ശ്രീധർ ധനപാലന്റെ വിളിപ്പേര് തമിഴ്‌നാടിന്റെ ദാവൂദ് ഇബ്രാഹിം എന്നാണ്. ദാവൂദ് ദേശദ്രോഹി കൂടെയാണെങ്കിലും, കള്ളക്കടത്തിലും റിയൽ എസ്റ്റേറ്റിലും മാത്രമാണ് ശ്രീധറിന് അധോലോക നായകനുമായുള്ള സാമ്യം. 'ഡോൺ ശ്രീധർ' എന്നറിയപ്പെടാൻ ആഗ്രഹിക്കുന്ന ശ്രീധറിന് പക്ഷേ, അധോലോക ജീവിതം മടുത്തു. തനിക്ക് മാന്യമായ വിചാരണ ഉറപ്പുനൽകുകയാണെങ്കിൽ നാട്ടിൽ തിരിച്ചെത്തി മര്യാദക്കാരനായി ജീവിക്കാമെന്ന് ശ്രീധർ ഉറപ്പുനൽകുന്നു.

ദുബായിയാണ് ശ്രീധറിന്റെ ആസ്ഥാനം. എന്നാൽ, ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായി റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന ഈ മാഫിയാ തലവന് 500 കോടിയിലേറെ സ്വത്തുണ്ട്. ഏഴ് കൊലക്കേസ്സുകൾ ഉൾപ്പെടെ 43 കേസ്സുകളും ശ്രീധറിന്റെ പേരിലുണ്ട്. വർഷങ്ങളായി വിചാരണകാത്ത് കഴിയുന്ന കേസ്സുകളാണിവ.

ഒളിവ് ജീവിതം മടുത്തുവെന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നുമാണ് ഇപ്പോൾ ശ്രീധറിന്റെ വെളിപ്പെടുത്തൽ. തന്റെ കേസ്സുകളിൽ നിയമപ്രകാരമുള്ള വിചാരണ നടക്കുമെന്ന് തമിഴ്‌നാട് ഡിജിപി ഉറപ്പുനൽകണമെന്നുമാത്രമാണ് ശ്രീധർ ആവശ്യപ്പെടുന്നത്. 2017 വരെ ബിസിനസ് വിസയുള്ള ശ്രീധർ, വിസ കാലാവധിക്കുശേഷം സ്വയം തമിഴ്‌നാട്ടിലേക്ക് വന്നാൽ പൊലീസ് തന്നെ വധിക്കുമെന്നും ഭയപ്പെടുന്നു.

കാഞ്ചീപുരത്ത് ചാരായക്കച്ചവടക്കാരനായിരുന്നു ശ്രീധർ ഒരുകാലത്ത്. റിയൽ എസ്റ്റേറ്റ് രംഗത്ത് ക്വട്ടേഷൻ സംഘങ്ങളെ വളർത്തി വളർന്ന ശ്രീധർ തമിഴ്‌നാടിന്റെ ദാവൂദെന്ന നിലയിക്ക് വളർന്നു. ഇപ്പോൾ, 43-ാം വയസ്സിൽ നാട്ടിലേക്ക് മടങ്ങി സാധാരണ ജീവിതം നയിക്കണമെന്നാണ് ശ്രീധറിന്റെ ആവശ്യം.

ഡിജിപിയോ നല്ലൊരു ഐപിഎസ് ഓഫീസറോ ആവശ്യപ്പെട്ടാൽ നാളെത്തന്നെ തമിഴ്‌നാട്ടിലെത്താൻ തയ്യാറാണ്. എന്നാൽ, തമിഴ്‌നാട് പൊലീസിന്റെ വെടിയേറ്റ് മരിക്കാൻ തനിക്ക് ആഗ്രഹമില്ലെന്ന് ശ്രീധർ പറയുന്നു. അത്തരമൊരു സാഹചര്യമുണ്ടായാൽ സയനൈഡ് കഴിച്ച് ജീവനൊടുക്കുമെന്നും ശ്രീധർ വെളിപ്പെടുത്തി.

തമിഴ്‌നാട് പൊലീസ് തേടിക്കൊണ്ടിരിക്കുന്ന കുറ്റവാളികളിൽ ഏറ്റവും പ്രമുഖനാണ് ശ്രീധർ. അതുകൊണ്ടുതന്നെ ഈ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിൽ എന്തെങ്കിലും നടപടി കൈക്കൊള്ളാൻ പൊലീസിന് ഏറെ ആലോചിക്കേണ്ടിവരും. സർക്കാരിന്റെ ഇടപെടലും ഇക്കാര്യത്തിൽ ആവശ്യമായി വരും.

2013 മാർച്ചിലാണ് ശ്രീധർ നാടുവിട്ടത്. ഒരു കേസ്സിൽ ആറുമാസത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കാലയളവിലായിരുന്നു അത്. 2015-ൽ ശ്രീധറിന്റെ പാസ്‌പോർട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു. ഇയാൾക്കെതിരെ ഇന്റർപോൾ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഗുണ്ട നിയമപ്രകാരം തന്റെ സഹോദരനുൾപ്പെടെ ഏഴുപേരെ തമിഴ്‌നാട് പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തപ്പോൾ, ശ്രീധർ ഒരു പൊലീസ് ഇൻസ്‌പെക്ടറെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇയാൾ വീണ്ടും പൊലീസിന്റെ നിരീക്ഷണത്തിലായത്.