മുംബൈ: ദുബായിലെ ഹോട്ടലിൽവച്ച് നടി ശ്രീദേവിയുടെ മരണം സംഭവിച്ചത് സ്വാഭാവികമല്ലെന്നും കൊലപാതകം ആകാൻ സാധ്യതയുണ്ടെന്നും വാർത്തകൾ വരുന്നതിനിടെ അതുമായി ബന്ധപ്പെട്ട് മുംബൈ സിനിമാ ലോകത്തും ആരാധകർക്കിടയിലും പ്രചരിക്കുന്നത് നിരവധി അഭ്യൂഹങ്ങൾ. നടിയുടേത് സ്വാഭാവികമായി ഉണ്ടായ ഹൃദയാഘാതമെന്നാണ് മരണവിവരം ആദ്യം പുറത്തുവന്നപ്പോൾ ബന്ധുക്കൾ തന്നെ അറിയിച്ച വിവരം.

എന്നാൽ ബാത്ത്‌റൂമിൽ കുഴഞ്ഞുവീണുവെന്ന വിവരമാണ് പിന്നാലെ റിപ്പോർ്ട്ട് ചെയ്യപ്പെട്ടത്. പോസ്റ്റുമോർ്ട്ടം റിപ്പോർട്ട് വന്നപ്പോഴാകട്ടെ ബാത്ത് ടബ്ബിൽ മുങ്ങിയാണ് മരണം സംഭവിച്ചതെന്ന കാര്യം പുറത്തുവന്നു. അതിന് ശേഷം തലയ്ക്ക് ആഴത്തിൽ മുറിവേറ്റുവെന്ന വിവരവും. നടി മദ്യപിച്ച് കുഴഞ്ഞുവീണു എന്ന നിലയിലും പ്രചരണം നടന്നു. ഇതെല്ലാം അവർ കൊലചെയ്യപ്പെട്ടു എന്ന വിവരം മറയ്ക്കാനാണന്ന അഭ്യൂഹമാണ് ഇതോടെ പലരും പങ്കുവയ്ക്കുന്നത്.

ശ്രീദേവിയെ അടുത്തറിയുന്നവരും അവർ മദ്യപിക്കാറില്ലെന്ന കാര്യം പറഞ്ഞതോടെ അതും ചർച്ചയായി. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതുപോലെ നടി ശ്രീദേവി മദ്യപാനിയായിരുന്നില്ലെന്ന് സമാജ്വ് വാദി പാർട്ടിനേതാവായിരുന്ന അമർസിങ് പറഞ്ഞതോടെ ഇക്കാര്യം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാണ്. എന്നെപ്പോലെയുള്ള ജനസമ്മതരായ പ്രശസ്തർ വല്ലപ്പോഴും ഒരു ഗ്ലാസ് വൈൻ വൈൻ കഴിക്കാറുണ്ട്. അവരും അതുപോലെയെ കഴിച്ചിട്ടുള്ളൂ. അല്ലാതെ അവരെ മദ്യപാനിയാക്കരുത് - ഇതായിരുന്നു അമർസിങ്ങിന്റെ പ്രതികരണം. അബുദാബി ഷെയ്ഖ് അൽനാഹിയാനോട് സംസാരിച്ചിട്ടുണ്ടെന്നും ഇന്ന് അർധരാത്രിയോടെ ശ്രീദേവിയുടെ മൃതദേഹം മുംബൈയിൽ എത്തിക്കുമെന്നും അമർസിങ് വ്യക്തമാക്കുകയും ചെയ്തു.

നടി ശ്രീദേവിയുടെ മുങ്ങിമരണമെന്ന് വെളിപ്പെടുത്തിയാണ് ദുബായ് പൊലീസിന്റെ മരണസർട്ടിഫിക്കറ്റ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഇവർക്ക് തലയ്ക്ക് പരിക്കേറ്റുവെന്ന കാര്യവും ചർച്ചയാകുന്നത്. ദുബായിലെ ജുമൈറ ടവേഴ്സ് ഹോട്ടൽ മുറിയിലെ ബാത്ടബിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശ്രീദേവി മദ്യപിച്ചിരുന്നതായും പരിശോധനയിൽ തെളിഞ്ഞതോടെ ഇതെല്ലാം അവരുടെ മരണത്തിൽ ദുരൂഹത വർധിപ്പിക്കുകയാണ്.

