർ എന്ന പദവി വച്ചുനീട്ടിയാണ് ബോളിവുഡ് ശ്രീദേവിയെ താരറാണിയായി വാഴിച്ചത്.

1979ൽ സോൾവ സവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. സഗ്മ, ഹിമ്മത്വാലാ, സോഫാ, നയാ, കദം, ആഗ്, ഷോലാ, ഭഗ്വാൻ, ദാദാ, കർമ്മ, മിസ്റ്റർ ഇന്ത്യ, ചാന്ദ്‌നി, ഹുദാ ഹവാ, വീർ റാഞ്ചാ, ചന്ദ്രമുഖി, ജുദായ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 1979-83 കാലഘട്ടത്തിൽ തമിഴിലെ ലേഡി സൂപ്പർ സ്റ്റാറായിരുന്ന ശ്രീദേവി ഇക്കാലയളവിൽ തെലുങ്കിലും അഭിനയിച്ചു. 1992 രാം ഗോപാൽ വർമ്മ സംവിധാനം നിർവഹിച്ച ചിത്രത്തിലൂടെ മികച്ച തെലുങ്കു നടിക്കുള്ള ഫിലിം ഫെയർ അവാർഡും നേടി.

എൺപതുകളിൽ സൂപ്പർതാരം മിഥുൻ ചക്രവർത്തിയുമായി ശ്രീദേവി പ്രണയത്തിലാണെന്നും രഹസ്യമായി വിവാഹം കഴിച്ചെന്നും വാർത്തകൾ വന്നു, അതു ശരിവയ്ക്കുന്ന തരത്തിൽ മിഥുനും ചില അഭിമുഖങ്ങളിൽ സംസാരിച്ചു. പക്ഷേ പിന്നീട് അവർ അകന്നു. ഒരുപാടു സിനിമകളിൽ തന്റെ ഹിറ്റ് ജോഡിയായിരുന്ന അനിൽ കപൂറിന്റെ സഹോദരനും ചലച്ചിത്രനിർമ്മാതാവുമായ ബോണികപൂറിനെ 1996 ലാണ് ശ്രീദേവി വിവാഹം കഴിച്ചത്. 1997ൽ, അനിൽകപൂറിന്റെ നായികയായി അഭിനയിച്ച ജുദായിയോടെ അവർ സിനിമ വിടുകയും ചെയ്തു. പിന്നീട്, 2012 ൽ ഇംഗ്ലീഷ് വിങ്ലീഷ് എന്ന സിനിമയിലൂടെ സ്വപ്നതുല്യമായ തിരിച്ചുവരവാണ് ശ്രീദേവി നടത്തിയത്. 2018 ൽ റീലീസിനൊരുങ്ങുന്ന സീറോ എന്ന സിനിമ അവസാനത്തേതായി.

ഹിന്ദിയിൽ തിരക്കേറിയ താരമായപ്പോഴും അഭിനയത്തിൽ മികച്ച അവസരങ്ങൾ നൽകിയ മലയാള സിനിമയെ അവർ മനസോട് ചേർത്തുവെച്ചിരു്‌നു. അടുത്തിടെ മലയാള സിനിമാലോകംകുറിച്ച് അവർ പറഞ്ഞത്് ഇങ്ങനെ: മലയാളം സിനിമ എനിക്ക് ഏറെ ഇഷ്ടമാണ്. സ്വാഭാവികമായ അഭിനയവും ജീവിതത്തോടു ചേർന്നുനിൽക്കുന്ന കഥകളും ഇത്രയേറെ മറ്റേതെങ്കിലും ഭാഷയിലുണ്ടെന്നു തോന്നുന്നില്ല. ഹാസ്യകഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോൾ മലയാളി അഭിനേതാക്കളുടെ ടൈമിങ് എനിക്ക് ഇന്നും അദ്ഭുതമാണ്.'

മകൾ ജാഹ്നവിയുടെ സിനിമാപ്രവേശമായിരുന്നു ശ്രീദേവിയുടെ വലിയ സ്വപ്നം. കരൺ ജോഹർ നിർമ്മിക്കുന്ന ധടക് എന്ന സിനിമയിലൂടെ ജാഹ്നവി അരങ്ങേറ്റം കുറിക്കുന്നതു കാണാതെയാണ് താരങ്ങളുടെ രാജ്ഞി ജീവിതത്തിന്റെ തിരശ്ശീലയൊഴിയുന്നത്.