കൊല്ലം: വനിതാ പ്രിൻസിപ്പലിന്റെ ആത്മഹത്യക്ക് പിന്നിൽ രക്ഷാകർത്താക്കളുടെ ഭീഷണിയെന്ന് ആരോപണം. സംഭവത്തിൽ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് അദ്ധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു രംഗത്തെത്തി.

അഷ്ടമുടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ്. ശ്രീദേവിയെ (55) കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് രണ്ട് ദിവസം മുമ്പ് ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച മൂന്ന് വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ കൈയോടെ പിടികൂടിയിരുന്നു. തുടർന്ന് ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പ്രിൻസിപ്പൽ താക്കീത് ചെയ്തു. എന്നാൽ ഒരുകുട്ടിയുടെ രക്ഷിതാവ് പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. വിദ്യാർത്ഥിനിയുടെ ബന്ധുവായ പൊലീസുകാരൻ ഫോണിലൂടെ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

പ്ലസ് വൺ സയൻസ് ബാച്ചിലെ ചില ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ക്ലാസിലിരുന്ന് മദ്യപിച്ചത് പ്രിൻസിപ്പൽ ചോദ്യം ചെയ്തിരുന്നു. മദ്യപിച്ചത് ചോദ്യം ചെയ്ത പ്രിൻസിപ്പലിനെതിരെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. വിദ്യാർത്ഥികളെ പ്രിൻസിപ്പൽ മാനസികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. ഈ പരാതിയിൽ ടീച്ചറെ പൊലീസ് സ്റ്റേഷനിൽ ഒരു ദിവസം കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തു. ഈ സംഭവങ്ങളുണ്ടാക്കിയ മാനസികമായ വിഷമത്തെ തുടർന്നാണ് ശ്രീദേവി ടീച്ചർ ആത്മഹത്യ ചെയ്തതെന്നാണ് സഹപ്രവർത്തകരുടെ ആരോപണം. ഇത് ശരിവയ്ക്കുന്ന രീതിയിൽ സ്‌കൂളിലെ വിദ്യാർത്ഥികളിലൊരാളും ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ കുറിപ്പിലും മദ്യപിച്ചത് ചോദ്യം ചെയ്ത സംഭവം തന്നെയാണ് പറഞ്ഞിരുന്നത്.

സ്‌കൂളിലെ ചില കുട്ടികളിൽ നിന്നുണ്ടായ അസ്വാഭാവിക പെരുമാറ്റത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ രക്ഷിതാക്കളിൽ നിന്ന് ടീച്ചർ മാനസിക സമ്മർദ്ദം അനുഭവിക്കേണ്ട സാഹചര്യം ഉണ്ടായി എന്നാണ് അന്വേഷണത്തിൽ നിന്ന് മനസ്സിലാക്കുന്നത്. സർക്കാരിന്റെ അന്വേഷണത്തിലൂടെ മാത്രമേ സത്യസ്ഥിതി പുറത്തുവരികയുള്ളു. കുട്ടികൾ മദ്യപിച്ച് ക്ലാസിൽ വരികയും അതിനെ ടീച്ചർ താക്കീത് ചെയ്തതായും പറയപ്പെടുന്നു. ഇതിന്റെ പേരിലാണ് അവർക്ക് മാനസികപീഡനം അനുഭവിക്കേണ്ടി വന്നതെന്നാണ് അറിയുന്നത്. എന്നാൽ ഇതിന്റെ പേരിൽ കുടുംബാംഗങ്ങൾ പരാതിയൊന്നും നൽകിയിട്ടില്ല. എറണാകുളം ജില്ലയിലെ പ്രശസ്തമായ കലാലയത്തിലെ പ്രഥമാധ്യാപികയായിരുന്ന ശ്രീദേവി ടീച്ചർ അഷ്ടമുടി സ്‌കൂളിലെത്തിയിട്ട് ആറുമാസമേ ആയിട്ടുള്ളു. സന്തോഷകരമായ കുടുംബജീവിതം നയിച്ചുവന്നിരുന്ന അവർക്ക് ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.

കുട്ടികളെ നേർവഴിക്ക് നടത്താൻ ശ്രമിച്ച അദ്ധ്യാപികയ്ക്ക് ഇങ്ങനെയൊരു ശിക്ഷ നൽകരുതെന്നായിരുന്നു കുറിപ്പ്. സംഭവം വിവാദമായതോടെ വിദ്യാർത്ഥിനി പോസ്റ്റ് പിൻവലിച്ചു. മരണവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടില്ല. കുണ്ടറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവം നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന പശ്ചാത്തലത്തിൽ സ്‌കൂളിൽ പോയി പരിശോധന നടത്തിയെന്നും പ്രചാരണങ്ങളിൽ വസ്തുത ഉണ്ടെന്ന് തോന്നുന്നില്ലെന്നുമാണ് കുണ്ടറ എസ്.ഐ പറയുന്നത്.