ഭർത്താവ് ബോണി കപൂർ മാത്രമാണ് അവസാനമണിക്കൂറിൽ ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നതെന്നതും ചർച്ചയാകുന്നുണ്ട്. വിവാഹ സൽക്കാരത്തിനായി സകുടുംബം ദുബായിൽ എത്തിയതായിരുന്നു ശ്രീദേവി. എന്നാൽ പിന്നീട് ബോണി കപൂർ മുംബൈക്ക് തിരിച്ചുവന്നു. അതിന് ശേഷം ശ്രീദേവി മരിച്ച ദിവസമാണ് ബോണി തിരികെ ദുബായിൽ എത്തുന്നത്. ഭാര്യയ്ക്ക് ഒരു സർപ്രൈസ് സൽക്കാരം നൽകാനാണ് ബോണി എത്തിയതെന്ന റിപ്പോർ്ട്ടുകളാണ് വന്നത്.

ഇതിന് പോകുന്നതിന് മുമ്പ് കുളിക്കാൻ കയറിയ ശ്രീദേവി കുറേ നേരമായിട്ടും പ്രതികരിക്കാതായതോടെ നോക്കിയപ്പോഴാണ് ബാത്ത് ടബ്ബിൽ വീണുകിടന്നതെന്നാണ് ബോണി മൊഴി നൽകിയിട്ടുള്ളത്. എന്നാൽ ഈ സമയത്ത് അവർക്ക് ആപത്ത് സംഭവിച്ചിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. അന്വേഷകർക്കും ബോണിയുടെ മൊഴിയിൽ തൃപ്തിയില്ല. അതിനാൽ തന്നെ ഇക്കാര്യം അന്വേഷിക്കുകയാണ് ദുബായ് പൊലീസ്.

ആരോഗ്യ വകുപ്പ് പുറത്തുവിട്ട മരണ സർട്ടിഫിക്കറ്റിൽ അപകടമരണമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രി കുളിമുറിയിൽ കുഴഞ്ഞു വീണ ശ്രീദേവിയെ റാഷിദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും, അതിനുമുൻപേ മരണം സംഭവിച്ചിരുന്നു. തലയിൽ ആഴത്തിൽ മുറിവ് കണ്ട സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും കൂടുതൽ പരിശോധനകളും ചോദ്യംചെയ്യലും നടക്കുന്നത്. വ്യക്തത വരുത്താൻ വീണ്ടും പോസ്റ്റുമോർട്ടം നടത്തുമെന്ന വിവരമാണ് പുതുതായി ലഭിക്കുന്നത്.

മരണം സ്വാഭാവികമല്ലെന്നും കൊലപാതകമാകാമെന്നുള്ള നിലയിലേക്ക് കാര്യങ്ങൾ എത്തുമ്പോൾ അതിൽ അധോലോകത്തിന്റെ പങ്കും ചർച്ചയാകുന്നുണ്ട്. അധോലോക നായകൻ ദാവൂദിന്റെ മുൻകാല തട്ടകമാണ് ദുബായ് എന്നതിനാലാണ് ഇത്തരമൊരു ചർച്ചയും സജീവമായത്.

ഇന്ത്യൻ സിനിമയെ ഇപ്പോഴും നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമാണ്. സിനിമാ ലോകത്തെ പല കൊലപാതകങ്ങളിലും നീക്കങ്ങളിലും പാക്കിസ്ഥാനിലിരുന്ന് കരുക്കൾ നീക്കുന്നത് ഈ അധോലോക രാജാവാണ്. ദുബായിലെ ഹോട്ടലിൽ ശ്രീദേവിക്ക് മരണം സംഭവിച്ചതിലും ഇത്തരത്തിൽ അധോലോക ബന്ധമുണ്ടോ എന്ന ആശങ്കയും ഉയരുന്നത് ആ സാഹചര്യത്തിലാണ്. സോഷ്യൽ മീഡിയയിലും നിരവധി പേർ ഇത്തരത്തിൽ പ്രതികരിക്കുന്നു. ദാവൂദിന്റെ ഡി കമ്പനിയും ഗുൽഷനും ദുബായിൽ സജീവമാണ്. ഇവരുടെ ഇടപെടലുകൾ ശ്രീദേവിയുടെ മരണത്തിൽ ഉണ്ടോ എന്നും ദുബായ് പൊലീസ് പരിശോധിക്കുന്നതായാണ് വിവരം.